Breaking News

Trending right now:
Description
 
Jul 03, 2018

ഗുഹയ്‌ക്കുള്ളില്‍ അകപ്പെട്ട കുട്ടികളെ ജീവനോടെ കണ്ടെത്തി

image തായ്‌ലന്‍ഡിലെ താം ലൂവാങ്‌ ഗുഹയ്‌ക്കുള്ളില്‍ പത്തുദിവസം മുമ്പ്‌ അകപ്പെട്ട ഫുട്‌ബോള്‍ കളിക്കാരായ 12 കുട്ടികളും അവരുടെ കോച്ചും ജീവനോടെയുണ്ടെന്നു രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. ഗുഹയ്‌ക്കുള്ളില്‍ അഞ്ചുകിലോമീറ്റര്‍ ദൂരത്താണ്‌ കുട്ടികളെ കണ്ടെത്തിയത്‌. കനത്തമഴയില്‍ ഗുഹയുടെ കവാടം അടഞ്ഞതോടെ കുട്ടികള്‍ക്കും കോച്ചിനും പുറത്തിറങ്ങാന്‍ കഴിയാതെ അകപ്പെടുകയായിരുന്നു. കനത്തമഴയില്‍ ഗുഹയ്‌ക്കുള്ളിലേക്ക്‌ ഇരച്ചുകയറിയ പ്രളയജലത്തില്‍നിന്നു രക്ഷപ്പെടാന്‍ ഇതിനുള്ളിലെ പാറക്കല്ലിനു മുകളില്‍ അഭയം തേടിയിരിക്കുകയായിരുന്നു 11-16 പ്രായത്തിലുള്ള കുട്ടികളും ഇരുപത്തിയഞ്ചുകാരനായ കോച്ചും. ഗുഹയ്‌ക്കുള്ളില്‍ വെള്ളം പൊങ്ങിയതനുസരിച്ച്‌ കുട്ടികള്‍ കൂടുതല്‍ ഉള്ളിലേക്കു പോവുകയായിരുന്നു. മുങ്ങല്‍വിദഗ്‌ധര്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിന്‌ എത്തിയെങ്കിലും ജലനിരപ്പ്‌ ഉയരുന്നതിനാല്‍ ഇവര്‍ക്ക്‌ പലപ്പോഴും പിന്‍വാങ്ങേണ്ടിവന്നു. കഴിഞ്ഞദിവസം മലതുരന്ന്‌ തുരങ്കമുണ്ടാക്കി ഭക്ഷണവും മരുന്നും അടങ്ങിയ കിറ്റ്‌ ഇട്ടുകൊടുത്തെങ്കിലും കുട്ടികള്‍ക്കിത്‌ ലഭിച്ചോയെന്നു ഉറപ്പില്ല. രണ്ടുദിവസമായി ജലനിരപ്പ്‌ താണുതുടങ്ങിയതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയതും കുട്ടികള്‍ ജീവനോടെ ഉണ്ടെന്നു കണ്ടെത്തിയതും. വെള്ളവും ചെളിയും നിറഞ്ഞ ഗുഹയ്‌ക്കുള്ളില്‍നിന്നു ഇവരെ പുറത്തുകൊണ്ടുവരുക ഏറെ ശ്രമകരമാണ്‌. ഗുഹയ്‌ക്കുള്ളില്‍ കഴിയുന്നവര്‍ക്ക്‌ നാലുമാസത്തെ ഭക്ഷണവും നീന്തല്‍ പരിശീലനവും നല്‍കാനാണ്‌ രക്ഷാപ്രവര്‍ത്തകര്‍ ലക്ഷ്യമാക്കുന്നത്‌. ഉയര്‍ന്ന കലോറിയുള്ള ജെല്ലുകള്‍, പാരസെറ്റാമോള്‍ എന്നിവ രക്ഷാപ്രവര്‍ത്തനം നടക്കുന്നിടത്ത്‌ എത്തിച്ചിട്ടുണ്ട്‌. 23നാണ്‌ വിനോദയാത്രയ്‌ക്ക്‌ എത്തിയ ഫുട്‌ബോള്‍ കളിക്കാരായ കുട്ടികള്‍ ഗുഹയ്‌ക്കുള്ളില്‍ കടന്നത്‌.