Breaking News

Trending right now:
Description
 
Jun 11, 2018

പ്രധാനമന്ത്രിക്കെതിരെ വധഭീഷണി: സഹതാപം പിടിച്ചുപറ്റാനാണെന്ന്‌ ശരത്‌പവാര്‍

image പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാവോയിസ്‌റ്റുകള്‍ വധിക്കാന്‍ പദ്ധതിയിട്ടുവെന്നു വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നില്‍ ആളുകളുടെ സഹതാപം പിടിച്ചുപറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നു എന്‍സിപി നേതാവ്‌ ശരത്‌ പവാര്‍. ഭീഷണിക്കത്ത്‌ ലഭിച്ചുവെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. എന്നാല്‍ പൊലീസ്‌ ഉദ്യോഗസ്ഥരോട്‌ ഇക്കാര്യം സംബന്ധിച്ചു സംസാരിച്ചപ്പോള്‍ കത്തില്‍ അത്തരം പരാമര്‍ശങ്ങള്‍ ഒന്നും ഇല്ലെന്നാണ്‌ പറഞ്ഞത്‌. ആളുകളുടെ സഹതാപംപിടിച്ചുപറ്റാന്‍ കത്ത്‌ ഉപയോഗിക്കുകയാണ്‌ എന്നുവേണം കരുതാന്‍. എല്‍ടിടി തീവ്രവാദികള്‍ മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയെ വധിച്ച മാതൃകയില്‍ റോഡ്‌ ഷോയ്‌ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനാണ്‌ മാവോയിസ്‌റ്റുകള്‍ പദ്ധതിയിട്ടെന്നാണ്‌ കത്തില്‍ പറയുന്നതെന്നായിരുന്നു പ്രചരണം. ഭീമ-കൊറേഗാവ്‌ സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ മുംബൈ, നാഗ്‌പൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്ന്‌ ദലിത്‌ ആക്ടിവിസ്റ്റുകളായ അഞ്ചുപേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തിരുന്നു. ഇതില്‍ മാവോയിസ്‌റ്റുബന്ധമുള്ള ഒരാളുടെ വസതിയില്‍നിന്നാണ്‌ ഭീഷണിക്കത്ത്‌ ലഭിച്ചതെന്നാണ്‌ പൊലീസ്‌ കോടതിയെ അറിയിച്ചത്‌. ആരാണ്‌ ഭീമ-കൊറേഗാവ്‌ സംഘര്‍ഷമുണ്ടാക്കിയതെന്ന്‌ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ സംഘര്‍ഷവുമായി ബന്ധമില്ലാത്തവരെയാണ്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തതെന്നു പറഞ്ഞ ശരത്‌പവാര്‍, ഇത്‌ അധികാര ദുരുപയോഗമാണെന്നും കുറ്റപ്പെടുത്തി.