Breaking News

Trending right now:
Description
 
Jun 10, 2018

കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്നു യുവനേതാവ്‌ ബല്‍റാം

image രാജ്യസഭാസീറ്റ്‌ വിവാദം കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ സൃഷ്ടിക്കുന്നതിനിടെ നേതൃമാറ്റം വേണമെന്നു ആവശ്യവുമായി യുവനേതാവ്‌ വി.ടി.ബല്‍റാം എംഎല്‍എ. കേരളത്തിലെ കോണ്‍ഗ്രസ്‌ കുറച്ചുകൂടി മെച്ചപ്പെട്ട ഒരു നേതൃത്വമാണ്‌ ആഗ്രഹിക്കുന്നത്‌. ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുകയും ചെയ്യുന്ന പൊതുസമൂഹത്തിന്‌ മുമ്പില്‍ വിശ്വാസ്യത പുലര്‍ത്തുന്ന നേതൃത്വമാണ്‌ പാര്‍ട്ടിക്ക്‌ വേണ്ടത്‌. പുതിയ കാലത്തിന്റെ രാഷ്ട്രീയം പറയാന്‍ അറിയാവുന്ന നേതൃത്വമാണ്‌ പാര്‍ട്ടിക്ക്‌ വേണ്ടെന്നു ബല്‍റാം ഫേസ്‌ബുക്ക്‌ പേജില്‍ കുറിച്ചു. രണ്ട്‌ ഗ്രൂപ്പുകളുടെയും നേതാക്കള്‍ മറ്റാരോടും ചോദിക്കാതെ തന്നിഷ്ടപ്രകാരമാണ്‌ രാജ്യസഭാസീറ്റിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത്‌. അത്‌ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക തീരുമാനമാവുന്ന അവസ്ഥ ജനാധിപത്യവിരുദ്ധമാണ്‌. കേരളാ കോണ്‍ഗ്രസിന്‌ സീറ്റ്‌ നല്‍കാനുള്ള തീരമാനം ആരുടെ ബുദ്ധിയിലുണ്ടായതെന്ന്‌ അറിഞ്ഞുകൂടാ. കോണ്‍ഗ്രസിനകത്തു ഇതേക്കുറിച്ച്‌ ചര്‍ച്ചകള്‍ നടന്നിട്ടില്ല. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നേതാക്കളുടെ ശ്രമങ്ങള്‍ക്ക്‌ ഹല്ലേലുയ്യ പാടാന്‍ ആത്മാര്‍ത്ഥതയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ കഴിയില്ലെന്നും ബല്‍റാം വ്യക്തമാക്കി.

അതേസമയം, പൊട്ടിത്തെറി രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ സ്വന്തം നിലയ്‌ക്കു പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന്‌ ഹൈക്കമാന്‍ഡ്‌ നിര്‍ദേശം നല്‍കി. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ദോഷകരമായി ബാധിക്കുന്ന സ്ഥിതിയിലേക്കു കാര്യങ്ങള്‍ നീങ്ങരുതെന്നുമാണ്‌ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. ഫെയ്‌സ്‌ ബുക്കില്‍ വിവിധ നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടിയുടെ ഓണ്‍ലൈന്‍ മാധ്യമവിഭാഗം മേധാവി ദിവ്യസ്‌പന്ദനയോടും ആവശ്യപ്പെട്ടു.