Breaking News

Trending right now:
Description
 
Jun 14, 2018

ലോകകപ്പ്‌ ഫുട്‌ബോളിന്‌ ഇന്നു കിക്കോഫ്‌

image മോസ്‌കോയിലെ ചരിത്രപ്രസിദ്ധമായ ലുഷ്‌നിക്‌ സ്റ്റേഡിയത്തില്‍ ലോക ഫുട്‌ബോള്‍ മത്സരത്തിന്റെ വെടിയൊച്ച ഇന്നു മുഴങ്ങും. ആതിഥേയരായ റഷ്യയുടെ ത്രിവര്‍ണ പതാകയുടെ കീഴില്‍ ഫുട്‌ബോള്‍ വസന്തം നിറയുന്ന കാഴ്‌ചയാവും 31 ദിനരാത്രങ്ങളില്‍ ലോകം കാണുക. ചരിത്രത്തില്‍ ആദ്യമായാണ്‌ റഷ്യ ലോകകപ്പിന്‌ ആതിഥേയത്വം വഹിക്കുന്നത്‌. ഇന്ത്യന്‍ സമയം വൈകിട്ട്‌ 6.30നാണ്‌ ഉദ്‌ഘാടന ചടങ്ങ്‌. ഗാലറിയിലെ പതിനായിരങ്ങള്‍ക്കൊപ്പം കോടിക്കണക്കിനു പേര്‍ ടിവിയിലൂടെ ചടങ്ങിന്‌ സാക്ഷികളാകും. രാത്രി 8.30ന്‌ അതിഥേയരായ റഷ്യയും ഏഷ്യന്‍ രാജ്യമായ സൗദ്യ അറേബ്യയും തമ്മിലാണ്‌ ആദ്യപോരാട്ടം. പതിനൊന്നു റഷ്യന്‍ നഗരങ്ങളിലെ 12 കൂറ്റന്‍ സ്‌റ്റേഡിയങ്ങളിലാവും പിന്നീടുള്ള മത്സരം. സമാപനദിവസമായ ജൂലൈ 15നു ലുഷ്‌നിക്‌ സ്റ്റേഡിയത്തില്‍ തിരിച്ചെത്തുന്നതോടെ 21-ാം ലോകകപ്പിന്റെ ജേതാവിനെ ലോകം ആദരവോടെ നോക്കികാണും. ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, ഫ്രാന്‍സ്‌, സ്‌പെയിന്‍, ഇംഗ്ലണ്ട്‌, പോര്‍ച്ചുഗല്‍ തുടങ്ങി 32 രാജ്യങ്ങളില്‍നിന്നുള്ള 736 കളിക്കാര്‍ കാല്‍പന്തിനു ചുറ്റും ഉണ്ടാകും. ലുഷ്‌നിക്‌ സ്റ്റേഡിയ കവാടത്തില്‍ ഉയര്‍ത്തിയിരിക്കുന്ന ലെനിന്റെ പ്രതിമതന്നെ റഷ്യയുടെ പഴയ പ്രതാപം വിളിച്ചോതുന്നു. കളി ആസ്വദിക്കാന്‍ രാജ്യത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം കൂറ്റന്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്‌. ഫുട്‌ബോള്‍ പ്രേമികളുടെ അതിരുകടന്നുള്ള പ്രകടനം നിയന്ത്രിക്കാന്‍ പൊലീസിനൊപ്പം ആയുധധാരികളായ പട്ടാളവും ജാഗ്രതയിലാണ്‌.