Breaking News

Trending right now:
Description
 
Jun 23, 2018

ബിജെപി കോടികളുടെ കള്ളപ്പണം വെളിപ്പിച്ചുവെന്ന്‌ കോണ്‍ഗ്രസ്‌

image നോട്ടുനിരോധനം മുന്‍കൂട്ടി അറിഞ്ഞ്‌ ബിജെപിയും സഖ്യകക്ഷികളും കോടികളുടെ കള്ളപ്പണം വെളിപ്പിച്ചുവെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ രണ്‍ദീപ്‌ സിങ്‌ സുര്‍ജേവാല. നോട്ട്‌ നിരോധനത്തിന്റെ മറവില്‍ കോടികളുടെ ക്രമക്കേട്‌ നടത്തിയ ബിജെപി അധ്യക്ഷന്‍ അമിത്‌ ഷായ്‌ക്കെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്‌തു. നോട്ട്‌ നിരോധനത്തിനു പിന്നാലെ രാജ്യത്ത്‌ ഏറ്റവും അധികം അസാധു നോട്ടുകള്‍ എത്തിയത്‌ അമിത്‌ ഷാ ഡയറക്ടറായ അഹമ്മദാബാദിലെ ജില്ലാ സഹകരണബാങ്കിലാണെന്നു വ്യക്തമാക്കുന്ന വിവരാവകാശരേഖ ചൂണ്ടിക്കാണിച്ചാണ്‌ കോണ്‍ഗ്രസിന്റെ കടന്നാക്രമണം. നേട്ട്‌ നിരോധനം പ്രഖ്യാപിച്ച്‌ അഞ്ചു ദിവസത്തിനുള്ളില്‍ ഈ ബാങ്കില്‍ മാത്രം 745.58 കോടിയുടെ നിക്ഷേപം ഉണ്ടായി. രാജ്യത്തെ 370 ജില്ലാ സഹകരണബാങ്കുകളില്‍വച്ച്‌ ഏറ്റവും കൂടുതല്‍ തുക നോട്ട്‌ നിരോധനസമയത്ത്‌ മാറിയതും ഈ ബാങ്കിലാണ്‌.

ബിജെപി നേതാക്കള്‍ ഭാരവാഹികളായ രാജ്‌കോട്ട്‌, സൂറത്ത്‌, സബര്‍കാന്ത്‌ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയുള്ള 11 ജില്ലാ സഹകരണബാങ്കുകളിലായി 3118 കോടി രൂപയുടെ അസാധുനോട്ടുകള്‍ എത്തി. നോട്ട്‌ നിരോധിച്ചതിനു പിന്നാലെ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക്‌ അസാധുനോട്ട്‌ നിക്ഷേപമായി സ്വീകരിക്കാന്‍ അനുമതിനല്‍കിയെങ്കിലും അഞ്ചുദിവസം കഴിഞ്ഞപ്പോള്‍ അതിനു വിലക്ക്‌ ഏര്‍പ്പെടുത്തുകയും ചെയ്‌തു. ഇതിനോടകം തന്നെ ബിജെപി തങ്ങളുടെ നിയന്ത്രണത്തിലുള്ള ജില്ലാ സഹകരണബാങ്കുകളിലൂടെ കോടികളുടെ നോട്ടുകള്‍ മാറിയെടുത്തുവെന്നു പുറത്തുവന്ന കണക്കുകളില്‍ വ്യക്തമാകുന്നുണ്ട്‌. നോട്ട്‌ നിരോധനം ബിജെപിയെ സഹായിക്കാന്‍ ലക്ഷ്യമിട്ടായിരുന്നുവെന്നും ഇതുസംബന്ധിച്ച്‌ സ്വതന്ത്ര്യ അന്വേഷണം നടത്തണമെന്നും രണ്‍ദീപ്‌ സിങ്‌ സുര്‍ജേവാല ആവശ്യപ്പെട്ടു.