Breaking News

Trending right now:
Description
 
Jun 28, 2018

മാവോയിസ്‌റ്റ്‌ ആക്രമണം: ഏഴ്‌ സൈനികര്‍ക്ക്‌ വീരമൃത്യു

image ജാര്‍ഖണ്ഡില്‍ മാവോയിസ്‌റ്റ്‌ ആക്രമണത്തില്‍ ഏഴു സൈനികര്‍ക്കു വീരമൃത്യു. നാലു പേര്‍ക്ക്‌ പരുക്കുണ്ട്‌. ചൊവ്വാഴ്‌ച അര്‍ധരാത്രിയോടെയാണ്‌ സംഭവം. ബുധാപഹര്‍ വനമേഖലയില്‍ മാവോയിസ്‌റ്റ്‌ വേട്ടകഴിഞ്ഞ്‌ മടങ്ങുകയായിരുന്ന വാഹനത്തിനു നേരെ ഗര്‍വയിലുണ്ടായ കുഴിബോംബ്‌ സ്‌ഫോടനത്തിലാണ്‌ ജാര്‍ഖണ്ഡ്‌ ജാഗര്‍ ഫോഴ്‌സിലെ ഏഴു സൈനികര്‍ക്ക്‌ ജീവഹാനിയുണ്ടായത്‌. പൊലീസ്‌, സിആര്‍പിഎഫ്‌, ജാര്‍ഖണ്ഡ്‌ ജാഗര്‍ ഫോഴ്‌സ്‌ എന്നിവര്‍ സംയുക്തമായാണ്‌ മാവോയിസ്‌റ്റുകള്‍ക്കായി വനമേഖലയില്‍ തിരച്ചിലിനിറങ്ങിയത്‌. മാവോയിസ്‌റ്റുകളുടെ കുഴിബോംബ്‌ സ്‌ഫോടനത്തില്‍ ജാഗര്‍ഫോഴ്‌സിന്റെ വാഹനം പൂര്‍ണമായി തകര്‍ന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന ആയുധങ്ങള്‍ മാവോയിസ്‌റ്റുകള്‍ തട്ടിയെടുത്തു. നാലുദിവസമായി ജാര്‍ഖണ്ഡില്‍ മാവോയിസ്‌റ്റുകള്‍ക്കെതിരെ ശക്തമായ നടപടിയാണ്‌ സുരക്ഷാസേന സ്വീകരിച്ചിരിക്കുന്നത്‌. ഇതിനിടെ ഇന്നലെ വെളുപ്പിന്‌ ലതേഹറില്‍ കോബ്ര ബറ്റാലിയന്‍ നടത്തിയ തിരച്ചിലില്‍ ഒരു മാവോയിസ്‌റ്റിനെ വധിച്ചു. ഇന്‍സാസ്‌ തോക്കും വെടിക്കോപ്പുകളും ഇയാളുടെ പക്കല്‍നിന്നു കണ്ടെടുത്തു.