Breaking News

Trending right now:
Description
 
Jul 05, 2018

പൊലീസ്‌ ചോദ്യംചെയ്‌തു വിട്ടയച്ച യുവാവും ഭാര്യയും ആത്മഹത്യചെയ്‌തു

image ചങ്ങനാശേരി നഗരസഭ കൗണ്‍സിലറായ സിപിഎം നേതാവിന്റെ സ്വര്‍ണ്ണപ്പണിശാലയില്‍നിന്നു സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന പരാതിയില്‍ പൊലീസ്‌ 12 മണിക്കൂറോളം ചോദ്യം ചെയ്‌തു വിട്ടയച്ച സ്വര്‍ണ്ണപ്പണിക്കാരനായ യുവാവും ഭാര്യയും ആത്മഹത്യചെയ്‌തു. ചങ്ങനാശേരി പുഴവാത്‌ ഇടവളഞ്ഞിയില്‍ സുനില്‍കുമാര്‍ (36), ഭാര്യ രേഷ്‌മ (21) എന്നിവരെയാണ്‌ വാടകവീട്ടില്‍ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തിയത്‌. ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയായിരുന്നു ഇരുവരുടെയും മരണം. ബുധനാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടരയോടെയായിരുന്നു സംഭവം. നഗരസഭ കൗണ്‍സിലറും സ്വര്‍ണപ്പണിശാല നടത്തിപ്പുകാരനുമായ അഡ്വ.സജി കുമാറാണ്‌ 600 ഗ്ര്‌ാം സ്വര്‍ണം കാണാനില്ലെന്നുപറഞ്ഞ്‌ പൊലീസില്‍ പരാതി നല്‍കിയത്‌. പരാതിയില്‍ കേസെടുക്കാതെ സുനില്‍കുമാറിനെ ചോദ്യം ചെയ്യാന്‍ സ്‌റ്റേഷനിലേക്ക്‌ പൊലീസ്‌ വിളിച്ചുവരുത്തുകയായിരുന്നു. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ വിലയായി എട്ടുലക്ഷംരൂപ ബുധനാഴ്‌ച വൈകിട്ട്‌ തിരിച്ചു നല്‍കാമെന്ന്‌ ക്രൂരമായ മര്‍ദനമേറ്റ സുനില്‍കുമാര്‍ സമ്മതിക്കുകയായിരുന്നുവെന്ന്‌ ഭാര്യ രേഷ്‌മയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ചൊവ്വാഴ്‌ച രാവിലെ ഒമ്പതുമണിയോടെയ ഭാര്യയ്‌ക്കൊപ്പമാണ്‌ സുനില്‍കുമാര്‍ പൊലീസ്‌ സ്റ്റേഷനില്‍ എത്തിയത്‌. സജികുമാറിന്റെ സാന്നിധ്യത്തില്‍ രാത്രി ഒമ്പതുവരെ ചോദ്യം ചെയ്‌തശേഷമാണ്‌ വിട്ടയച്ചത്‌. പൊലീസ്‌ ഇടിച്ചു കൊല്ലാറാക്കിയെന്നും ആത്മഹത്യമാത്രമാണ്‌ ഇനി വഴിയെന്നും സഹോദരനെ ഫോണില്‍വിളിച്ച്‌ പറഞ്ഞശേഷമായിരുന്നു സജികുമാറും രേഷ്‌മയും ആത്മഹത്യ ചെയ്‌തത്‌. മരണത്തിന്‌ ഉത്തരവാദി സജികുമാറാണെന്നും പൊലീസ്‌ മര്‍ദിച്ചുവെന്നും രേഷ്‌മയെഴുതിയ ആത്മഹത്യാ കുറിപ്പിലുണ്ട്‌. സംഭവം വിവാദമായതോടെ ചങ്ങനാശേരി എസ്‌ഐ ഷെമീര്‍ ഖാനെ സൈബര്‍സെല്ലിലേക്ക്‌ മാറ്റി. കോട്ടയം ഡിസിആര്‍ബി ഡിവൈഎസ്‌പി പ്രകാശന്‍ പടന്നയിലിനാണ്‌ അന്വേഷണ ചുമതല.