Breaking News

Trending right now:
Description
 
Jun 19, 2018

പട്ടിയെ കുളിപ്പിക്കലല്ല പൊലീസിന്റെ പണി: മുഖ്യമന്ത്രി

image പട്ടിയെ കുളിപ്പിക്കലല്ല പൊലീസിന്റെ പണിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പൊലീസിന്റെ ദാസ്യപ്പണി വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന്‌ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസിലെ ഉന്നതര്‍ മറ്റു ജീവനക്കാരെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന പ്രവണത പൂര്‍ണമായും അവസാനിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരും പൊലീസ്‌ മേധാവിയും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ എത്ര ഉന്നതനായാലും കര്‍ശനനടപടി സ്വീകരിക്കും. എഡിജിപി ആയിരുന്ന സുധേഷ്‌ കുമാറിന്റെ മകള്‍ മര്‍ദ്ദിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമുള്ള പൊസീസ്‌ ഡ്രൈവര്‍ ഗവാസ്‌കറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എഡിജിപിയുടെ മകളെ പ്രതിയാക്കി കേസെടുത്തിട്ടുണ്ട്‌. എഡിജിപിയുടെ മകളുടെ പരാതിയിലും കേസെടുത്തു. രണ്ടുകേസുകളും ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചു.കീഴ്‌ ഉദ്യോഗസ്ഥരെ കഴുത്തിന്‌ കുത്തിപ്പിടിക്കുന്ന ഉദ്യോഗസ്ഥര്‍ സേനയിലുണ്ടായിരുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷാ ചുമതലകള്‍ക്കായി 335 പേരെ നിയമിച്ചിട്ടുണ്ട്‌. 199 പേര്‍ക്കാണ്‌ സുരക്ഷയൊരുക്കുന്നത്‌. 23 പേര്‍ക്ക്‌ സുരക്ഷ ആവശ്യമില്ലെന്നു സുരക്ഷ അവലോകനസമിതി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ദാസ്യപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലീസുകാര്‍ക്കും അവരെ മടക്കിവിടാന്‍ ഉന്നതപൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കും ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ ഉത്തരവ്‌ നല്‍കി. ഇതിന്‌ ഒരുദിവസത്തെ സാവകാശമാണ്‌ നല്‍കിയിരിക്കുന്നത്‌. രണ്ടായിരത്തിലേറെ പൊലീസുകാരാണ്‌ പൊലീസിന്റേതല്ലാത്ത പണി ചെയ്യുന്നത്‌.