Breaking News

Trending right now:
Description
 
Jul 04, 2018

ഗുഹയ്‌ക്കുള്ളില്‍ കുടങ്ങിയ കുട്ടികളെ പുറത്തെത്തിക്കാന്‍ നാലുമാസം വേണ്ടിവരും

image തായ്‌ലന്‍ഡിലെ ഗുഹയ്‌ക്കുള്ളില്‍ കുടങ്ങിയ ഫുട്‌ബോള്‍കളിക്കാരായ 12 കുട്ടികളെയും അവരുടെ കോച്ചിനെയും പുറത്തെത്തിക്കാന്‍ കുറഞ്ഞത്‌ നാലുമാസംവേണ്ടിവരുമെന്നു രക്ഷാപ്രവര്‍ത്തകര്‍. ഗുഹയ്‌ക്കുള്ളില്‍ നാലുകിലോമീറ്ററോളം വെള്ളക്കെട്ടും ചെളിമൂടിയ ഇടുക്കുകളുമാണ്‌. വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പാറയിലിരിക്കുന്ന കുട്ടികളെ അതുകൊണ്ടുതന്നെ പുറത്തുകൊണ്ടുവരുക ഏറെ ശ്രമകരമാണ്‌. നീന്തല്‍ അറിയാത്ത കുട്ടികളെ പുറത്ത്‌ എത്തിക്കണമെങ്കില്‍ നീന്തലില്‍ പരിശീലനം നല്‍കുക എന്നതാണ്‌ ഒന്നാമത്തേത്‌. അല്ലെങ്കില്‍ മഴ തീരുന്ന ഒക്ടോബര്‍വരെ കാത്തിരിക്കുക. നീന്തല്‍ പഠിച്ചാല്‍തന്നെ അപകടസാധ്യത പൂര്‍ണമായി നീങ്ങില്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ പരിശീലനം നേടിയാലും വെള്ളക്കെട്ടിന്റെ ആഴവും ചെളി എന്നവയും കുട്ടികളെ ബുദ്ധിമുട്ടിലാക്കും. ഗുഹയ്‌ക്കുള്ളിലെ വെള്ളം പമ്പുചെയ്‌തു നീക്കാനുള്ള ശ്രമവും ഇതുവരെ വിജയിച്ചിട്ടില്ല.
ഇപ്പോഴത്തെ സാഹചര്യത്തില്‍ മഴമാറി ഗുഹയിലെ വെള്ളം ഇറങ്ങുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്ന നിഗമനത്തിലാണ്‌ രക്ഷാപ്രവര്‍ത്തകര്‍. ഗുഹയില്‍നിന്നു കുട്ടികളെ പുറത്തിറക്കാന്‍ മറ്റുസാധ്യതകളുണ്ടോയെന്നും വിദഗ്‌ധര്‍ തേടുന്നുണ്ട്‌. ഒരു ഡോക്ടറും നഴ്‌സും ഉള്‍പ്പെടെ ഏഴു മുങ്ങല്‍ വിദഗ്‌ധരുടെ സംഘം കുട്ടികളുടെ അടുത്തെത്തിയിട്ടുണ്ടെന്നു തായ്‌ നേവി വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യനില പരിശോധിച്ചു ഉറപ്പുവരുത്തി. ഇവര്‍ക്ക്‌ ദ്രവരൂപത്തിലുള്ള ഭക്ഷണവും എത്തിച്ചിട്ടുണ്ട്‌. ബന്ധുക്കളുമായി കുട്ടികള്‍ക്ക്‌ ബന്ധപ്പെടാന്‍ പ്രത്യേക ഫോണ്‍ലൈന്‍ സ്ഥാപിക്കാനുള്ള നീക്കം നടന്നുവരുന്നു. ജൂണ്‍ 23നു ഗുഹയ്‌ക്കുള്ളില്‍ കുടുങ്ങിപ്പോയ കുട്ടികളെയും അവരുടെ കോച്ചിനെയും പത്താംദിവസമായ തിങ്കളാഴ്‌ചയാണ്‌ ബ്രിട്ടീഷ്‌ മുങ്ങല്‍വിദഗ്‌ധര്‍ കണ്ടെത്തിയത്‌. ബ്രിട്ടനെ കൂടാതെ യുഎസ്‌, ഓസ്‌ട്രേലിയ, ചൈന എന്നിവിടങ്ങളിലെ സൈന്യത്തില്‍നിന്നടക്കമുള്ള വിദഗ്‌ധര്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ രംഗത്തുണ്ട്‌.