
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കേരളാ കോണ്‍ഗ്രസ് (എം)
യുഡിഎഫിന്റെ ഭാഗമായി. വെള്ളിയാഴ്ച രാവിലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ
ഔദ്യോഗികവസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ കേരളാ
കോണ്‍ഗ്രസിന്റെ കെ.എം.മാണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തുകൊണ്ടാണ്
യുഡിഎഫിലേക്കുള്ള മടങ്ങിവരവ് നടന്നത്. അതേസമയം, കേരളാ കോണ്‍ഗ്രസിനു (എം)
കോണ്‍ഗ്രസ് നേതൃത്വം നല്കിയ രാജ്യസഭാ സീറ്റില്‍ പാര്‍ട്ടി വൈസ് ചെയര്‍മാനും
കോട്ടയം എംപിയുമായ ജോസ് കെ.മാണിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. പാലായിലെ
കെ.എം.മാണിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ്
പ്രഖ്യാപനം നടന്നത്. രാജ്യസഭയിലേക്കു പോകാന്‍ താല്പര്യമില്ലെന്നു പാര്‍ട്ടി
ചെയര്മാന് കെ.എം.മാണി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നിലവില്‍ ലോകസഭാംഗമായ
ജോസ് കെ.മാണി ഈ സ്ഥാനം രാജിവയ്ക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുവര്‍ഷത്തില്‍
താഴെ മാത്രമേ സമയമുള്ളൂ എന്നതിനാല്‍ കോട്ടയം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ്
നടക്കില്ല. യുഡിഎഫ് യോഗത്തില്‍ മാണിയുടെ മടങ്ങിവരവ് സംബന്ധിച്ചുള്ള ഔദ്യോഗിക
തീരുമാനം പ്രതിപക്ഷനേതാവ് അവതരിപ്പിക്കുകയും ഘടകകക്ഷികള്‍ അനുമതി നല്‍കുകയും
ചെയ്തതോടെ കേരളാ കോണ്‍ഗ്രസ് നേതാക്കളെ യുഡിഎഫ് യോഗത്തിലേക്ക് ക്ഷണിച്ചത്.
ഇതിനിടെ യുഡിഎഫിലേക്ക് മാണിയുടെ മടങ്ങിവരവ് നല്ലതാണെങ്കിലും രാജ്യസഭാ സീറ്റ്
നല്കി മടങ്ങിവരവിനു സ്വീകരിച്ച നിലപാട് മുന്നണിയെ ശക്തിപ്പെടുത്തില്ലെന്നു
ആരോപിച്ച് വി.എം.സുധീരന് യോഗത്തില്‍നിന്നു ഇറങ്ങിപ്പോയി.