
മോഷണക്കേസില്‍
ശിക്ഷിക്കപ്പെട്ടു പാരീസിലെ റിയയുവിലെ ജയിലില്‍ അടയ്ക്കപ്പെട്ടിരുന്ന കുപ്രസിദ്ധ
കള്ളന് റെഡോയിന്‍ ഫയ്ദ് (46) ജയില്‍ചാടി ഹെലികോപ്റ്ററില്‍ രക്ഷപ്പെട്ടു.
കൂട്ടാളികളായ മൂന്നു കുറ്റവാളികളും ഫയ്ദിനൊപ്പം രക്ഷപെട്ടതായി പൊലീസ്
സ്ഥിരീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ തോക്കിന്മുനയില് ബന്ദികളാക്കിയാണ്
രക്ഷപ്പെടല്‍. ജയിലിലെ അഞ്ചു ഇരുമ്പുവാതിലുകള്‍ സ്ഫോടനം ഉപയോഗിച്ചിരുന്നു
തകര്‍ക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരെ തോക്കിന്മുനയില്നിര്ത്തിയ ഇവര്‍
ജയില്‍വളപ്പില്‍ പറന്നിറങ്ങിയ ഹെലികോപ്റ്ററിലാണ് രക്ഷപ്പെട്ടത്. ഈ
ഹെലികോപ്റ്റര്‍ പിന്നീട് പാരീസിന്റെ മറ്റൊരുഭാഗത്ത് കത്തിയ നിലയില്‍ പൊലീസ്
കണ്ടെത്തി. ഇതിന്റെ പൈലറ്റിനെ ബന്ധിയാക്കിയാണ് കൃത്യത്തിന് ഉപയോഗിച്ചതെന്നു
പൊലീസ് വ്യക്തമാക്കി. 2010ലെ മോഷണശ്രമത്തിനിടെ പൊലീസുകാരിയെ വെടിവച്ചുകൊന്ന
കേസില്‍ 25 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഫയ്ദ്. ഇതിനുമുമ്പ്
മറ്റുകൃത്യങ്ങളുടെ പേരില്‍ 10വര്‍ഷത്തെ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതു
രണ്ടാംതവണയാണ് ഫയ്ദിന്റെ രക്ഷപ്പെടല്‍. 2013-ല്‍ നാലു ജയില്‍ ഉദ്യോഗസ്ഥരെ
ബന്ദികളാക്കി ഡൈനമൈറ്റ് വച്ച് ജയില്‍ തകര്‍ത്തായിരുന്നു രക്ഷപ്പെടല്‍. എന്നാല്‍,
ഒന്നരമാസത്തിനുശേഷം ഇയാളെ പൊലീസ് പിടികൂടുകയും ചെയ്തു. ദേശീയപാതകളില്‍ സായുധ
ആക്രമണം നടത്തി ട്രക്കുകള്‍ കൊള്ളയടിച്ചതുള്‍പ്പെടെ നൂറിലേറെ കേസുകള്‍ ഫയ്ദിന്റെ
പേരിലുണ്ട്. ഹോളിവുഡ് ത്രില്ലറുകളില്നിന്നു പ്രചോദമുള്‍ക്കൊണ്ടാണ് ഇയാള്‍
കുപ്രസിദ്ധ മോഷ്ടാവായി മാറിയത്.