Breaking News

Trending right now:
Description
 
Jun 13, 2018

ആര്‍എസ്‌എസ്‌ വിരുദ്ധ പരാമര്‍ശം: രാഹുല്‍ വിചാരണ നേരിടണം

image മഹാത്മാഗാന്ധിയെ വധിച്ചതിനു പിന്നില്‍ ആര്‍എസ്‌എസിനു ബന്ധമുണ്ടെന്ന പരാമര്‍ശത്തെ തുടര്‍ന്നുള്ള അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മഹാരാഷ്ട്രയിലെ ഭിവണ്ടി മജിസ്‌ട്രേറ്റ്‌ കോടതി കുറ്റം ചുമത്തി. തെറ്റുകാരനല്ലെന്നു രാഹുല്‍ കോടതിയെ അറിയിച്ചെങ്കിലും അപകീര്‍ത്തികരമായ പരാമര്‍ശം എന്ന കുറ്റം ചുമത്തുകയായിരുന്നു. 2014ലെ തിരഞ്ഞെടുപ്പുവേളയില്‍ ഭിവണ്ടിയില്‍ പ്രസംഗിക്കവേ ഗാന്ധിവധത്തിനു പിന്നില്‍ ആര്‍എസ്‌എസ്‌ ആണെന്നു രാഹുല്‍ പറഞ്ഞെന്നു ആരോപിച്ച്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനായ രാജേഷ്‌ കുണ്ഡെയാണ്‌ കേസ്‌ ഫയല്‍ ചെയ്‌തത്‌. മഹാരാഷ്ട്ര പിസിസി അധ്യക്ഷന്‍ അശോക്‌ ചവാനും പാര്‍ട്ടി നേതാക്കള്‍ക്കുമൊപ്പമാണ്‌ രാഹുല്‍ ഗാന്ധി കോടതിയില്‍ എത്തിയത്‌. കോടതിപരിസരത്ത്‌ കനത്ത സുരക്ഷയൊരുക്കിയിരുന്നു. പരാതിക്കാരന്റെ മൊഴികള്‍ സിവില്‍ ജഡ്‌ജി എ.ഐ.ഷെയ്‌ഖ്‌, രാഹുല്‍ഗാന്ധിയെ വായിച്ചുകേള്‍പ്പിച്ചു. തുടര്‍ന്ന്‌ കുറ്റം സമ്മതിക്കുന്നുണ്ടോയെന്നു ചോദിച്ചു. താന്‍ കുറ്റം ചെയ്‌തിട്ടില്ലെന്നു രാഹുല്‍ കോടതിയെ ബോധിപ്പിച്ചു. ഇതിനുശേഷമാണ്‌ അപകീര്‍ത്തിക്കുള്ള ശിക്ഷാവകുപ്പുകള്‍ കോടതി രാഹുലിനെതിരെ ചുമത്തിയത്‌. അപകീര്‍ത്തി കുറ്റം തെളിയിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷംവരെ തടവും പിഴയും ലഭിക്കാം. കേസ്‌ ഓഗസ്‌റ്റ്‌ പത്തിന്‌ വീണ്ടും പരിഗണിക്കും. ആര്‍എസ്‌എസും ബിജെപിയും തനിക്കെതിരെ ഇനിയും കേസുകള്‍ ചുമത്തട്ടെ. പ്രത്യയശാസ്‌ത്രപരമായ പോരാട്ടമാണ്‌ ഞങ്ങളുടേത്‌. ഇതില്‍ ഞങ്ങള്‍ വിജയിക്കുകതന്നെ ചെയ്യും-രാഹുല്‍ കോടതിക്കു പുറത്ത്‌ പറഞ്ഞു.