Breaking News

Trending right now:
Description
 
Jun 21, 2018

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ്‌ രാജിവച്ചു

image കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്‌ അരവിന്ദ്‌ സുബ്രഹ്മണ്യന്‍ രാജിവച്ചു. കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പാണ്‌ അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്‌. രണ്ടുമാസത്തിനകം അരവിന്ദ്‌ സുബ്രഹ്മണ്യന്‍ യുഎസിലേക്ക്‌ മടങ്ങും. വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാലാണ്‌ രാജിയെന്നു അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയാണ്‌ ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്‌. അരവിന്ദിനും കുടുംബത്തിനും നന്മകള്‍ ആശംശിച്ച്‌ നന്ദി പ്രകാശിപ്പിച്ചാണ്‌ ജെയ്‌റ്റ്‌ലിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌ അവസാനിക്കുന്നത്‌. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം വിട്ടുപോകുന്ന മൂന്നാമത്തെ പ്രമുഖ സാമ്പത്തിക ഉപദേഷ്ടാവാണ്‌ അരവിന്ദ്‌ സുബ്രഹ്മണ്യന്‍. നേരത്തെ റിസര്‍വ്‌ ബാങ്ക്‌ ചെയര്‍മാനായിരുന്ന രഘുറാം രാജനും നീതി ആയോഗ്‌ ഉപാധ്യക്ഷനായിരുന്ന അരവിന്ദ്‌ പനഗാരിയയും പോയിരുന്നു. പലപ്പോഴും തീരുമാനങ്ങളെടുക്കുന്നത്‌ വൈകിപ്പിക്കുന്ന നാല്‌ സികളെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞതു വിവാദമായിരുന്നു. കോര്‍ട്ട്‌, സിബിഐ, സിഎജി, സിവിസി ഇവയായിരുന്നു നാല്‌ സി-കള്‍. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ പലതിന്റെയും ബുദ്ധികേന്ദ്രമായിരുന്നു അരവിന്ദ്‌ സുബ്രഹ്മണ്യന്‍. സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ സബ്‌സിഡി നല്‍കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയെ ഡ്രീം ബോസെന്നാണ്‌ അരവിന്ദ്‌ സുബ്രഹ്മണ്യന്‍ വിശേഷിപ്പിച്ചത്‌. ഇതുവരെ ചെയ്‌തിട്ടുള്ളതില്‍വച്ച്‌ ഏറ്റവും മികച്ച ജോലിയായിരുന്നു സാമ്പത്തിക ഉപദേഷ്ടാവിന്റേത്‌. തന്റെ സേവനകാലത്ത്‌ ഏര്‍പ്പെടുത്തിയ ചരക്ക്‌ സേവന നികുതിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കിടെ മദ്യത്തെക്കൂടി പുതിയ നികുതിഘടനയ്‌ക്കു കീഴില്‍ കൊണ്ടുവരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.