Breaking News

Trending right now:
Description
 
Feb 08, 2013

എന്റെ വാലന്റയില്‍ ഡേ 19-ന്‌ വിവാദത്തില്‍, സിനിമ നിരോധിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍

image
ഒരു ചരിത്ര സിനിമയുടെ പുനരാവിഷ്‌കരമാണമാണ്‌ എന്റെ വാലന്റയിന്‍ഡേ 19-ന്‌  എന്ന സിനിമ. സ്‌ത്രീപക്ഷ സിനിമയെന്നും രാഷ്ട്രീയ സിനിമയെന്നും  ഇതിനെ വേണെങ്കില്‍ വിശേഷിപ്പിക്കാം. സിനിമയുടെ ആദ്യം ഭാഗം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. സൂര്യനെല്ലി, കുമളി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലായാണ്‌ സിനിമ ചിത്രീകരിച്ചത്‌.  കോണ്‍ഗ്രസുകാരെ അവഹേളിക്കുന്ന പരാമര്‍ശം ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്ന്‌ പ്രദര്‍ശനം നിരോധിച്ചിരുന്ന സിനിമ ഇപ്പോള്‍ സുപ്രീം കോടതി ഇടപ്പെട്ടാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌

ഐസ്‌ക്രീം വില്‌പനക്കാരന്റെ ഡയറിക്കുറുപ്പുകള്‍ എന്ന സിനിമയുടെ തിരക്കഥയും എന്റെ വാലന്റയില്‍ ഡേ 19-ന്‌ എന്ന സിനിമയുടെ കഥയും ഒരേ രീതിയില്‍ പുരോഗമിക്കുന്നതിനാല്‍  "ഒരു ഐസ്‌ക്രീ വില്‌പനക്കാരന്റെ ഡയറിക്കുറുപ്പുക" ളുടെ പ്രദര്‍ശനം നിറുത്തി വയ്‌ക്കണമെന്ന്‌ നിര്‍മ്മാതാവ്‌ വിഎസിനോട്‌ നായകന്‍ കുഞ്ഞാലി പറഞ്ഞതിനെ ചൊല്ലിയും ഇപ്പോള്‍ വിവാദം കൊഴുക്കുന്നുണ്ട്‌..

ഒരേ സമയം വളരെ സാമൂഹ്യപ്രാധാന്യമുള്ള രണ്ട്‌ പ്രമുഖ നടന്മാരുടെ സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന്‌ കുഞ്ഞാലി -കുര്യന്‍ ഫാന്‍സ്‌ അസോസിയേഷന്‍കാരായ മഹിള അസോസിയേഷനും മഹിള ഫെഡറേഷനും ഇന്നലെ നടന്ന സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ആവിശ്യപ്പെട്ടിരുന്നു.

ഇത്‌ പത്ത്‌ പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കേരളത്തിലെ വാലന്റയിന്‍ ഡേ ആഘോഷിച്ചിരുന്നത്‌ ഫെബ്രുവരി 19ന്‌ ആയിരുന്നുവത്രേ. അന്ന്‌ പറഞ്ഞു കൊടുക്കുന്ന പ്രണയാര്‍ദ്രമായ അറിവുകള്‍ കാലത്തിന്‌ പോലും മായിച്ചു കളയാന്‍ പറ്റില്ലത്രേ.  അന്ന്‌ പ്രായമോ ജാതിയോ സ്ഥാനമോ വലിപ്പ ചെറുപ്പമോ ഇല്ലാതെ ആര്‍ക്ക്‌ വേണമെങ്കിലും ആരോടും പ്രണയം പറയാമായിരുന്നു.

 അങ്ങനെയിരിക്കെ സൂര്യനല്ലി എന്ന നാട്ടില്‍ നിന്ന്‌ ഒരു പതിനാലുകാരി വാലന്റയില്‍ സ്‌നപ്‌നവും പേറി ഒളിച്ചോടി. കാമുകനുമൊത്ത്‌ നടന്ന പെണ്‍കുട്ടിയെ കാമശാസ്‌ത്ര വിദ്യകള്‍ പഠിപ്പിക്കാന്‍ പലരും എത്തി. ഏത്‌ പഠനത്തിനും ശിക്ഷണം വേണം. നല്ല ഗുരുക്കന്മാര്‍ വേണം. അങ്ങനെ കാമുകന്‍ നല്ല ഗുരുവിനായി കോഴിക്കോടും കോട്ടയത്തും അന്വേഷിച്ചപ്പോള്‍ ആയിടയ്‌ക്ക്‌ ഡല്‍ഹിയില്‍ നിന്ന്‌ ഒരു ഗുരുവെത്തിയെന്ന്‌ കേള്‍ക്കാന്‍ ഇടയായി. 

