Breaking News

Trending right now:
Description
 
Jun 05, 2018

എടപ്പാള്‍ പീഡനം: തീയറ്റര്‍ ഉടമയുടെ അറസ്റ്റിനെതിരെ നിയമസഭയില്‍ ബഹളം

image എടപ്പാള്‍ തീയറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ തെളിവ്‌ കൈമാറിയ തീയേറ്റര്‍ ഉടമയെ അറസ്റ്റുചെയ്‌ത പൊലീസ്‌ നടപടിയില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷം സ്‌പീക്കറയുടെ ഡയസ്സിനു മുന്നിലെത്തി പ്രതിഷേധിച്ചു. പിന്നീട്‌ ഇടങ്ങിപ്പോയി. വിഷയം ശ്രദ്ധക്ഷണിക്കലായി പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയാണ്‌ അവതരിപ്പിച്ചത്‌. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത്‌ തീയേറ്റര്‍ ഉടമയാണ്‌. ഇല്ലെങ്കില്‍ സംഭവം പുറംലോകം അറിയുമായിരുന്നില്ല. വിഷയത്തില്‍ ശക്തമായ ഇടപെട്ട തീയേറ്റര്‍ ഉടമയെ പ്രതികാര നടപടിയുടെ ഭാഗമായിട്ടാണ്‌ പൊലീസ്‌ കേസില്‍ കുടുക്കിയത്‌. സിപിഎം ഉന്നതരുടെ നിര്‍ദേശം ഇതിനായി പൊലീസിനു ലഭിച്ചുവെന്നും അറസ്റ്റ്‌ ചെയ്‌ത പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്തുകൊണ്ടാണ്‌ വൈകുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പൊലീസുകാരെ തള്ളാതെയും സംരക്ഷിക്കാതെയും മുഖ്യമന്ത്രി മറുപടി നല്‍കി. പോക്‌സോ നിയമം അനുസരിച്ചാണ്‌ അറസ്‌റ്റെന്നും ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ അറിയാതെയാണ്‌ അറസ്‌റ്റു നടന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അറസ്‌റ്റ്‌ നിയമപരമാണോ എന്ന്‌ വിശദീകരണം ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷനോട്‌ തേടിയിട്ടുണ്ട്‌. നിയമോപദേശം ലഭിക്കുംവരെ ഒന്നും ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെയാണ്‌ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയതും സഭ ബഹിഷ്‌കരിച്ചതും.