Breaking News

Trending right now:
Description
 
Jun 06, 2018

സുനന്ദയുടെ ദുരൂഹമരണം: ഭര്‍ത്താവും കോണ്‍ഗ്രസ്‌ എംപിയുമായ തരൂരിന്‌ സമന്‍സ്‌

image സുനന്ദ പുഷ്‌കറന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ്‌ എംപിയുമായ ശശി തരൂരിന്‌ കോടതി സമന്‍സ്‌ അയച്ചു. ഡല്‍ഹി പൊലീസ്‌ നല്‍കിയ കുറ്റപത്രം അംഗീകരിച്ച അഡീഷനല്‍ ചീഫ്‌ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ ജൂലൈ ഏഴിന്‌ നേരിട്ട്‌ ഹാജരാകണമെന്നു കാട്ടി സമന്‍സ്‌ അയച്ചത്‌. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളില്‍ നടപടികളുമായി മുന്നോട്ടു പോകാനുണ്ടെന്ന തെളിവുകളുണ്ടെന്ന്‌ മജിസ്‌ട്രേറ്റ്‌ സമര്‍ വിശാല്‍ വ്യക്തമാക്കി. 300 പേജുള്ള കുറ്റപത്രമാണ്‌ പൊലീസ്‌ കോടതയില്‍ സമര്‍പ്പിച്ചിട്ടുള്ളത്‌. ജീവിക്കാന്‍ മോഹമില്ലെന്നും മരിക്കാന്‍ പ്രാര്‍ഥിക്കുകയാണെന്നും സൂചിപ്പിച്ചു മരണത്തിന്‌ ഒമ്പതു ദിവസം മുമ്പ്‌ ശശി തരൂരിന്‌ അയച്ച ഈമെയില്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളിലെ സുനന്ദയുടെ സന്ദേശങ്ങള്‍ മരണമൊഴിയായി കണക്കാക്കണമെന്നു പൊലീസ്‌ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സുനന്ദ അനുഭവിച്ച മാനസികസംഘര്‍ഷം സന്ദേശത്തില്‍ വ്യക്തമാണെന്നും തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം തെളിയിക്കാനാവുമെന്നും പ്രോസിക്യൂട്ടറും ഉന്നയിച്ചു. കേസില്‍ കക്ഷിചേര്‍ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി നേതാവ്‌ സുബ്രഹ്മണ്യന്‍സ്വാമി വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്‌. അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്നെ അപമാനിക്കാനുള്ള നീക്കമാണ്‌ കുറ്റപത്രത്തിലുള്ളതെന്നും ശശി തരൂര്‍ ആരോപിച്ചു. ഇതിനെതിരെ നിയമനപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.