പെണ്‍കുട്ടിയെ ആ ഗുരുവിനെക്കൊണ്ട്‌ ദക്ഷിണവയ്‌പ്പിച്ച്‌ സുകുമാര കലയില്‍ അഗ്രഗണ്യയാക്കുവാന്‍ കാമുകന്‍ ഗുരുനാഥന്റെ കാലു പിടിച്ചു.   ഗുരുവിന്‌ തിരക്ക്‌,  തിരികെ ഡല്‍ഹിയില്‍ എത്തണം സമയം അഞ്ചു മണി. വിദ്യ പകര്‍ന്നുകൊടുക്കുവാന്‍ ഒരു പിഞ്ചു ബാലിക അപേക്ഷിച്ചത്‌ നിന്ദിച്ചാല്‍ ദൈവശാപം കിട്ടുമെന്നാണ്‌ അധ്യാപകപ്രതിജ്ഞയില്‍ ഏറ്റു പറയുന്നത്‌. ഗുരു ആലോചന ചിത്തനായി. 

"രണ്ടര മണിക്കൂര്‍ കൊണ്ട്‌ എന്നെ ശിഷ്യയുടെ അടുത്ത്‌ എത്തിക്കാമോ "
എന്ന്‌ തന്റെ മാന്ത്രിക കുതിരയോട്‌ ഗുരു ചോദിച്ചു.  കുതിര സമ്മത ഭാവത്തില്‍ ചിനച്ചു.  പിന്നെ പറക്കല്‍ കുമളി എന്ന കാട്ടുമുക്കിലേയ്‌ക്കുള്ള അരുവികളും മലകളും താണ്ടി പ്രതിബന്ധങ്ങള്‍ തകര്‍ത്തെറിഞ്ഞ്‌ അവര്‍ എത്തി.  അറിവ്‌ പകര്‍ന്ന്‌ കൊടുത്ത്‌ ഗുരു   മടങ്ങിയെന്ന്‌ ചില പുള്ളുവന്‍മാര്‍ പാടി നടന്നു.  ഇല്ല വഴിയില്‍ കുതിര വീണുപോയെന്നും,  വിദ്യ പറഞ്ഞു കൊടുക്കാന്‍ കഴിയാത്ത ദുഃഖവും പേറി ഗുരു മടങ്ങിയെന്ന്‌ മറ്റു ചില പുള്ളുവന്മാരും പറയുന്നു.

 ഇതാണ്‌ പന്ത്രണ്ട്‌ വര്‍ഷം മുമ്പ്‌ സിബി എന്ന അനശ്വര സംവിധായകന്‍ വരച്ചിട്ട സിനിമ. 
പന്ത്രണ്ട്‌ വര്‍ഷം കഴിഞ്ഞ്‌ ന്യുജനറേഷന്‍ സിനിമയായി ഈ വാലന്റയില്‍ തിരക്കഥ പുറത്തിറങ്ങിയ കോലഹലമാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്‌.

ഒരുവശത്ത്‌ വിദ്യ പറഞ്ഞ്‌ കൊടുത്ത ഗുരുവിനെ ശിക്ഷിക്കണമെന്ന്‌  ആവിശ്യപ്പെട്ട്‌ നാട്ടിലെ തണ്ടും തടിയുമുള്ള മഹിളാമണികള്‍ റോഡിലിറങ്ങി കുത്തിയിരുപ്പും നിലവിളിയും.
"അറിവ്‌ പകര്‍ന്നു നല്‌കിയ   ഞങ്ങളുടെ പ്രീയ ഗുരുവിനെ"  അപമാനിച്ച്‌ കേരളത്തിന്റെ വിദ്യാ സംസ്‌ക്കാരത്തെ തള്ളി പറയരുതെന്ന്‌ ആവിശ്യപ്പെട്ട്‌ വേറെ ചില മഹിള മണികള്‍ മറ്റൊരു വേദിയില്‍

കുതിരയ്‌ക്ക്‌ വയറ്റു വേദന വന്നതിനാല്‍ എനിക്ക്‌ അതിയായ മോഹം ഉണ്ടായിട്ടും അറിവ്‌ നല്‌കാന്‍ കഴിഞ്ഞില്ലെന്ന്‌ പാവം ഗുരുവും. 

