Breaking News

Trending right now:
Description
 
Jun 20, 2018

കാര്‍ഷിക വായ്‌പാ ക്രമക്കേട്‌ കേസ്‌: ഫാ.പീലിയാനിക്കല്‍ അറസ്റ്റില്‍

image കാര്‍ഷിക വായ്‌പ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ കുട്ടനാട്‌ വികസന സമിതി എക്‌സിക്യുട്ടീവ്‌ ഡയറക്ടര്‍ ഫാ.തോമസ്‌ പീലിയാനിക്കലിനെ ക്രൈംബ്രാഞ്ച്‌ അറസ്റ്റു ചെയ്‌തു. ഇന്നലെ വൈകിട്ട്‌ നാലരയോടെ മാമ്പുഴക്കരിയിലെ വിസന സമിതി ഓഫിസില്‍നിന്നു അന്വേഷണസംഘം ചോദ്യം ചെയ്യാനായി കൂട്ടിക്കൊണ്ടുപോവുകയും അറസ്‌റ്റുരേഖപ്പെടുത്തുകയുമായിരുന്നു. കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നെല്‍ക്കര്‍ഷക സ്വയംസഹായ സംഘങ്ങളുണ്ടാക്കി അംഗങ്ങളറിയാതെ ബാങ്ക്‌ വായ്‌പയെടുത്തെന്നും വായ്‌പ ലഭിക്കാന്‍ കമ്മീഷന്‍ വാങ്ങിയെന്നുമുള്ള പരാതിയിലാണ്‌ അന്വേഷണം നടക്കുന്നത്‌. ക്രമക്കേടുമായി ബന്ധപ്പെട്ട്‌ കുട്ടനാട്ടിലെ വിവിധ പൊലീസ്‌ സ്റ്റേഷനുകളില്‍ 14 കേസുകളുണ്ട്‌. ഏതാനും കേസുകളില്‍ അദ്ദേഹത്തിന്‌ ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. വ്യാജരേഖ ചമച്ച്‌ പണം തട്ടിയതിനും വിശ്വാസവഞ്ചനയ്‌ക്കുമാണ്‌ കേസ്‌. ഒരുവശത്ത്‌ കര്‍ഷകര്‍ അറിയാതെ അവരുടെ പേരില്‍ വായ്‌പകളെടുത്തെന്ന്‌ ആരോപണം നേരിടുന്ന ഫാ.പീലിയാനിക്കല്‍ മറുവശത്ത്‌ കര്‍ഷക വായ്‌പകള്‍ എഴുതി തള്ളാനായി നിരന്തരം പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. ഇതിനായി ഡല്‍ഹിയില്‍പോയി കേന്ദ്ര കൃഷിമന്ത്രിക്ക്‌ നിവേദനം നല്‍കുകയും ചെയ്‌തിരുന്നു. കര്‍ഷകരില്‍ പലര്‍ക്കും ജപ്‌തി നോട്ടീസ്‌ ലഭിച്ചപ്പോഴാണ്‌ തട്ടിപ്പ്‌കഥകള്‍ പുറത്തുവന്നത്‌. വായ്‌പകള്‍ തിരിച്ചടയ്‌ക്കാതിരുന്നതിനെ തുടര്‍ന്ന്‌ 250 കര്‍ഷകര്‍ക്ക്‌ വിവിധ ബാങ്കുകളില്‍നിന്ന്‌ ജപ്‌തി നോട്ടീസ്‌ ലഭിച്ചിരുന്നു. കുട്ടനാട്‌ വികസന സമിതി അക്കൗണ്ടന്റ്‌ ത്യേസ്യാമ്മ, നെല്‍ക്കര്‍ഷകസമിതി പ്രസിഡന്റ്‌ കെ.ടി.ദേവസ്യ തുടങ്ങിയവരും കേസില്‍ പ്രതികളാണ്‌. ഇവര്‍ ഒളിവിലാണ്‌.