Breaking News

Trending right now:
Description
 
Jun 19, 2018

ആലപ്പുഴയില്‍ ട്രാഫിക്‌ സിഗ്നല്‍ വന്നിട്ടും കാര്യമില്ല; തടസ്സങ്ങള്‍ നീക്കാന്‍ ആളില്ല!

image ആലപ്പുഴ: പട്ടണത്തിലെ തിരക്കേറിയ ജംഗ്‌ഷനുകളില്‍ ട്രാഫിക്‌ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചു തുടങ്ങിയെങ്കിലും ഡ്രൈവര്‍മാര്‍ക്ക്‌ ലൈറ്റുകള്‍ പോലും കാണാന്‍ കഴിയാത്ത വിധത്തില്‍ തടസങ്ങള്‍! ലൈറ്റു മറയ്‌ക്കുന്ന ബോര്‍ഡുകളും മരച്ചില്ലകളും ഒന്നും തന്നെ ഒഴിവാക്കിയിട്ടില്ല. എന്നുതന്നെയുമല്ല ടാറിട്ട റോഡില്‍ കസേരകളിട്ടു ആഹാരം വിളമ്പുന്ന തട്ടുകടകള്‍ ട്രാഫിക്‌ ലൈറ്റിനോടു ചേര്‍ന്നു തൂണിനു കീഴില്‍ തന്നെയുണ്ടുതാനും. ചീറിവരുന്ന വാഹനങ്ങള്‍ക്കിടയില്‍ കടകള്‍ക്കു മുന്നില്‍ കൂടിനില്‌ക്കുന്നവരും നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളും കൂടിയാകുമ്പോല്‍ ആള്‍ക്കാര്‍ ജീവന്‍ കൈയിലെടുത്തു പിടിക്കേണ്ടി വരും!

പുതുതായി സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനു മുന്‍പ്‌ ജംഗ്‌ഷനുകളിലെയും പാലങ്ങളിലെയും റോഡുകളിലെയും എല്ലാവിധ തടസങ്ങളും നീക്കം ചെയ്‌തു ഗതാഗതം സുഗമമാക്കാന്‍ അധികൃതര്‍ മുന്നിട്ടിറങ്ങണമെന്നു തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടി.ആര്‍.എ) ഏതാനും ആഴ്‌ചകള്‍ മുന്‍പ്‌ ആവശ്യപ്പെട്ടിട്ടും പരിഗണിച്ചിട്ടില്ല. അല്ലെങ്കില്‍ ഗതാഗതക്കുരുക്കിനു ഒരിക്കലും ശമനമുണ്ടാകില്ലെന്നു ചൂണ്ടിക്കാട്ടിയിരുന്നു. വൈ.എം.സി.എ പാലം, ജില്ലാ കോടതി പാലം ജംഗ്‌ഷനുകളിലാണ്‌ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ സാധനസാമഗ്രികള്‍ ഇറക്കിയിട്ടിരുന്നത്‌. വൈ.എം.സി.എ പാലം ജംഗ്‌ഷനില്‍ 11-നു തുണുകള്‍ സ്ഥാപിച്ചു ലൈറ്റുകള്‍ സ്ഥാപിച്ചു ട്രയല്‍ നടത്തിക്കഴിഞ്ഞു. ട്രാഫിക്‌ ലൈറ്റുകള്‍ നിലവില്‍ പാലവുമായി ചേര്‍ന്നു സ്ഥാപിച്ചിരിക്കുന്നയിടങ്ങള്‍ ഉചിതമായ സ്ഥാനം തന്നെയാണോ എന്നു കാഴ്‌ചക്കാര്‍ക്കു സംശയമുണ്ട്‌.

ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാന്‍ ജംഗ്‌ഷനുകളിലും പാലങ്ങളുടെ കയറ്റിയിറക്കങ്ങളിലും ബസുകളും ഓട്ടോറിക്ഷകളും നിറുത്തി യാത്രക്കാരെ കയറ്റിയിറക്കുന്നതു നിരോധിക്കണം എന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിന്മേല്‍ ഇപ്പോഴും നടപടിയില്ല. നൂറു മീറ്റര്‍ മാറിയേ സ്‌റ്റോപ്പ്‌ പാടുള്ളു എന്നു നിയമത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളപ്പോഴാണിത്‌.

