Breaking News

Trending right now:
Description
 
Jun 12, 2018

ഉമ്മന്‍ചാണ്ടിക്ക്‌ കൊമ്പുണ്ടോയെന്ന്‌ കുര്യന്‍; ഉണ്ടെന്ന്‌ വിഷ്‌ണുനാഥ്‌

image മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യത്തില്‍ നടന്ന കോണ്‍ഗ്രസ്‌ രാഷ്ട്രീയകാര്യ സമിതിയോഗത്തിലും നേതാക്കള്‍ ചേരിതിരിഞ്ഞു വാക്കേറ്റം നടത്തി. രാജ്യസഭാ സീറ്റ്‌ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മുതിര്‍ന്ന നേതാവ്‌ പി.ജെ.കുര്യന്‍ കടുത്തഭാഷയില്‍ ഉറഞ്ഞുതുള്ളി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ കൊമ്പുണ്ടോയെന്ന്‌ രാജ്യസഭാ സീറ്റ്‌ നഷ്ടപ്പെട്ട പി.ജെ.കുര്യന്‍ ചോദിച്ചു. രാജ്യസഭാ ചര്‍ച്ചയ്‌ക്ക്‌ എന്തിനാണ്‌ ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്കു വിളിപ്പിച്ചത്‌. ഐഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയിലാണെങ്കില്‍ കെ.സി.വേണുഗോപാലിനെയല്ലേ വിളിക്കേണ്ടത്‌. ഒഴിയുന്ന രാജ്യസഭാ സീറ്റില്‍ താന്‍ തുടരാന്‍ അനുവദിക്കാമെന്നു കേന്ദ്ര നേതൃത്വം ഉറപ്പുനല്‍കിയതാണ്‌. ഉമ്മന്‍ചാണ്ടി അത്‌ അട്ടിമറിച്ചു. എന്തിന്റെ അഹങ്കാരമാണിത്‌. ഒന്നു വിളിക്കാന്‍ ഉമ്മന്‍ചാണ്ടി തയാറായോ? രമേശ്‌ ചെന്നിത്തല തന്നെ കണ്ടു മാപ്പുപറഞ്ഞുവെന്നും കുര്യന്‍ വ്യക്തമാക്കി. ആക്രമണം കടുത്തതോടെ പ്രതിരോധവുമായി എ ഗ്രൂപ്പ്‌ രംഗത്തുവന്നു. ഉമ്മന്‍ചാണ്ടിക്ക്‌ കൊമ്പുണ്ടെന്നു പി.സി.വിഷ്‌ണുനാഥ്‌ കുര്യന്‌ മറുപടി നല്‍കി. ഉമ്മന്‍ചാണ്ടിക്ക്‌ ജനകീയതയുടെ കൊമ്പാണുള്ളത്‌. കുര്യന്‌ അതില്ലെന്നു മനസിലാക്കണം. ഉമ്മന്‍ചാണ്ടിയെ ഒറ്റപ്പെടുത്തി നീങ്ങാനാണ്‌ ഭാവമെങ്കില്‍ പ്രത്യാഘാതം വളരെ വലുതായിരിക്കും-വിഷ്‌ണുനാഥ്‌ വ്യക്തമാക്കി. ആര്‍ക്കും വഴിയില്‍ കൊട്ടാവുന്ന ചെണ്ടയല്ല ഉമ്മന്‍ചാണ്ടിയെന്നു ബെന്നി ബഹനാനും കുര്യന്‌ മറുപടി നല്‍കി. അതേസമയം യോഗത്തില്‍ രമേശ്‌ ചെന്നിത്തല വീഴ്‌ച സമ്മതിച്ചു. ഇനി നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യും. അഭിപ്രായഭിന്നത രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നേതാക്കളുടെ പരസ്യപ്രസ്‌താവനകള്‍ രാഷ്ട്രീയകാര്യ സമിതി വിലക്കി. കെപിസിസി പ്രസിഡന്റ്‌ എം.എം.ഹസനും ഇക്കാര്യംതന്നെ യോഗത്തില്‍ വ്യക്തമാക്കി.