Breaking News

Trending right now:
Description
 
Jun 13, 2018

ആധ്യാത്മികാചാര്യന്‍ ഭയ്യു മഹാരാജ്‌ സ്വയം വെടിവച്ചു മരിച്ചു

image ആധ്യാത്മികാചാര്യന്‍ ഭയ്യു മഹാരാജ്‌ ഇന്‍ഡോറിലെ വീട്ടില്‍വച്ച്‌ സ്വയം വെടിവച്ചു മരിച്ചു. 50 വയസാണ്‌ അദ്ദേഹത്തിന്റെ പ്രായം. വീടിന്റെ രണ്ടാംനിലയിലെ അടച്ചിട്ട മുറിയില്‍ നെറ്റിയില്‍ വെടിവച്ച ഭയ്യു മഹാരാജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന്‌ ഏതാനും നാളുകളായി വിഷാദത്തിലായിരുന്നു മഹാരാജ്‌. മുറി അകത്തുനിന്നു പൂട്ടിയിട്ടിരുന്നതിനാല്‍ വാതില്‍ പൊളിച്ചാണ്‌ മഹാരാജിനെ ആശുപത്രിയില്‍ എത്തിച്ചത്‌. ഭയ്യു മഹാരാജിന്റെ മുറിയില്‍നിന്നു പൊലീസിനു ലഭിച്ച കത്തില്‍ വളരെയധികം മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ടെന്നും ജീവിതം മടുത്തുവെന്നും പോവുകയാണെന്നും സൂചിപ്പിച്ചിട്ടുണ്ട്‌. തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം ആരെങ്കിലുമൊക്കെ ഏറ്റെടുക്കണമെന്നും കത്തില്‍ അഭ്യര്‍ഥിക്കുന്നുണ്ട്‌. മാസങ്ങള്‍ക്കു മുമ്പ്‌ മധ്യപ്രദേശ്‌ സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത കാബിനറ്റ്‌ പദവി ഭയ്യു മഹാരാജ്‌ നിരസിച്ചിരുന്നു. ഉദയ്‌ സിങ്‌ ദേശ്‌മുഖ്‌ എന്നാണ്‌ യഥാര്‍ത്ഥപേര്‌. സദ്‌ഗുരു ദത്ത്‌ ചാരിറ്റബിള്‍ ട്രസ്റ്റ്‌ സ്ഥാപിച്ചതോടെയാണ്‌ ആധ്യാത്മികതയിലേക്ക്‌ തിരിഞ്ഞത്‌.
ആദ്യഭാര്യ മരിച്ചതിനുശേഷം രണ്ടാമതും വിവാഹംകഴിച്ചു. മഹാരാഷ്ട്ര, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളില്‍ സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്ന വലിയൊരു ആരാധകനിരതന്നെ അദ്ദേഹത്തിനുണ്ട്‌. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌, ശിവസേനാ നേതാവ്‌ ഉദ്ധവ്‌ താക്കറെ, എംഎന്‍എസ്‌ നേതാവ്‌ രാജ്‌ താക്കറെ, ഗായിക ലതാമങ്കേഷ്‌കര്‍, നടന്‍ മിലിന്ദ്‌ ഗുണാജി എന്നിവരും ഭയ്യു മഹാരാജിന്റെ ശിഷ്യരാണ്‌. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, മുന്‍ മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്‌മുഖ്‌, ചലച്ചിത്രതാരങ്ങള്‍ തുടങ്ങിയവരുടെ ആധ്യാത്മികാചാര്യനാണ്‌ അദ്ദേഹം. 2011-ല്‍ അന്നു ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി നടത്തിയ സദ്‌ഭാവന ഉപവാസസമരം നാരങ്ങാനീര്‌ നല്‍കി അവസാനിപ്പിച്ചതും, അഴിമതിക്കെതിരെ ഡല്‍ഹിയിലെ രാംലീല മൈതാനത്ത്‌ സാമൂഹിക പ്രവര്‍ത്തകന്‍ അന്നാഹസാരെ സമരം ആരംഭിച്ചപ്പോള്‍ ചര്‍ച്ച നടത്താന്‍ യുപിഎ സര്‍ക്കാര്‍ നിയോഗിച്ചതും ഭയ്യു മഹാരാജിനെയാണ്‌.