Breaking News

Trending right now:
Description
 
Jul 03, 2018

മഹാരാജാസ്‌ കോളജില്‍ വിദ്യാര്‍ഥി നേതാവിന്റെ കൊലപാതകം: മൂന്നുപേര്‍ അറസ്റ്റില്‍

image
എറണാകുളം മഹാരാജാസ്‌ കോളജിലെ വിദ്യാര്‍ഥിനേതാവും എസ്‌എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ എം.അഭിമന്യുവിനെ (19) കുത്തികൊലപ്പെടുത്തിയ കേസില്‍ ക്യാംപസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകരായ മൂന്നു പേരെ അറസ്റ്റു ചെയ്‌തു. ഫോര്‍ട്ട്‌ കൊച്ചി സ്വദേശി റിയാസ്‌, കോട്ടയം സ്വദേശി ബിലാല്‍, പത്തനംതിട്ട സ്വദേശി ഫറൂക്ക്‌ എന്നിവരുടെ അറസ്റ്റാണ്‌ സ്ഥിരീകരിച്ചത്‌. മുഖ്യപ്രതി മുഹമ്മദിനായി ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു. കസ്റ്റഡിയിലുള്ള മറ്റുനാലുപേരെ ചോദ്യം ചെയ്യുന്നത്‌ തുടരുകയാണ്‌. ആക്രമണത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളടക്കം പതിനഞ്ചോളം പേര്‍ ഒളിവിലാണ്‌. അറസ്റ്റിലായവര്‍ വിദ്യാര്‍ഥികളല്ല. കൊല്ലപ്പെട്ട അഭിമന്യു ബിഎസ്‌ സി കെമിസ്‌ട്രി വിദ്യാര്‍ഥിയാണ്‌. കോളജിലെ പിന്‍മതിലിലെ ചുവരെഴുത്തിനുള്ള അവകാശത്തര്‍ക്കമാണു എസ്‌എഫ്‌ഐ-ക്യാംപ്‌സ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍തമ്മിലുളള സംഘര്‍ഷത്തിലെത്തിയത്‌. അഭിമന്യുവിനൊപ്പം കുത്തേറ്റ സുഹൃത്തും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ അര്‍ജുന്‍ അപകടനില തരണം ചെയ്‌തിട്ടില്ലെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

വയറിന്റെ ഭാഗത്താണ്‌ കുത്തേറ്റത്‌. ആന്തരികാവയവങ്ങള്‍ക്ക്‌ പരുക്കുണ്ട്‌. ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കി. മറ്റൊരു വിദ്യാര്‍ഥി വിനീത്‌ കുമാറിന്‌ തുടയ്‌ക്കാണ്‌ കുത്തേറ്റത്‌. പരുക്ക്‌ ഗുരുതരമല്ല. ഇടുക്കി വട്ടവട കൊട്ടാരക്കമ്പൂരില്‍ തമിഴ്‌ വംശജരായ മനോഹരന്‍-ഭൂപതി ദമ്പതികളുടെ മകനാണ്‌ കൊല്ലപ്പെട്ട അഭിമന്യു. സംസ്‌കാരം നടത്തി. അക്രമികളില്‍ ഒരാള്‍ മാത്രമേ മഹാരാജാസ്‌ കോളജിലെ വിദ്യാര്‍ഥി. മറ്റുള്ളവര്‍ പുറത്തുനിന്നും എത്തിയ പോപ്പുലര്‍ഫ്രണ്ട്‌ പ്രവര്‍ത്തകരാണ്‌. മറ്റുപ്രതികള്‍ക്കായി പൊലീസ്‌ സ്‌ക്വാഡുകള്‍ രൂപീകരിച്ച്‌ പരിശോധന ശക്തമാക്കി. എറണാകുളം നോര്‍ത്ത്‌ കേന്ദ്രീകരിച്ച്‌ അക്രമികള്‍ വാടകയ്‌ക്കെടുത്ത വീട്ടിലും പൊലീസ്‌ റെയ്‌ഡ്‌ നടത്തി. തിങ്കളാഴ്‌ച പുലര്‍ച്ചെയായിരുന്നു ക്യാംപസില്‍ അഭിമന്യുവിനും സുഹൃത്തുക്കള്‍ക്കും നേരെ ആക്രമണം നടന്നത്‌.