Breaking News

Trending right now:
Description
 
Jun 08, 2018

രാജ്യസഭയിലേക്ക്‌ ജോസ്‌ കെ.മാണിയോ; കെ.എം.മാണിയോ? കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

image കേരളാ കോണ്‍ഗ്രസിനെ (എം) ഒപ്പംകൂട്ടി യുഡിഎഫിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റു കേരളാ കോണ്‍ഗ്രസിന്‌ വിട്ടുകൊടുത്തു. രാജ്യസഭാ സീറ്റിനായി പരിഗണനയിലുണ്ടായിരുന്ന പി.ജെ.കുര്യന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്‌ നേതാക്കളെ ഞെട്ടിച്ചുകൊണ്ടുള്ള നീക്കം കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക്‌ കളമൊരുക്കി. തങ്ങള്‍ക്ക്‌ ഓര്‍ക്കാപ്പുറത്തുകിട്ടിയ സീറ്റില്‍ ആരെനിര്‍ത്തണമെന്നു ഇന്നു തിരുവനന്തപുരത്ത്‌ ചേരുന്ന കേരളാകോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം ഉണ്ടാകും. നിലവില്‍ ലോക്‌സഭാംഗമായ ജോസ്‌ കെ.മാണിയോ അല്ലെങ്കില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിയോ മത്സരിക്കുമെന്നാണ്‌ സൂചന. മുന്നണി പുനപ്രവേശം സംബന്ധിച്ചും തീരുമാനമുണ്ടാകും. വ്യാഴാഴ്‌ച ന്യൂഡല്‍ഹിയില്‍ നടന്ന യോഗത്തിലാണ്‌ കേരളാ കോണ്‍ഗ്രസിനെ യുഡിഎഫില്‍ എടുക്കാനും രാജ്യസഭാസീറ്റ്‌ വിട്ടുകൊടുക്കാനും തീരുമാനമായത്‌.

യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ കേരളാ കോണ്‍ഗ്രസ്‌ (എം) ഒപ്പമുണ്ടാകണമെന്ന്‌ മുസ്ലീംലീഗിന്റെ ആവശ്യത്തിനു മുന്നില്‍ കോണ്‍ഗ്രസ്‌ സംസ്ഥാന നേതൃത്വം വഴങ്ങി. ഇക്കാര്യം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അറിയിച്ച്‌ സംസ്ഥാന നേതൃത്വം അനുമതിതേടി. ഇതോടെ യുഡിഎഫിലേക്കുള്ള കേരളാ കോണ്‍ഗ്രസിന്റെ പുനപ്രവേശം ഉറപ്പിക്കുകയും ചെയ്‌തു. രാജ്യാസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യനെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കലാപക്കൊടി ഉയര്‍ത്തുന്നതിനിടെയാണ്‌ അപ്രതീക്ഷിത തീരുമാനം ഉണ്ടായത്‌. തീരുമാനം കോണ്‍ഗ്രസിനുള്ളിലും പൊട്ടിത്തെറിക്കു ഇടയാക്കി. മാണിഗ്രൂപ്പും മുസ്ലീംലീഗും തമ്മിലുണ്ടാക്കിയ തിരക്കഥയില്‍ സംസ്ഥാനനേതൃത്വം വീണുപോയെന്ന ആരോപണവും ഉയര്‍ന്നു.