Breaking News

Trending right now:
Description
 
Jun 10, 2018

മോദിയെ വധിക്കാന്‍ മാവോയിസ്‌റ്റ്‌ പദ്ധതി

image മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയെ വധിച്ചതിനു സമാനമായ രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ മാവോയിസ്‌റ്റുകള്‍ക്ക്‌ പദ്ധതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും സംസ്ഥാന പൊലീസുമാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്‌. മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ച്‌ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ അറസ്റ്റിലായ മലയാളിയായ സാമൂഹിക പ്രവര്‍ത്തകന്‍ റോണ ജേക്കബ്‌ വില്‍സന്റെ വസതിയില്‍നിന്നു കണ്ടെടുത്ത കത്തിലാണ്‌ ഈ ഗൂഢാലോചനയുടെ വിവരങ്ങളുള്ളതെന്നു പൊലീസ്‌ കോടതിയെ അറിയിച്ചു. രാജീവ്‌ ഗാന്ധി വധത്തിന്റെ മാതൃകയില്‍ മോദിയുടെ റോഡ്‌ ഷോയ്‌ക്കിടെ അദ്ദേഹത്തെ ലക്ഷ്യമിടാനുള്ള പദ്ധതിയുടെ സൂചനകള്‍ കത്തിലുണ്ടെന്നാണ്‌ പൊലീസിന്റെ വെളിപ്പെടുത്തല്‍. ആര്‍ എന്നു സ്വയം പരിചയപ്പെടുത്തുന്ന ആള്‍ കോമ്രേഡ്‌ പ്രകാശന്‌ എഴുതിയതാണ്‌ കത്ത്‌. എ-4 റൈഫിളും പദ്ധതിക്കാവശ്യമായ വെടിക്കോപ്പുകളും സംഘടിപ്പിക്കാന്‍ എട്ടുകോടി രൂപ വേണ്ടിവരുമെന്നും കത്തിലുണ്ട്‌. പൂനയില്‍ കഴിഞ്ഞ ജനുവരിയില്‍ നടന്ന ഭീമ-കോരെഗാവ്‌ കലാപവുമായി ബന്ധപ്പെട്ടാണ്‌ മുംബൈ, നാഗ്‌പൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നു കൊല്ലം നീണ്ടകര സ്വദേശിയായ റോണ വില്‍സണ്‍ അടക്കം അഞ്ചുപേരെ അറസ്റ്റു ചെയ്‌തത്‌. കേസില്‍ റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള വാദത്തിനിടെയാണ്‌ കണ്ടെടുത്ത കത്തിലെ ഉള്ളടക്കം പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്‌. ഇതിനിടെ തന്നെയും കുടുംബത്തെയും അപായപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി മാവോയിസ്‌റ്റുകളുടെ രണ്ടു കത്തുകള്‍ ലഭിച്ചുവെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ വ്യക്തമാക്കി.