Breaking News

Trending right now:
Description
 
Jun 21, 2018

ഓസ്‌ട്രേലിയയില്‍ മലയാളിയുടെ കൊലപാതകം: ഭാര്യയ്‌ക്കും കാമുകനും ശിക്ഷവിധിച്ചു

image മെല്‍ബണ്‍ മലയാളി ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട കേസില്‍ ഭാര്യയ്‌ക്കും കാമുകനും തടവുശിക്ഷ. പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം ഏബ്രഹാം കൊല്ലപ്പെട്ട കേസിലാണ്‌ ഭാര്യ സോഫിയ, ഇവരുടെ കാമുകന്‍ അരുണ്‍ കമലാസനന്‍ എന്നിവരെ വിക്ടോറിയ സുപ്രീംകോടതി ശിക്ഷിച്ചത്‌. സോഫിയയ്‌ക്ക്‌ 22 വര്‍ഷവും അരുണ്‍ 27 വര്‍ഷവും തടവ്‌ അനുഭവിക്കണം. ഇരുവരും കുറ്റക്കാരാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഇവരുടെ പ്രണയത്തിന്‌ തടസമായി നിന്ന സാമിനെ സയനൈഡ്‌ നല്‍കി കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞിരുന്നു. മെല്‍ബണില്‍ യുഎഇ എക്‌സ്‌ചേഞ്ച്‌ ജീവനക്കാരനായിരുന്നു സാം. 2015 ഒക്ടോബറില്‍ എപ്പിങിലെ വീട്ടില്‍ മരിച്ച നിലയില്‍ സാമിനെ കണ്ടെത്തുകയായിരുന്നു. ഹൃദ്രോഗംമൂലം മരിച്ചതാണെന്നു സോഫിയ വീട്ടുകാരെ വിശ്വസിപ്പിച്ച്‌ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. കടുത്ത പ്രണയത്തിലായിരുന്ന സോഫിയയും അരുണും ഒന്നിച്ചു ജീവിക്കാന്‍ സാമിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ഓറഞ്ച്‌ ജ്യൂസില്‍ സയനൈഡ്‌ കലര്‍ത്തി കൊലപ്പെടുത്തിയെന്നുമാണ്‌ പ്രോസിക്യൂഷന്‍ കേസ്‌. പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തത്തിലും കരളിലും അമിത അളവില്‍ സയനൈഡ്‌ കണ്ടെത്തിയിരുന്നു. പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്ന ഇരുവരെയും സംഭവം നടന്ന്‌ പത്തുമാസംകഴിഞ്ഞാണ്‌ അറസ്റ്റു ചെയ്‌തത്‌. അന്നുമുതല്‍ ഇരുവരും റിമാന്‍ഡിലാണ്‌.