Breaking News

Trending right now:
Description
 
Jun 24, 2018

അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത്‌ ആറ്റില്‍ച്ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

image ലോകകപ്പ്‌ പ്രാഥമിക റൗണ്ട്‌ മത്സരത്തില്‍ ക്രോയേഷ്യയുടെ മുമ്പില്‍ അര്‍ജന്റീന പരാജയപ്പെടുന്നത്‌ ടീവിയില്‍കണ്ട്‌ അതീവദുഖത്തില്‍ കോട്ടയത്ത്‌ മീനച്ചിലാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയര്‍ക്കുന്നം ആറുമാനൂര്‍ കൊറ്റത്തില്‍ പി.വി.അലക്‌സാണ്ടറുടെ മകന്‍ ഡിനു അലക്‌സിന്റെ (30) മൃതദേഹമാണ്‌ കണ്ടത്തിയത്‌. മീനച്ചിലാറ്റില്‍ ഇല്ലിക്കല്‍ പാലത്തിനു സമീപത്തുനിന്നും കണ്ടെത്തിയ മൃതദേഹം ഡിനുവിന്റെയാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മൃതദേഹം ചീര്‍ത്തനിലയിലായിരുന്നു. കടുത്ത അര്‍ജന്റീന ആരാധകനായിരുന്നു ഡിനു. കോട്ടയത്തെ സ്വകാര്യസ്ഥാപനത്തിലായിരുന്നു ജോലി. അര്‍ജന്‍ീനയുടെ മത്സരം നടന്ന വ്യാഴാഴ്‌ച രാത്രിയിലാണ്‌ ഡിനുവിനെ കാണാതായത്‌. വിവരം അറിഞ്ഞെത്തിയ പൊലീസ്‌ വീട്ടില്‍ ഡിനുവിന്റെ മുറിയില്‍നിന്നു ആത്മഹത്യാക്കുറിപ്പ്‌ കണ്ടെത്തിയിരുന്നു. മെസിയുടെ തോല്‍വി സഹിക്കാനാവില്ലെന്നും മരണത്തിന്റെ ആഴങ്ങളിലേക്കു പോവുകയാണെന്നും എനിക്ക്‌ ഈ ലോകത്ത്‌ ഒന്നും കാണാന്‍ ബാക്കിയില്ലെന്നും കത്തില്‍ കുറിച്ചിരുന്നു. എന്റെ മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്വമില്ലെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പരിശോധനയ്‌ക്ക്‌ എത്തിയ പൊലീസ്‌ നായ തൊട്ടടുത്തുള്ള മീനച്ചിലാറ്റിലെ കടവിലേക്കാണ്‌ പോയത്‌. ആറ്റില്‍ ചാടിയിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന്‌ പൊലീസും അഗ്നിശമനസേനയും രണ്ടുദിവസമായി മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തിവരുകയായിരുന്നു. അവിവാഹിതനാണ്‌ ഡിനു. മൃതദേഹം മെഡിക്കല്‍കോളജ്‌ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി.