Breaking News

Trending right now:
Description
 
Jun 11, 2018

കര്‍ഷകരുടെ ഗ്രാമബന്ദ്‌ പ്രക്ഷോഭ സമരം വിജയിച്ചില്ല

image നരേന്ദ്രമോദി സര്‍ക്കാരിന്റെ കര്‍ഷക നയങ്ങളില്‍ പ്രതിഷേധിച്ചും കടാശ്വാസപദ്ധതി പ്രഖ്യാപിക്കണമെന്നു ആവശ്യപ്പെട്ടും വിവിധ കര്‍ഷക സംഘടനകള്‍ പത്തുദിവസമായി നടത്തിവന്ന ഗ്രാമബന്ദ്‌ പ്രക്ഷോഭ സമരം അവസാനിച്ചു. പത്താംദിവസത്തില്‍ ഭാരതബന്ദ്‌ നടത്തിയിട്ടും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍പോലും തയാറായില്ല. പഴം, പച്ചക്കറി തുടങ്ങിയ കാര്‍ഷിക ഉത്‌പന്നങ്ങളുടെ വില ഉയര്‍ന്നിട്ടും പാല്‍ അടക്കം മിക്ക നഗരങ്ങളില്‍ കിട്ടാതായിട്ടും സര്‍ക്കാരുകള്‍ സമരത്തെ അവഗണിക്കുകയായിരുന്നു. സമരത്തിന്റെ ആദ്യദിവസങ്ങളില്‍ പച്ചക്കറിയും പാലും ഉള്‍പ്പെടെ സമരക്കാര്‍ വഴിയില്‍ തള്ളിയാണ്‌ പ്രതിഷേധിച്ചത്‌. പഞ്ചാബ്‌, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്‌, ഛത്തീസ്‌ഗഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളെ സമരം ബാധിച്ചു. സമരത്തെ അനുകൂലിച്ച്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മന്ദ്‌സോറിലെ കര്‍ഷകര്‍ക്കൊപ്പം പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു. സമരത്തിന്റെ അവസാനദിവസമായ ഇന്നലെ പ്രഖ്യാപിച്ച ഭാരതബന്ദില്‍ കേരളം, കര്‍ണാടക, പഞ്ചാബ്‌, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ വിട്ടുനിന്നു. മധ്യപ്രദേശിലെ മന്ദ്‌സോറില്‍ നടന്ന പ്രക്ഷോഭത്തിനിടെ ഉണ്ടായ വെടിവയ്‌പില്‍ ഏഴു കര്‍ഷകര്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ചാണ്‌ 172 കര്‍ഷകസംഘടനകള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പത്തുദിവസത്തെ ഗ്രാമബന്ദ്‌ പ്രക്ഷോഭ സമരം സംഘടിപ്പിച്ചത്‌.