Breaking News

Trending right now:
Description
 
Jun 26, 2018

ഫോര്‍മാലിന്‍ കലര്‍ത്തിയ 9000 കിലോ മത്സ്യം പിടിച്ചെടുത്തു

image മൃതദേഹങ്ങള്‍ അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ കലര്‍ത്തിയ 9000 കിലോ മത്സ്യം ആര്യങ്കാവ്‌ ചെക്കുപോസ്‌റ്റില്‍നിന്നു പിടിച്ചെടുത്തു. ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ റെയ്‌ഡിലാണ്‌ ആരോഗ്യത്തിന്‌ ഭീഷണി ഉയര്‍ത്തുന്ന മത്സ്യം പിടിച്ചെടുത്തത്‌. കൊച്ചിയിലേക്കും കോട്ടയത്തേക്കും കൊണ്ടുവന്നതാണ്‌ ഈമായം കലര്‍ത്തിയ മത്സ്യം. കൂടുതല്‍ പരിശോധനയ്‌ക്കായി ഇവ അയ്‌ക്കുമെന്നു റെയ്‌ഡിന്‌ നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്‌ച വാളയാര്‍ ചെക്കുപോസ്‌റ്റുവഴി കടത്താന്‍ ശ്രമിച്ച നാല്‌ ടണ്‍ ചെമ്മീന്‍ ഭക്ഷ്യസുരക്ഷാവിഭാഗം പിടിച്ചെടുത്തിരുന്നു. ആന്ധ്രാപ്രദേശില്‍നിന്നായിരുന്നു ഇവ എത്തിയത്‌. ഒരാഴ്‌ചമുമ്പ്‌ അമരവിളയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ മത്തിയുമായി വന്ന ലോറി പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ പരിശോധന ചെക്ക്‌ പോസ്‌റ്റുകളിലേക്ക്‌ വ്യാപിപ്പിച്ചത്‌. ഒരു കിലോ മത്സ്യത്തില്‍ 4.1 മില്ലിഗ്രാം എന്ന തോതില്‍ ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടെന്നു അന്നു നടത്തിയ ലാബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പത്ത്‌ ശതമാനം വീര്യമുള്ള ഫോര്‍മാലിന്‍ വെള്ളത്തില്‍ കലര്‍ത്തി ഐസ്‌ ആക്കി മാറ്റുകയാണ്‌ ചെയ്യുന്നത്‌. ഈ ഐസ്‌ ഇട്ടാണ്‌ മത്സ്യം വില്‍പ്പനയ്‌ക്കായി എത്തിക്കുന്നത്‌. ബാക്ടീരിയകള്‍ നശിപ്പിക്കപ്പെടുന്നതോടെ മത്സ്യം ദീര്‍ഘനാള്‍ കേടുകൂടാതെയിരിക്കും. ആന്ധ്രാ, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍നിന്നായി ദിവസവും നൂറോളം ലോഡ്‌ മത്സ്യമാണ്‌ സംസ്ഥാനത്ത്‌ എത്തുന്നത്‌.