Breaking News

Trending right now:
Description
 
Feb 09, 2013

വെല്ലൂരിലെത്തിയ ക്രിസോസ്‌റ്റം തിരുമേനി ജഗതിയെ പഠിപ്പിച്ചത്‌ നവരസങ്ങള്‍!!!

image അപകടത്തിനു ശേഷം വെല്ലൂര്‍ ഹോസ്‌പിറ്റലില്‍ ചികിത്സയില്‍ ആയിരുന്ന ജഗതിയെ കാണുവാന്‍ ക്രിസോസ്‌റ്റം തിരുമേനി എത്തിയത്‌ ജഗതിയുടെ സിനിമ കണ്ട്‌ ആരാധന കൊണ്ടല്ല, സൗഹൃദം കൊണ്ടു മാത്രമാണ്‌. സിനിമ കാണാറില്ലെങ്കിലും സിനിമക്കാരുടെ സുഹൃത്തായിരുന്നു തിരുമേനി.

ഒരിക്കല്‍ ഒരു പ്രമുഖ ചാനല്‍ ക്രിസോസ്‌റ്റം തിരുമേനിയും ജഗതിയുമായുള്ള ഒരഭിമുഖം നടത്തുവാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക വിഷയങ്ങള്‍ മൂലം ആ അഭിമുഖം നടത്തില്ല. എന്നാല്‍ ജഗതി അഭിമുഖത്തിനു നിശ്ചയിച്ച ദിവസം തന്നെ തിരുമേനിയെ കാണാന്‍ എത്തി. അവിടെനിന്നാണ്‌ തിരുമേനിയും ജഗതിയുമായുള്ള സൗഹൃദം ആരംഭിക്കുന്നത്‌. അന്ന്‌ ജഗതി തിരുമേനിയ്‌ക്കു വേണ്ടി നവരസങ്ങള്‍ കാണിച്ചു കൊടുത്തിരുന്നു.

വെല്ലൂരില്‍ ചെക്കപ്പിന്‌ എത്തുമ്പോഴൊക്കെ ക്രിസോസ്‌റ്റം തിരുമേനി ജഗതി ശ്രീകുമാറിനെ കാണുവാന്‍ എത്തുമായിരുന്നു. നാലഞ്ച്‌ തവണയെങ്കിലും ജഗതിയെ കാണാന്‍ തിരുമേനി ഹോസ്‌പിറ്റലില്‍ എത്തിയിട്ടുണ്ട്‌.

മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്‌തനായി, വന്നുവെന്ന്‌ വരുത്തുവാന്‍ അല്ലാതെ എത്തുന്ന തിരുമേനിയെ ജഗതിയുടെ വീട്ടുകാരും ഏറെ ഇഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ തവണ എത്തിയപ്പോള്‍ വീട്ടുകാര്‍ പറഞ്ഞു " തിരുമേനീ ജഗതിയ്‌ക്ക്‌ രോഗം ഭേദമായി, എന്നാല്‍ ആരെയും തിരിച്ചറിയുന്നോണ്ടോയെന്നറിയില്ല."

തൊണ്ണൂറ്റഞ്ച്‌ വയസ്‌ പ്രായമുണ്ടെങ്കിലും തിരുമേനി ഇപ്പോഴും നല്ല നിരീക്ഷകനാണ്‌. തിരുമേനിക്കും തോന്നി രോഗം മാറിയിട്ടുണ്ടല്ലോ... എന്നാല്‍ ഒന്ന്‌ പരീക്ഷിച്ചു കളയാമെന്ന്‌. പലതും പറഞ്ഞിട്ടും ജഗതി കാര്യമായി പ്രതികരിക്കുന്നില്ല. "പാവം നല്ല അഭിനേതാവല്ല്യോയോ, ചിലപ്പോള്‍ നവരസങ്ങള്‍ മറന്നതു കൊണ്ടാവാം പ്രതികരിക്കാത്തത്‌. ഇയാള്‍ അന്നന്നെ പഠിപ്പിച്ചതൊക്കെ ഞാന്‍ കാണിച്ചുതരാം. ഞാന്‍ കാണിക്കുന്നത്‌ ശരിയാണോയെന്ന്‌ ഇയാള്‍ ഒന്നു നോക്കി പറയണം," തിരുമേനി ഗൗരവത്തില്‍ പറഞ്ഞു.

തിരുമേനി താടിയും തടവി ചില രസങ്ങള്‍ കാട്ടി തുടങ്ങി. ഒന്‍പത്‌ രസവും കാണിച്ചു തീരുന്നതിന്‌ മുമ്പ്‌ ജഗതിയുടെ ചുണ്ടില്‍ ഊറിയ ചിരി. ഡോക്ടര്‍മാര്‍ക്കും വീട്ടുകാര്‍ക്കും ജഗതിയെ നവരസങ്ങള്‍ പഠിപ്പിച്ച തിരുമേനിയോട്‌ സ്‌നേഹാദരവ്‌.

വെല്ലൂരില്‍ എത്തിയാല്‍ അവിടുത്തെ ചാപ്പലില്‍ രോഗികള്‍ക്ക്‌ വേണ്ടി പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്താറുണ്ട്‌ തിരുമേനി. അന്ന്‌ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ ജഗതിയും പങ്കെടുത്തിരുന്നു. നവരസം പഠിപ്പിച്ച്‌ തന്റെ പ്രതികരണശേഷി ഉണര്‍ത്തിയ തിരുമേനിയെ പ്രാര്‍ത്ഥന കഴിഞ്ഞ്‌ ഒന്നൂകൂടി കാണാന്‍ ജഗതി ആഗ്രഹിക്കുന്നുവെന്ന്‌ വീട്ടുകാര്‍ക്ക്‌ മനസിലായത്‌ പ്രാര്‍ത്ഥന കഴിഞ്ഞ്‌ എല്ലാവരും മുറിയിലേയ്‌ക്ക്‌ മടങ്ങാന്‍ തുടങ്ങിയപ്പോഴാണ്‌. എല്ലാവരെയും സ്‌നേഹിക്കുകയും നര്‍മ്മത്തിലൂടെ ചിന്തിപ്പിക്കുകയും ചെയ്യുന്ന തിരുമേനിയുമായി ഗ്ലോബല്‍ മലയാളം സ്‌പെഷല്‍ കറസ്‌പോണ്ടന്റ്‌ ഇ.എസ്‌. ജിജിമോള്‍ നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം നാളെ മുതല്‍.