Breaking News

Trending right now:
Description
 
Jun 20, 2018

കാഷ്‌മീര്‍ സര്‍ക്കാര്‍ വീണു; ഭരണം ഗവര്‍ണര്‍ക്ക്‌

image പിഡിപിയുമായി ചേര്‍ന്നുള്ള ഭരണസഖ്യത്തില്‍നിന്നു ബിജെപി പിന്മാറിയതിനെ തുടര്‍ന്ന്‌ ഭരണപ്രതിസന്ധിയിലായ ജമ്മുകാഷ്‌മീരില്‍ ഭരണം ഗവര്‍ണര്‍ക്ക്‌. പ്രത്യേക സംസ്ഥാന പദവിയുള്ള ജമ്മുകാഷ്‌മീരില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടായ സഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിശദീകരിച്ചു ഗവര്‍ണര്‍ എന്‍.എന്‍.വോറ രാഷ്ട്രപതിക്കും കേന്ദ്രസര്‍ക്കാരിനും റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഇതിനുപിന്നാലെ സംസ്ഥാനത്ത്‌ ഗവര്‍ണര്‍ഭരണം ഏര്‍പ്പെടുത്തണമെന്നുള്ള ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. ഇതുസംബന്ധിച്ചുള്ള ഉത്തരവില്‍ അദ്ദേഹം ഒപ്പിടുകയും ചെയ്‌തു. ഗവര്‍ണര്‍ഭരണം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ രാഷ്ട്രപതി റാം നാഥ്‌ കോവിന്ദ്‌ അംഗീകരിച്ചു. ആറുമാസത്തേക്കാണ്‌ ഗവര്‍ണര്‍ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഇന്നലെ ഉച്ചയോടെയാണ്‌ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി രാജിക്കത്ത്‌ ഗവര്‍ണര്‍ക്ക്‌ നല്‍കിയത്‌. പിന്തുണ പിന്‍വലിക്കുകയാണെന്നു പറഞ്ഞു ബിജെപി നേതൃത്വം രംഗത്തുവന്നതിനു തൊട്ടുപിന്നാലെയായിരുന്നു മെഹബൂബ മുഫ്‌തിയുടെ രാജി. ബിജെപി അധ്യക്ഷന്‍ അമിത്‌ ഷാ കാഷ്‌മീരില്‍നിന്നുള്ള പാര്‍ട്ടി നേതാക്കളെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക്‌ വിളിച്ചുവരുത്തിയിരുന്നു. യോഗത്തില്‍ സഖ്യംവിടുന്നതിന്‌ നേതാക്കള്‍ തീരുമാനം എടുക്കുകയും ചെയ്‌തു. മൂന്നുവര്‍ഷത്തിലേറെയായി കടുത്ത അഭിപ്രായഭിന്നതകളുമായി തുടരുന്ന പിഡിപി സഖ്യം അവസാനിപ്പിക്കാനുള്ള ബിജെപിയുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. പത്തുവര്‍ഷത്തിനിടെ നാലാംതവണയാണ്‌ ജമ്മുകാഷ്‌മീരില്‍ ഗവര്‍ണര്‍ഭരണം വരുന്നത്‌.