Breaking News

Trending right now:
Description
 
Jun 20, 2018

മെഹബൂബയുടെ ഭരണം തോന്നുംപടിയെന്ന്‌ ബിജെപി

image പിഡിപിയുമായുള്ള അഭിപ്രായഭിന്നത രൂക്ഷമായതാണ്‌ ജമ്മുകാഷ്‌മീരിലെ ഭരണസഖ്യത്തില്‍നിന്നു പിന്മാറാന്‍ ബിജെപി തീരുമാനമെടുത്തത്‌. ഡല്‍ഹിയിലെ പ്രത്യേക യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത്‌ ഷാ അതിനു പച്ചക്കൊടി വീശുകയും ചെയ്‌തു. കാഷ്‌മീരിലെ ഒരു മാസത്തെ വെടിനിര്‍ത്തല്‍ നീട്ടണമെന്ന മെഹബൂബയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയതോടെയാണ്‌ ഇരുകക്ഷികളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്‌. പിഡിപി തോന്നുംപിടിയാണ്‌ കാര്യങ്ങള്‍ നടത്തിയിരുന്നതെന്നും കാഷ്‌മീരിലെ ബിജെപി ഉപമുഖ്യമന്ത്രിയായിരുന്ന കവീനന്ദര്‍ ഗുപ്‌ത ആരോപിച്ചു. കാഷ്‌മീരില്‍ അക്രമസംഭവങ്ങള്‍ വര്‍ധിച്ചതും ബിജെപിയെ അസ്വസ്ഥനാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ അടുത്തതോടെ പിഡിപിയെ ന്യായികരിച്ച്‌ മുന്നോട്ടുപോകുന്നത്‌ കൂടുതല്‍ അപകടത്തിലേക്കു നയിക്കുമെന്നു ബിജെപി മനസിലാക്കിയാണ്‌ പിന്‍തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചത്‌. കാഷ്‌മീരിലെ വിഘടനവാദികളും സുരക്ഷാസേനയും തമ്മിലുളള ഏറ്റുമുട്ടലുകള്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമാണ്‌. കല്ലേറു ചെറുക്കാന്‍ യുവാവിനെ സൈനിക വാഹനത്തിനു മുന്നില്‍ ആള്‍മറയാക്കിയ സംഭവത്തിനു പിന്നാലെ കഠ്‌ വയില്‍ ബാലികയെ പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ പ്രതികള്‍ക്ക്‌ അനുകൂലമായി ബിജെപി നിലപാട്‌ എടുത്തതും ഏറെ വിമര്‍ശിക്കപ്പെട്ടു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഷുജാത്‌ ബുകാരിയുടെയും ജവാന്‍ ഔറംഗസേബിന്റെയും കൊലപാതകങ്ങളും ഒടുവിലത്തെ സംഭവങ്ങളാണ്‌.