Breaking News

Trending right now:
Description
 
Jun 20, 2018

ഗോവയില്‍ നിന്നു ആലപ്പുഴ വഴിയുള്ള ട്രെയിന്‍ സര്‍വീസിനു സാധ്യത

image ആലപ്പുഴ: വിനോദസഞ്ചാര കേന്ദ്രങ്ങളായ ആലപ്പുഴയും ഗോവയും തമ്മില്‍ നേരിട്ടു ബന്ധിച്ചുള്ള ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിനു സാധ്യത തെളിയുന്നു. കൊങ്കന്‍ റെയില്‍വേയിലൂടെ ട്രെയിന്‍ സര്‍വീസ്‌ ആരംഭിച്ചപ്പോള്‍ മുതല്‍ കുട്ടനാട്‌-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ്‌ അസോസിയേഷന്‍ (കെര്‍പ) ആലപ്പുഴ വഴിയുള്ള ട്രെയിന്‍ വേണമെന്ന ആവശ്യം ഉന്നയിച്ചുവരുന്നുണ്ട്‌. ഗോവയിലെ വാസ്‌കോ-ഡ-ഗാമയില്‍ നിന്നു മംഗലൂരു വഴി തിരുവനന്തപുരത്തിനും തിരികെയും ട്രെയിന്‍ സര്‍വീസ്‌ ആരംഭിക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ്‌ ഗോയലിനു സൗത്ത്‌ ഗോവ എം.പി അഡ്വ. നരേന്ദ്ര കെ. സാവായികര്‍ കഴിഞ്ഞ ദിവസം കത്തു നല്‌കി. കേരളവുമായി മികച്ച കണക്ടിവിറ്റി ആവശ്യമാണെന്നു എം.പി ചൂണ്ടിക്കാട്ടി. ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്റെ കത്ത്‌ അടിസ്ഥാനമാക്കിയാണ്‌ എം.പി ആവശ്യം ഉന്നയിച്ചിട്ടുള്ളത്‌. ഫെഡറേഷന്‍ ഓഫ്‌ ഓള്‍ ഗോവ മലയാളി അസോസിയേഷന്‍സും ഇതേ ആവശ്യവുമായി രംഗത്തുണ്ട്‌. കേരളത്തില്‍ നിന്നുള്ള എം.പിമാരോട്‌ കെര്‍പ ഈ ആവശ്യം ഉന്നയിച്ചിരുവെങ്കിലും പരിഗണിച്ചിരുന്നില്ല.

കേരളത്തില്‍നിന്നു നിലവില്‍ ഗോവ വഴി കടന്നു പോകുന്ന ട്രെയിനുകളില്‍ തിരക്ക്‌ ഏറെയായതിനാല്‍ മധ്യകേരളത്തിലുള്ളവര്‍ക്കു യാത്ര ബുദ്ധിമുട്ടാണ്‌. ഗോവയിലെ പ്രധാന സ്റ്റേഷനായ മഡ്‌ഗാവിലൂടെയാണ്‌ ഇപ്പോള്‍ ട്രെയിനുകള്‍ കടന്നു പോകുന്നത്‌. ഗോവയില്‍ മലയാളികളുടെ വന്‍ജനസംഖ്യയാണുള്ളത്‌. ഗോവയില്‍ ഒരു ലക്ഷത്തോളം കേരളീയര്‍ താമസിക്കുന്നുണ്ടെന്നു കരുതുന്നു. കൂടാതെ വിനോദ സഞ്ചാരികളായി എത്തുന്നവര്‍ വേറെയും. ഗോവയും കേരളവും നേരിട്ടു ബന്ധിച്ചുള്ള ട്രെയിന്‍ സര്‍വീസുകളെക്കുറിച്ചു കേന്ദ്ര മന്ത്രിയോടു എം.പി സൂചിപ്പിച്ചുവെങ്കിലും റെയില്‍വേ ബോര്‍ഡ്‌ ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്‌. അതു വൈകാതെ ശരിയാകുമെന്നാണ്‌ പ്രതീക്ഷ. സംഘടനകള്‍ തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും ട്രെയിനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. മമതാ ബാനര്‍ജി കേന്ദ്ര റെയില്‍വേ മന്ത്രി ആയിരുന്നപ്പോള്‍ വാസ്‌കോ-ഡ-ഗാമയും എറണാകുളവും തമ്മില്‍ ബന്ധിപ്പിക്കുന്ന നേരിട്ടുള്ള ട്രെയിന്‍ പാര്‍ലമെന്റില്‍ സമ്മതിച്ചിരുന്നതാണ്‌. കൊങ്കണ്‍ റെയില്‍ പാത 1998 ജനുവരി 26-നാണ്‌ തുറന്നത്‌. മഹാരാഷ്ട്രയിലെ രോഹയും കര്‍ണാടകത്തിലെ മംഗലൂരും ബന്ധിച്ചുള്ള കൊങ്കണ്‍ റെയില്‍വേയുള്ള തുടര്‍ച്ചയായി കരുതാവുന്നതാണ്‌ കേരളത്തിലെ എറണാകുളം-ആലപ്പുഴ-കായംകുളം തീരദേശ റെയില്‍പ്പാത. ഗോവയിലെ മര്‍മ്മഗോവ തുറമുഖത്തിനും ഡബോളിം വിമാനത്താവളത്തിനും അടുത്താണ്‌ വാസ്‌കോ-ഡ-ഗാമ റെയില്‍വേ സ്‌റ്റേഷന്‍. മെയിന്‍ കൊങ്കണ്‍ പാതയില്‍ നിന്നു വാസ്‌കോയിലേക്കു മജോര്‍ദ ജംഗ്‌ഷനില്‍ നിന്നു വഴിതിരിഞ്ഞുപോകുന്നു. മഡ്‌ഗാവില്‍ നിന്നു വാസ്‌കോയ്‌ക്ക്‌ 24 കിലോമീറ്ററും മജോര്‍ദയില്‍ നിന്നു 17 കിലോമീറ്ററും ദൂരമുണ്ട്‌.