ഗതാഗതം സുഗമമാക്കാന്‍ മുന്നോട്ടുവച്ചിരുന്ന മറ്റ്‌ ആവശ്യങ്ങളിലെ പ്രധാനപ്പെട്ടവ:

* പാലങ്ങളുടെ ജംഗ്‌ഷനുകളുടെയും അരികുകള്‍ വളച്ചു വിസ്‌താരപ്പെടുത്തുക.
* റോഡു വക്കില്‍ കിടക്കുന്ന കല്ലും കട്ടകളും തടികളും നീക്കം ചെയ്യുക.
* തകര്‍ന്ന കാനകളും കൈവരികളും റോഡിലെ പൊക്കതാഴ്‌ചകളും കട്ടിംഗുകളും നന്നാക്കുക.
* കാഴ്‌ച, മാര്‍ഗ തടസമുണ്ടാക്കുന്ന ബോര്‍ഡുകളും തോരണങ്ങളും കേബിളുകളും സ്ഥാപിക്കാന്‍ അനുവദിക്കാതിരിക്കുക.
* തട്ടുകടകളും വഴിവാണിഭവും റോഡിനോടു ചേര്‍ന്നുള്ള ഷെഡുകളും പൊളിച്ചുമാറ്റുക.
* വളവുകളോടു ചേര്‍ന്നുള്ള ഓട്ടോറിക്ഷ, കാര്‍ സ്‌റ്റാന്‍ഡുകള്‍ മാറ്റി സ്ഥാപിക്കുക.
* കയറും കേബിളും കെട്ടിയും പാട്ട ബോര്‍ഡുകള്‍ സ്ഥാപിച്ചുള്ളതുമായ അപകടകരമായ ഗതാഗത നിയന്ത്രണം അവസാനിപ്പിക്കുക.
* പടര്‍ന്നു കിടന്നു വൈദ്യുത കമ്പിയിലും മറ്റും മുട്ടിക്കിടക്കുന്ന മരങ്ങളുടെ ചില്ലകളും വീഴാറായിട്ടുള്ള വൃക്ഷങ്ങള്‍ തന്നെയും വെട്ടി നീക്കുക.
* റോഡിലേക്ക്‌ ഇറങ്ങി നില്‌ക്കുന്ന പോസ്‌റ്റുകളും സ്‌റ്റേ വയറുകളും മാറ്റി സ്ഥാപിക്കുക.
* മീഡിയനുകള്‍ മുന്‍കൂട്ടി തിരിച്ചറിയത്തക്കവിധം സൂചനാ ബോര്‍ഡുകളും റോഡ്‌ മാര്‍ക്കിംഗുകളും ഏര്‍പ്പെടുത്തുക.
* സ്ഥലം ലഭ്യമായയിടങ്ങളില്‍ ബസ്‌ ബേകള്‍ സ്ഥാപിക്കുക.

റോഡിലെ അനധികൃത പ്രവൃത്തികളുടേയും പിന്നിലുള്ള സംഘടിതരും സാമ്പത്തികമായി ബലവാന്മാരുമായ ന്യൂനപക്ഷത്തിനു വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ കൈയയച്ചുപിന്തുണ നല്‌കുന്നതിനാല്‍ തടസങ്ങള്‍ ഒരിക്കലും മാറില്ലെന്നാണ്‌ യാത്രക്കാരുടെ പരാതി. ട്രാഫിക്‌ പോലീസും നിസഹായരാണ്‌. പാഞ്ഞുവരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ കാല്‍നടയാത്രികര്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്‌. അതനുസരിച്ചു അപകടങ്ങളും കുരുക്കുകളും കൂടുകയും ചെയ്യുന്നു. റോഡില്‍ വാഹനങ്ങള്‍ക്കും നടപ്പാതകളില്‍ കാല്‍നടക്കാര്‍ക്കുമായിരിക്കണം മുന്‍ഗണനയെന്ന തത്ത്വത്തിനു ഒരു കോണില്‍ നിന്നും പിന്തുണയില്ലെന്നു ടി.ആര്‍.എ പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ ആരോപിച്ചു.