Breaking News

Trending right now:
Description
 
Jun 14, 2018

രാഹുലിന്റെ ഇഫ്‌താര്‍ വിരുന്നില്‍ പ്രണബും

image
കോണ്‍ഗ്രസ്‌ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം രാഹുല്‍ ഗാന്ധി ആദ്യമായി നടത്തിയ ഇഫ്‌താര്‍ വിരുന്നില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ്‌ മുഖര്‍ജിയും പങ്കെടുത്തു. നാഗ്‌പൂരില്‍ ആര്‍എസ്‌എസ്‌ ചടങ്ങില്‍ പ്രണബ്‌ മുഖര്‍ജി പങ്കെടുത്തത്‌ ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. ഇഫ്‌താര്‍വിരുന്നില്‍നിന്ന്‌ പ്രണബിനെ ഒഴിവാക്കുമെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുവെങ്കിലും അതു ശരിയല്ലെന്നു പലര്‍ക്കും ബോധ്യമാവുകയും ചെയ്‌തു. വൈരംമറന്ന്‌ കോണ്‍ഗ്രസ്‌ ഇഫ്‌താര്‍വിരുന്നിന്‌ പ്രണബിനെ ക്ഷണിച്ചിരുന്നു. ആര്‍എസ്‌എസ്‌ ആസ്ഥാന സന്ദര്‍ശനത്തിനു ശേഷം ഇതാദ്യമായാണ്‌ രാഹുല്‍ഗാന്ധിയെ പ്രണബ്‌ കാണുന്നത്‌. വിരുന്നിനെത്തിയ പ്രണബ്‌ രാഹുലിനൊപ്പം ഇരിക്കുന്നതും ഗൗരവമായ ചര്‍ച്ചകള്‍ നടത്തുന്നതിന്റെയും ചിത്രങ്ങള്‍ കോണ്‍ഗ്രസ്‌ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിടുകയും ചെയ്‌തു.

രണ്ടുവര്‍ഷത്തിനുശേഷമാണ്‌ കോണ്‍ഗ്രസ്‌ ഇഫ്‌താര്‍ വിരുന്ന്‌ സംഘടിപ്പിക്കുന്നത്‌. മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍, മുന്‍ ഉപരാഷ്ട്രപതി ഹാമിദ്‌ അന്‍സാരി,
പ്രതിപക്ഷനേതാക്കളായ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, ഡിഎംകെ നേതാവ്‌ കനിമൊഴി, ബിഎസ്‌പി ജനറല്‍ സെക്രട്ടറി സതീഷ്‌ ചന്ദ്ര മിശ്ര, തൃണമൂല്‍ എംപി ദിനേഷ്‌ ത്രിവേദി, വിദേശരാജ്യങ്ങളില്‍നിന്നുള്ള അംബാസഡര്‍മാര്‍ തുടങ്ങിയവരും വിരുന്നില്‍ പങ്കെടുത്തു. ബിഎസ്‌പി നേതാവ്‌ മായാവതി, തൃണമൂല്‍ നേതാവ്‌ മമത ബാനര്‍ജി, എന്‍സിപി നേതാവ്‌ ശരദ്‌ പവാര്‍, ആര്‍ജെഡി നേതാവ്‌ തേജസ്വി യാദവ്‌ എന്നിവര്‍ പങ്കെടുത്തില്ല. പകരം പ്രതിനിധികളെ അയച്ചു. മുഖ്യമന്ത്രി അരവിന്ദ്‌ കേജരിവാളിനെ വിരുന്നിലേക്ക്‌ ക്ഷണിച്ചില്ല.