Breaking News

Trending right now:
Description
 
Jun 29, 2018

മിന്നലാക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട്‌ മോദി സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പു നടത്തിയെന്ന്‌ കോണ്‍ഗ്രസ്‌

image സൈന്യം 2016ല്‍ അതിര്‍ത്തികടന്നു പാക്കിസ്ഥാനെതിരായ മിന്നലാക്രമണം നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്‌ രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണെന്നു കോണ്‍ഗ്രസ്‌ പാര്‍ട്ട്‌ വക്താവ്‌ രണ്‍ദീപ്‌ സിങ്‌ സുര്‍ജേവാല ആരോപിച്ചു. മോദി സര്‍ക്കാര്‍ ജയ്‌ ജവാന്‍ ജയ്‌ കിസാന്‍ എന്ന മുദ്രാവാക്യത്തെ ദുരുപയോഗം ചെയ്യുകയാണ്‌. രാജ്യത്തെ സൈനികരുടെ ജീവനും ത്യാഗവും വച്ച്‌ വോട്ടു നേടാനുള്ള തന്ത്രമാണ്‌ മോദി സര്‍ക്കാരും ബിജെപിയും പയറ്റുന്നത്‌. സേനയെ തെരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കായാണ്‌ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്നു കോണ്‍ഗ്രസ്‌ കുറ്റപ്പെടുത്തി. മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‌ പേയി, മന്‍മോഹന്‍സിങ്‌ എന്നിവരുടെ കാലത്തും ഇത്തരത്തില്‍ മിന്നലാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ അവരൊന്നും അതു വിളിച്ചുപറഞ്ഞുനടന്നിട്ടില്ല. സൈനികര്‍ക്ക്‌ മികച്ച ആയുധങ്ങള്‍ നല്‍കാതെയാണ്‌ സര്‍ക്കാര്‍ ഇത്തരത്തില്‍ തരംതാഴ്‌ന്ന രാഷ്ട്രീയ നാടകങ്ങള്‍ കളിക്കുന്നത്‌. മിന്നലാക്രമണങ്ങള്‍ ഫലപ്രദമായിരുന്നുവെങ്കില്‍ അതിനുശേഷം അതിര്‍ത്തിക്ക്‌ ഇപ്പുറത്തേക്ക്‌ നടന്ന ഭീകരാക്രമണങ്ങളില്‍ 146 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്‌ എന്തുകൊണ്ടാണെന്നും സുര്‍ജേവാല ചോദിച്ചു. അതേസമയം, സൈന്യത്തിന്റെ ധീരതയേയും സമര്‍പ്പണത്തെയും കോണ്‍ഗ്രസ്‌ ചോദ്യം ചെയ്യുകയാണെന്നു ബിജെപി തിരിച്ചടിച്ചു.