Breaking News

Trending right now:
Description
 
Jun 22, 2018

രണ്ടു ഭീകരരെ സൈന്യം വധിച്ചു; കമോന്‍ഡകള്‍ കാഷ്‌മീരിലേക്ക്‌

image ജമ്മു കാഷ്‌മീരിലെ അനന്ത്‌നാഗ്‌ ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഭീകരരുടെ വെടിവയ്‌പില്‍ പൊലീസുകാരന്‌ വീരമൃത്യു. നാലു സുരക്ഷാസേനാംഗങ്ങള്‍ക്കും രണ്ട്‌ നാട്ടുകാര്‍ക്കും പരുക്കേറ്റു. ഖിരാം മേഖലയിലെ വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരത്തെ തുടര്‍ന്നായിരുന്നു സൈനിക നടപടികള്‍. സുരക്ഷാസേന ഇവിടെ പരിശോധിക്കുന്നതിനിടെ ഭീകരര്‍ വെടിവയ്‌ക്കുകയായിരുന്നു. തുടര്‍ന്ന്‌ സൈന്യം ശക്തമായ തിരിച്ചടി നടത്തി. രണ്ടു ഭീകരരെ വധിച്ചെങ്കിലും പ്രദേശത്ത്‌ കൂടുതല്‍ ഭീകരരുണ്ടോ എന്നു പരിശോധനയും നടക്കുന്നുണ്ട്‌. ഏറ്റുമുട്ടലിനിടെ ജനക്കൂട്ടം സേനയ്‌ക്കു നേരെ കല്ലേറ്‌ നടത്തി. ഭീകരരെ രക്ഷപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇതേതുടര്‍ന്ന്‌ പൊലീസും നാട്ടുകാരുംതമ്മില്‍ സംഘര്‍ഷമുണ്ടായി. മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ല. ഇപ്പോഴും വെടിവയ്‌പ്‌ നടക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിലായശേഷമുള്ള ആദ്യത്തെ ഏറ്റുമുട്ടലാണിത്‌. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ശ്രീനഗറിലും അനന്ത്‌ നാഗിലും ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ റദ്ദാക്കി. ഇതേസമയം, ജമ്മുകാഷ്‌മീരിലെ ഭീകരരെ നേരിടാന്‍ ദേശീയ സുരക്ഷാ സേനയിലെ കമാന്‍ഡോകളെ നിയോഗിക്കാന്‍ തീരുമാനിച്ചു. ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ മേഖലകളില്‍ ഇവരെ വിന്യസിക്കും. ഉന്നം തെറ്റാതെ വെടിവയ്‌ക്കുന്നതില്‍ വിദഗ്‌ധരായ സംഘത്തെ വരുംദിവസങ്ങളില്‍ സംസ്ഥാനത്ത്‌ നിയോഗിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഭീകരരോട്‌ ഒരുവിധത്തിലും വിട്ടുവീഴ്‌ചയില്ലെന്നു സിആര്‍പിഎഫ്‌ ഡയറക്ടര്‍ ജനറല്‍ കെ.വിജയകുമാര്‍ വ്യക്തമാക്കി.