Breaking News

Trending right now:
Description
 
Jun 21, 2018

യോഗ ലോകത്തെ ഐക്യത്തിലേക്ക്‌ നയിക്കും: പ്രധാനമന്ത്രി

image ലോകത്തെ ഐക്യത്തിലേക്കു നയിക്കുന്ന ശക്തിയാണ്‌ യോഗയെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. രാജ്യാന്തര യോഗദിനമായ ഇന്ന്‌ ഡെറാഡൂണില്‍ സംഘടിപ്പിച്ച യോഗ ദിനപരിപാടിയുടെ ദേശീയതല ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സൗഹാര്‍ദവും സാഹോദര്യവും വളര്‍ത്തുന്നതിന്‌ യോഗയ്‌ക്കു കഴിയും. യോഗയിലൂടെ ഇന്ത്യയുടെ കാല്‍പ്പാടുകള്‍ ലോകം പിന്തുടരുന്നു. നല്ല ആരോഗ്യത്തിനായുള്ള വലിയ ചുവടുവയ്‌പാണ്‌ യോഗാദിനം. അതിവേഗം മാറുന്ന ഈ കാലഘട്ടത്തില്‍ ഒരാളുടെ ശരീരത്തെയും തലച്ചോറിനെയും ആത്മാവിനെയും ഒരുമിച്ച്‌ നിര്‍ത്താന്‍ യോഗവഴി സാധിക്കും. ഇതു സമാധാനം കൊണ്ടുവരുമെന്നും മോദി പറഞ്ഞു. ഡെറാഡൂണിലെ വനഗവേഷണ കേന്ദ്രത്തില്‍ 50,000 പേര്‍ പങ്കെടുത്ത യോഗാഭ്യാസ ചടങ്ങുകള്‍ക്ക്‌ പ്രധാനമന്ത്രി നേതൃത്വം നല്‍കി. രാജ്യത്തെ ആയിരക്കണക്കിനു കേന്ദ്രങ്ങളിലും ലോകരാജ്യങ്ങളിലും യോഗാദിന പരിപാടികള്‍ നടക്കുന്നുണ്ട്‌.

യോഗ മതാതീതമായ അഭ്യാസമുറയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. യോഗയെ ആരും ഹൈജാക്ക്‌ ചെയ്യരുത്‌. അതിനെ നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കണം. ഇത്‌ തങ്ങള്‍ക്കുമാത്രം അര്‍ഹിക്കുന്നതാണെന്നു പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക്‌ അത്‌ ചെയ്യുന്നതിന്‌ ബുദ്ധിമുട്ട്‌ ഉണ്ടാകുമെന്നും പിണറായി വ്യക്തമാക്കി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന യോഗദിനാചരണവും അദ്ദേഹം ഉദ്‌ഘാടനം ചെയ്‌തു. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയുടെ നേതൃത്വത്തില്‍ യോഗദിനം ആചരിച്ചു. കേന്ദ്ര ആയുഷ്‌ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ്‌ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്‌. ഐക്യരാഷ്ട്രസഭ 2014 ജൂണ്‍ 21നാണ്‌ രാജ്യാന്തര യോഗദിനമായി പ്രഖ്യാപിച്ചത്‌.