Breaking News

Trending right now:
Description
 
Jun 12, 2018

മോദിയുടെ ഭരണം ഏതാനും ചിലര്‍ക്കുവേണ്ടി: രാഹുല്‍

image ബിജെപി-ആര്‍എസ്‌എസ്‌ നേതൃത്വത്തിലെ ഏതാനും ചിലരുടെ കാല്‍ച്ചുവട്ടിലാണ്‌ രാജ്യമെന്നും ജനങ്ങളുടെ യഥാര്‍ത്ഥ ശക്തി എന്താണെന്നു നരേന്ദ്രമോദിയും കൂട്ടരും വൈകാതെ തിരിച്ചറിയുമെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കോണ്‍ഗ്രസിന്റെ ഇതര പിന്നാക്ക സമുദായ (ഒബിസി) വിഭാഗം സംഘടിപ്പിച്ച ദേശീയ കണ്‍വന്‍ഷനില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഒബിസി വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന്റെ തുടക്കംകൂടിയായിരുന്നു മോദിക്കെതിരെയുള്ള രാഹുലിന്റെ കടന്നാക്രമണം. മോദി, അമിത്‌ഷാ, മോഹന്‍ ഭഗവത്‌ എന്നിവരാണ്‌ ഇന്നു രാജ്യം ഭരിക്കുന്നത്‌. മൂന്നുപേരല്ല, ജനങ്ങളാണ്‌ രാജ്യം ഭരിക്കേണ്ടതെന്നു അവര്‍ തിരിച്ചറിയും. ചില വ്യവസായികള്‍ക്കുവേണ്ടിയാണ്‌ മോദി പ്രവര്‍ത്തിക്കുന്നത്‌. മോദിയുടെ പ്രതിച്ഛായ വളര്‍ത്താന്‍ അവര്‍ കോടികള്‍ മുടക്കുന്നു. പ്രത്യുപകാരമായി സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും മോദി അവര്‍ക്കു നല്‍കുകയാണ്‌-രാഹുല്‍ വ്യക്തമാക്കി. ബിജെപിയും ആര്‍എസ്‌എസും രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികളാണ്‌. ആര്‍എസ്‌എസിന്റെ ലക്ഷ്യം ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതാണ്‌. പിന്നാക്കവിഭാഗങ്ങള്‍ക്കിടയിലും ഭിന്നിപ്പുണ്ടാക്കാനാണ്‌ ആര്‍എസ്‌എസ്‌ ശ്രമിക്കുന്നത്‌. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും അപകടത്തിലാണ്‌. എന്തെങ്കിലും പറഞ്ഞുപോയാല്‍തന്നെ മോദിക്കും ആര്‍എസ്‌എസിനും എതിരായിപ്പോകുമോ എന്ന ഭയത്തിലാണ്‌ ബിജെപി നേതാക്കള്‍. എംപിമാര്‍പോലും സംസാരിക്കാന്‍ ഭയക്കുന്നു. അവര്‍ക്കു സംസാരിക്കാനുള്ള അനുമതിപോലുമില്ലെന്നു രാഹുല്‍ കുറ്റപ്പെടുത്തി.

രാജ്യത്തെ വിദഗ്‌ധ തൊഴിലാളികളുടെ ക്ഷാമമുണ്ടെന്ന മോദിയുടെ വാദം തെറ്റാണ്‌. വൈദഗ്‌ധ്യത്തില്‍ ഇന്ത്യാക്കാര്‍ ആരുടെയും പിന്നില്ല. പക്ഷേ, അവര്‍ക്ക്‌ വേണ്ടത്ര അവസരം ലഭിക്കുന്നില്ല. അവര്‍ ചെയ്യുന്ന ജോലിയുടെ ഫലം മറ്റുചിലര്‍ തട്ടിയെടുക്കുകയാണ്‌. കര്‍ഷകരുടെ ദുരിതങ്ങള്‍ അകറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ല. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ പൂര്‍ണമായും അവഗണിക്കുകയാണ്‌ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ചെയ്യുന്നതെന്നു ആരോപിച്ച രാഹുല്‍, നിയമസഭ, ലോക്‌സഭ, രാജ്യസഭ എന്നിവിടങ്ങളിലേക്കു പന്നാക്ക വിഭാഗക്കാര്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കാന്‍ പ്രയ്‌തനിക്കുമെന്നു പറഞ്ഞു.