സിനിമ തുടങ്ങുമ്പോള്‍ ലളിതകലയുടെ പഠനത്തിനിടയില്‍ നേരിട്ട ദുരവസ്ഥയില്‍ പാതി തളര്‍ന്ന ശരീരവുമായി ഒറ്റപ്പെട്ട ദ്വീപില്‍ കഴിയുന്ന ശിഷ്യയെയാണ്‌ നാം കാണുന്നത്‌. അര്‍ത്ഥശങ്കകള്‍ക്കിടയില്‍ പാതി മറച്ച മുഖവുമായി നിഴല്‍ച്ചിത്രമ്പോലെ തെന്നി നിങ്ങുന്ന ശിക്ഷ്യയുടെ നിശബ്ദ നിലവിളികള്‍ ചിലരെ കണ്ണീരില്‍ ആഴ്‌ത്തുമ്പോള്‍ മറ്റു ചിലര്‍ അവളെ ക്രൂശിക്കുക എന്നുറക്കെ വിളിച്ചു പറയുന്ന രംഗം ഛായഗ്രാഹകന്റെ മികവിനുദാഹരണമാണ്‌.

 പെണ്‍കുട്ടിയ്‌ക്ക്‌ വേണ്ടി യുദ്ധം ചെയ്യാന്‍ എത്തിയ വനിത ആര്‍ട്ടിസറ്റുകളുടെ മിന്നുന്ന പ്രകടനവുമായി സിനിമ കുറെ ദൂരം പോകുമ്പോ സംവിധായകന്‍ നായികയായ പെണ്‍കുട്ടിയെ പാതി വഴിയില്‍ ഉപേക്ഷിച്ച്‌ സിനിമ ചരിത്രത്തില്‍ നിന്ന്‌ വര്‍ത്തമാനകാലത്തിലേയ്‌ക്ക്‌ കൂടുതല്‍ ഫോക്കസ്‌ ചെയ്യപ്പെടുന്നതായി തോന്നും. 

പ്രമുഖ ന്യുജനറേഷന്‍ സിനിമ തിരക്കഥകൃത്തായ പിസി ജോര്‍ജ്ജിന്റെ ഭാഷ പല സമയത്തും മലയാളത്തില്‍ നിന്ന്‌ തെന്നിമാറി പോകുന്നതായി പ്രേക്ഷകര്‍ക്ക്‌ തോന്നുന്നുണ്ട്‌.  പല ഡയലോഗുകളും കേട്ട്‌ തഴമ്പിച്ചതു തന്നെ.  സിനിമ അവസാനിക്കുമ്പോള്‍ തളര്‍ന്ന്‌ കിടക്കുന്ന പെണ്‍കുട്ടി ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ്‌ ഇവനെ ക്രൂശുക്കുക എന്നുറക്കെ അലറി എത്തുമ്പോള്‍ പ്രേക്ഷകര്‍ പെണ്‍കുട്ടിയ്‌ക്കൊപ്പം എഴുന്നേറ്റ്‌ നിന്ന്‌ കയ്യടിക്കുന്നിടത്താണ്‌ സിനിമ അവസാനിക്കുന്നത്‌.

വാലറ്റം:  ഇന്ന്‌ പ്രൊപ്പോസല്‍ ഡേയാണ്‌. ഏതെങ്കിലും പഹയന്‍മാരോ പഹയത്തികളോ പ്രണയം ഉള്ളില്‍ വച്ചിട്ടുണ്ടെങ്കില്‍ നേരെ പോയി ഇന്ന കക്ഷിയോട്‌ പറയാം. കക്ഷി പ്രണയം സ്വീകരിച്ചോ അതോ ഗുലുമാലായോ എന്നറിയാന്‍ ചിലപ്പോള്‍ പന്ത്രണ്ട്‌ വര്‍ഷമൊക്കെ കാത്തിരിക്കേണ്ടി വരും.