Breaking News

Trending right now:
Description
 
Jun 12, 2018

ചരിത്രപരമായ കൂടിക്കാഴ്‌ച: കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന്‌ ട്രംപ്‌

image
ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ്‌ ഭരണാധികാരി കിം ജോങ്‌ ഉന്നും അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ്‌ ട്രംപും ചരിത്രപരമായ കൂടിക്കാഴ്‌ച നടത്തി. ഇന്ത്യന്‍ സമയം ഇന്നു രാവിലെ ആറരയ്‌ക്ക്‌ (സിംഗപ്പൂര്‍ സമയം ഒമ്പതുമണി) സിംഗപ്പൂര്‍ സെന്റോസ ദ്വീപിലെ കാപെല്ല ഹോട്ടലിലാണ്‌ ഉച്ചകോടി നടന്നത്‌. അടച്ചിട്ടമുറിയിലായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്‌ച. പരിഭാഷകര്‍ മാത്രമേ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നുളളൂ. ഉത്തരകൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ട്രംപ്‌ മാധ്യമങ്ങളോടു പറഞ്ഞു. പഴയകാര്യങ്ങള്‍ അപ്രസക്തമാണെന്നും ഒട്ടേറെ തടസങ്ങള്‍ മറികടന്നാണ്‌ കാര്യം ഇവിടംവരെ എത്തിയതെന്നു കിം പ്രതികരിച്ചു. ഇരുനേതാക്കളും ആദ്യമായി പരസംപരം കണ്ടുമുട്ടിയപ്പോള്‍ കൈകൊടുത്താണ്‌ മുറിയിലേക്ക്‌ പ്രവേശിച്ചത്‌. സൗഹൃദ കൂടിക്കാഴ്‌ച 45 മിനിട്ട്‌ നീണ്ടുനിന്നു. ഇരുനേതാക്കളുടെയും കൂടിക്കാഴ്‌ചയെ തുടര്‍ന്നാണ്‌ നയതന്ത്ര പ്രതിനിധികളുടെ ചര്‍ച്ച നടന്നത്‌. ഉത്തരകൊറിയയുടെ ആണവ നിരായുധീകരണം, കൊറിയന്‍ മേഖലയിലെ യുഎസ്‌ സൈനിക സാന്നിധ്യം, ഉത്തരകൊറിയയ്‌ക്കെതിരെ സാമ്പത്തിക നയതന്ത്ര ഉപരോധം, ഉത്തരകൊറിയയ്‌ക്ക്‌ രാജ്യാന്തരവേദികളില്‍ അംഗീകാരം തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചാവിഷയമായേക്കും.

രണ്ടാംഘട്ട കൂടിക്കാഴ്‌ചകള്‍ മികച്ചരീതിയിലാണ്‌ പുരോഗമിക്കുന്നതെന്നു ട്രംപ്‌ മാധ്യമപ്രവര്‍ത്തകരോട്‌ സൂചിപ്പിച്ചു. കൂടിക്കാഴ്‌ച ഉച്ചഭഷണത്തിന്‌ പിരിഞ്ഞപ്പോഴാണ്‌ അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്‌. ഉത്തരകൊറിയയുമായി ഒരു കരാര്‍ ഒപ്പിടുമെന്നു ട്രംപ്‌ പറഞ്ഞതായി അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. എന്നാല്‍, എന്തു കരാറാണെന്നതു സംബന്ധിച്ച്‌ ട്രംപ്‌ സൂചന നല്‍കിയിട്ടില്ല. ഉച്ചഭക്ഷണത്തിനുശേഷം കൂടിക്കാഴ്‌ച തുടരും. ചരിത്രത്തില്‍ ആദ്യമായാണ്‌ ഉത്തരകൊറിയന്‍ ഭരണാധികാരിയും അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തുന്നത്‌. അണ്വായുധ, മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയും മൂര്‍ച്ചയുള്ള വാക്കുകള്‍ പ്രയോഗിച്ചും അമേരിക്കയെ നിരന്തരം പ്രകോപിപ്പിച്ച കിം ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ സ്വീകരിച്ച അനുനയ സമീപനത്തിന്റെ അന്തിമഫലമാണ്‌ ഉച്ചകോടി.