Breaking News

Trending right now:
Description
 
Jun 15, 2018

താമരശേരി കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടി 7 മരണം

image കോഴിക്കോട്‌ താമരശേരി കട്ടിപ്പാറയില്‍ വ്യാഴാഴ്‌ച പുലര്‍ച്ചെ ഉരുള്‍പൊട്ടി മൂന്നുകുട്ടികല്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. മൂന്നു കുടുംബങ്ങളിലെ ഏഴുപേരെ കാണാതായി. കട്ടിപ്പാറ പഞ്ചായത്തിലെ വെട്ടിയൊഴിഞ്ഞതോട്ടം മുക്ക്‌-ചമല്‍ റോഡില്‍ കരിഞ്ചോല മലയിലാണ്‌ ഉരുള്‍പൊട്ടിയത്‌. പുലര്‍ച്ചെ മലയുടെ മുകളില്‍നിന്നുണ്ടായ മണ്ണിടിച്ചിലില്‍ ഈ ഭാഗത്തുണ്ടായിരുന്ന അഞ്ചുവീടുകള്‍ ഒഴുകിപ്പോയി. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ രാത്രി അവസാനിപ്പിച്ചിരുന്നു. ഇന്നു വീണ്ടും തുടരും. മരിച്ചവര്‍: ഉമ്മിണി അബ്ദുറഹിമാന്‍ (60), അബ്ദുറഹിമാന്റെ മകന്‍ ജാഫര്‍ (35), ജാഫറിന്റെ മകന്‍ മുഹമ്മദ്‌ ജാസിം (അഞ്ച്‌), അബ്ദുല്‍ സലിമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (ഒമ്പത്‌), മുഹമ്മദ്‌ ഷഹബാസ്‌ (മൂന്ന്‌), കരിഞ്ചോല ഹസന്‍ (65), ജന്നത്ത്‌ (17). മൃതദേഹങ്ങള്‍ രാത്രിയോടെ കബറടക്കി.
മലപ്പുറം, പാലക്കാട്‌, കാസര്‍കോട്‌ ജില്ലകളിലും മഴയെ തുടര്‍ന്ന്‌ ഉരുള്‍പൊട്ടി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഗതാഗതതടസവും ഇതിനുപുറമേയാണ്‌. പ്രകൃതിക്ഷോഭങ്ങളില്‍ സംസ്ഥാനത്ത്‌ ഏഴുമരണംകൂടി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. മലപ്പുറം, തൃശൂര്‍, കോട്ടയം ജില്ലകളില്‍ രണ്ടുമരണം വീതവും കോഴിക്കോട്‌ ഒരുമരണവുമാണ്‌ വ്യാഴാഴ്‌ച ഉണ്ടായത്‌.