Breaking News

Trending right now:
Description
 
Jun 11, 2018

കാലവര്‍ഷം ശക്തമായി: മരണം 14 ആയി

image കനത്ത നാശംവിതച്ച്‌ കേരളത്തില്‍ കാലവര്‍ഷം ശക്തമായതോടെ രണ്ടുദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 14 ആയി. ഞായറാഴ്‌ചമാത്രം എട്ടുപേരാണ്‌ മരിച്ചത്‌. ഇരുന്നൂറിലേറെ വീടുകള്‍ നശിച്ചു. 408 വീടുകള്‍ക്ക്‌ ഭാഗികമായ കേടുപാടുണ്ടായി. തീരമേഖലയിലും മലയോരമേഖലയിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തീരപ്രദേശങ്ങളില്‍ കടലാക്രമണം അതിരൂക്ഷമാണ്‌. വിവിധ ജില്ലകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു. വ്യാഴാഴ്‌ച രാവിലെവരെ മഴ തുടരുമെന്നാണ്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്‌. തിരുവനന്തപുരം കാട്ടിയക്കോണം, ബാലരാമപുരം, ചേര്‍ത്തല പള്ളിപ്പുറം, ചെങ്ങന്നൂര്‍ പാണ്ടനാട്ട്‌, അടിമാലി തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ഞായറാഴ്‌ച മരണം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. മത്സ്യബന്ധനത്തിനിടെ വള്ളംമറിഞ്ഞും പൊട്ടിവീണ വൈദ്യുതികമ്പിയില്‍നിന്ന്‌ ഷോക്കേറ്റും, മതില്‍ ഇടിഞ്ഞുവീണും, വെള്ളത്തില്‍ മുങ്ങിയും, പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന്‌ ഷോക്കേറ്റും, കടപുഴകിയ തെങ്ങ്‌ തലയില്‍വീണുമാണ്‌ മരണം. പല സ്ഥലങ്ങളിലും മരംവീണ്‌ റോഡ്‌ ഗതാഗതം തടസപ്പെട്ടു. പോസ്‌റ്റ്‌ ഒടിഞ്ഞുവീണും വൈദ്യുതി കമ്പി പൊട്ടിവീണും നാശമുണ്ട്‌. കൃഷിനാശവും റിപ്പോര്‍ട്ടു ചെയ്‌തു. കനത്തമഴയെ തുടര്‍ന്ന്‌ ഇടുക്കി ജില്ലയിലും പത്തനംതിട്ട ജില്ലയില്‍ റാന്നി താലൂക്കിലും പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുംതിങ്കളാഴ്‌ച അവധി പ്രഖ്യാപിച്ചു.