Breaking News

Trending right now:
Description
 
Jul 03, 2018

പുതുതായി ആരംഭിക്കുന്ന ഹംസഫര്‍ എക്‌സ്‌പ്രസിനു ആലപ്പുഴയില്‍ ഉടന്‍ സ്റ്റോപ്പ്‌ അനുവദിക്കണം: കെര്‍പ

image ആലപ്പുഴ: ആലപ്പുഴ സ്റ്റേഷന്‍ വഴി കടന്നു പോകുന്നതും പുതുതായി ആരംഭിക്കുന്നതുമായ തിരുനല്‍വേലി ജംഗ്‌ഷന്‍ - ഗാന്ധിധാം ജംഗ്‌ഷന്‍ ഹംസഫര്‍ എക്‌സ്‌പ്രസ്‌ ട്രെയിന്‌ (19423/19424) ആലപ്പുഴയില്‍ ഉടന്‍ സ്റ്റോപ്പ്‌ അനുവദിക്കണമെന്നു കുട്ടനാട്‌-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ്‌ അസോസിയേഷന്‍ (കെര്‍പ) പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം അധികൃതര്‍ക്ക്‌ അയച്ചു. ജില്ലാ കേന്ദ്രമായ ആലപ്പുഴയില്‍ സ്റ്റോപ്പ്‌ അനുവദിച്ചില്ലെങ്കില്‍ ആലപ്പുഴക്കാര്‍ക്ക്‌ പൊതുവേയും കുട്ടനാട്ടുകാര്‍ക്കു പ്രത്യേകിച്ചും ഈ ദീര്‍ഘദൂര ട്രെയിന്‍ കൊണ്ട്‌ യാതൊരു പ്രയോജനവുമില്ല.

ആദ്യ ഓട്ടം ഗാന്ധിധാമില്‍ നിന്നു ജൂലൈ അഞ്ചിനാണ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യുന്നത്‌. തമിഴ്‌നാട്‌, കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്‌ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനാണിത്‌. കേരളത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം ടൗണ്‍ (നോര്‍ത്ത്‌), ഷൊര്‍ണൂര്‍ ജംഗ്‌ഷന്‍, കോഴിക്കോട്‌ മെയിന്‍ എന്നിവിടങ്ങളില്‍ മാത്രമാണ്‌ നിലവില്‍ സ്‌റ്റോപ്പ്‌ അനുവദിച്ചിട്ടുള്ളത്‌. യാത്ര ആരംഭിച്ചു മൂന്നാം ദിവസമാണ്‌ ലക്ഷ്യസ്ഥാനത്തെത്തുക. 2400 കിലോമീറ്ററാണ്‌ ദൂരം. ആഴ്‌ചയിലൊന്നു വീതം സര്‍വീസ്‌. 2016 റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ്‌ ഈ ട്രെയിന്‍. ആദ്യം ആലപ്പുഴയിലും എറണാകുളം ജംഗ്‌ഷനിലും (സൗത്ത്‌) സ്റ്റോപ്പുകള്‍ സൂചിപ്പിച്ചിരുന്നതാണ്‌.

തിരുനല്‍വേലിയില്‍ നിന്നുള്ള ട്രെയിന്‍ (19423) ആലപ്പുഴയിലൂടെ വ്യാഴാഴ്‌ചകളില്‍ ഉച്ചയ്‌ക്ക്‌ 1.43-നു കടന്നു പോകും. ഗാന്ധിധാമില്‍ (19424) നിന്നുള്ളത്‌ ബുധനാഴ്‌ചകളില്‍ രാവിലെ 5.12-നും. പൂര്‍ണമായും ത്രീ ടയര്‍ എസി സ്ലീപ്പര്‍ കോച്ചുകളാണുള്ളത്‌. ബയോ ടോയിലറ്റുകള്‍, അനൗണ്‍സ്‌മെന്റ്‌ സിസ്‌റ്റം, സിസിടിവി ക്യാമറകള്‍, റഫ്രിജിറേറ്റിംഗ്‌ ബോക്‌സ്‌, ഖാദി ബെഡ്‌റോള്‍, കാപ്പി-ചായ-പാല്‍ വെന്‍ഡിംഗ്‌ മെഷിന്‍ എന്നിവയൊക്കെ കോച്ചുകളിലുണ്ടാകും. ഇതേസമയം, അടുത്ത കാലത്ത്‌ പുതുതായി ആരംഭിച്ച്‌ തീരദേശപാതയിലുടെ കടന്നു പോകുന്ന കൊച്ചുവേളി-മംഗലൂരു ജംഗ്‌ഷന്‍ അന്ത്യോദയ എക്‌സ്‌പ്രസ്‌ ബൈ വീക്‌ലി ട്രെയിന്‌ ആലപ്പുഴയില്‍ സ്റ്റോപ്പ്‌ അനുവദിച്ചിരുന്നില്ല. എന്നാല്‍ കെര്‍പ അടക്കമുള്ളവരുടെ നിവേദനം കണക്കിലെടുത്തു പിന്നീട്‌ സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്‌.