Breaking News

Trending right now:
Description
 
Jun 14, 2018

യുവാവിനെ ഗണേഷ്‌കുമാര്‍ എംഎല്‍എ റോഡിലിട്ടുതല്ലി

image വീതികുറഞ്ഞ റോഡില്‍ കാറിനു സൈഡ്‌ കൊടുത്തില്ലെന്നു ആരോപിച്ച്‌ ഗണേഷ്‌ കുമാര്‍ എംഎല്‍എ യുവാവിനെ അമ്മയുടെ മുന്നില്‍ റോഡിലിട്ടു തല്ലി. തടയാന്‍ശ്രമിച്ച അമ്മയ്‌ക്കുനേരെ അസഭ്യം പറഞ്ഞു. എംഎല്‍എയുടെ മര്‍ദനത്തില്‍ പരുക്കേറ്റ കൊല്ലം അഗസ്‌ത്യക്കോട്‌ പുലിയത്ത്‌ അനന്തകൃഷ്‌ണനെ (22) അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗണേഷ്‌കുമാറും ഡ്രൈവറും ചേര്‍ന്ന്‌ തന്നെ മര്‍ദ്ദിക്കുകയും അമ്മ ഷീനയെ അസഭ്യം പറഞ്ഞുവെന്നുമുള്ള അനന്തകൃഷ്‌ണന്റെ പരാതിയില്‍ പൊലീസ്‌ കേസ്‌ എടുത്തു. അഗസ്‌ത്യക്കോട്‌ ശബരിസ്‌കൂളിനു സമീപം ബുധനാഴ്‌ചയാണ്‌ സംഭവം. മരണവീട്ടില്‍ പോയി മടങ്ങുകയായിരുന്നു ഗണേഷ്‌കുമാര്‍, അതേവീട്ടിലേക്കു കാറില്‍ പോവുകയായിരുന്നു അനന്തകൃഷ്‌ണനും അമ്മ ഷീനയും. വീതികുറഞ്ഞ റോഡില്‍ കാറുകള്‍ മുഖാമുഖം എത്തിയതോടെയാണ്‌ സംഭവങ്ങള്‍ക്കു തുടക്കം. ഷീന കാറിലിരുന്ന്‌ എംഎല്‍എയുടെ ഡ്രൈവറോട്‌ കാര്‍ അല്‌പം പിന്നോട്ടുമാറ്റിയിരുന്നെങ്കില്‍ ഇത്ര ബുദ്ധിമുട്ട്‌ ഉണ്ടാകുമായിരുന്നോ എന്നു ചോദിച്ചതാണ്‌ എംഎല്‍എയെ പ്രകോപിപ്പിച്ചതെന്നു പറയുന്നു. എംഎല്‍എയും ഡ്രൈവറും ആക്രമിക്കുന്നതുകണ്ട്‌ ആളുകള്‍ കൂടിയപ്പോഴേക്കും ഇരുവരും സ്ഥലംവിട്ടു. എംഎല്‍എയുടെ ഡ്രൈവറെ മര്‍ദിച്ചതിനു അനന്തകൃഷ്‌ണനെതിരെയും കേസുണ്ട്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസും യുവമോര്‍ച്ചയും എംഎല്‍എയുടെ വീട്ടിലേക്ക്‌ മാര്‍ച്ച്‌ നടത്തി. അതേസമയം യുവാവിനെ മര്‍ദിച്ചതുള്‍പ്പെടെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നു എംഎല്‍എ പ്രതികരിച്ചു.