Breaking News

Trending right now:
Description
 
Jun 26, 2018

നെല്‍വയല്‍ നികത്താന്‍ ബില്‍ ഭേദഗതി ചെയ്‌തു

image നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്താന്‍ വഴിയൊരുക്കാവുന്ന വിവാദ ഭേദഗതികള്‍ നിലനിര്‍ത്തി കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേഗതി ബില്‍ നിയമസഭ പാസാക്കി. ബില്ലിലെ വ്യവസ്ഥയില്‍ ഭേദഗതി വരുത്തിയുള്ള സിപിഐ അംഗങ്ങളുടെ നിര്‍ദേശം സര്‍ക്കാര്‍ തള്ളി. മറ്റു പദ്ധതികള്‍ക്കായി വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താം എന്ന വ്യവസ്ഥയ്‌ക്കു പകരം മറ്റു സര്‍ക്കാര്‍ പദ്ധതികള്‍ക്കായി നികത്താം എന്നാക്കി മാറ്റണമെന്നായിരുന്നു സിപിഐ അംഗങ്ങള്‍ ആവശ്യപ്പെട്ടത്‌. എന്നാല്‍ ബില്‍ വോട്ടിനിട്ടപ്പോള്‍ സിപിഐ അംഗങ്ങള്‍ നിലപാടു മാറ്റി. സംസ്ഥാനത്തെ തരിശുനിലങ്ങള്‍ നെല്‍കൃഷി നടത്തുന്നതിന്‌ ഉടമസ്ഥന്റെ അനുമതിയില്ലാതെ തന്നെ ഭൂമി ഉപയോഗിക്കാനും നിബന്ധനകള്‍ക്കു വിധേയമായി വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ഭൂമി മണ്ണിട്ടു നികത്താനും വ്യവസ്ഥ ചെയ്യുന്ന കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതിബില്‍ നിയമസഭ പാസാക്കുകയും ചെയ്‌തു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ അവഗണിച്ചാണ്‌ ബില്‍ പാസാക്കിയത്‌. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞ്‌ സഭ ബഹിഷ്‌കരിച്ചു. തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും സ്വകാര്യ മുതലാളിമാര്‍ക്കായി നികത്തുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു പ്രതിപക്ഷം ആരോപിച്ചു. ബില്‍ പാസാക്കിയ സര്‍ക്കാര്‍ നടപടിയെ നിയമനിര്‍മാണ ചരിത്രത്തിലെ കറുത്തദിനമെന്ന്‌ വിശേഷിപ്പിച്ചാണ്‌ പ്രതിപക്ഷം സഭയില്‍നിന്ന്‌ ഇറങ്ങിപ്പോയത്‌.