Breaking News

Trending right now:
Description
 
Jun 05, 2018

ഇരുനില ബസിലേറി ഷാര്‍ജയുടെ പൈതൃകകാഴ്‌ചകള്‍ കാണാം; സഞ്ചാരികളുടെ മനംകവര്‍ന്ന്‌ സിറ്റി സൈറ്റ്‌ സീയിങ്‌

image ഇന്നലകളിലേക്കു വെളിച്ചംവീശുന്ന ചരിത്ര കാഴ്‌ചകള്‍ക്ക്‌ പ്രശസ്‌തമാണ്‌ ഷാര്‍ജ. കുടിയേറ്റത്തിന്റെയും പ്രവാസത്തിന്റെയും കഥപറയുന്ന ഷാര്‍ജയിലെ തീരങ്ങളും പുരാതന പട്ടണങ്ങളുമെല്ലാം ഇവിടെയെത്തുന്ന ഏതൊരു സഞ്ചാരിയുടെയും മനംകവരും. ഷാര്‍ജ നഗരത്തിനു ചുറ്റുമുള്ള ഇത്തരം കാഴ്‌ചകള്‍ ഒരൊറ്റ യാത്രയില്‍ കാണാന്‍ അവസരമൊരുക്കുകയാണ്‌ സിറ്റി സൈറ്റ്‌ സീയിങ്‌. ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റിയും ലോക പ്രശസ്‌ത ബ്രാന്‍ഡായ സിറ്റി സൈറ്റ്‌ സീയിങ്‌ വേള്‍ഡ്‌ വൈഡും ചേര്‍ന്നാണ്‌ ഈ നഗരസഞ്ചാരം ഒരുക്കുന്നത്‌. ചരിത്ര കാഴ്‌ചകളിലേക്ക്‌ സഞ്ചാരിയെ കൈപിടിച്ചു നടത്തുന്ന ഷാര്‍ജയിലെ പ്രശസ്‌തമായ 12 കേന്ദ്രങ്ങള്‍ കോര്‍ത്തൊരുക്കിയാണ്‌ സിറ്റി സൈറ്റ്‌ സീയിങ്ങിലെ പുതിയ കള്‍ച്ചറല്‍ റൂട്ട്‌ ഒരുക്കിയിരിക്കുന്നത്‌. രണ്ടുനില ബസില്‍ നഗരപ്രദക്ഷിണം നടത്തുമ്പോള്‍ കാഴ്‌ചകളോടൊപ്പം ജര്‍മ്മന്‍, ഉറുദു, റഷ്യന്‍ അറബിക്‌, ചൈനീസ്‌ തുടങ്ങിയ ഭാഷകളിലെ വിവരണങ്ങളും കേള്‍ക്കാം.

പച്ച, നീല, ചുവപ്പ്‌ എന്നിങ്ങനെ മൂന്നു റൂട്ടുകളാണ്‌ സിറ്റി സൈറ്റ്‌ സീയിങിന്റെ ഭാഗമായുള്ളത്‌. ഒരുമണിക്കൂര്‍ 20 മിനിട്ട്‌ ദൈര്‍ഘ്യമുള്ള പച്ചലൈന്‍ യാത്ര കള്‍ച്ചറല്‍ ടൂര്‍ എന്നും അറിയപ്പെടുന്നു. വാസ്‌തുവിദ്യയുടെ വേറിട്ട അടയാളമായ ഷാര്‍ജ സെന്‍ട്രല്‍ സൂഖില്‍ നിന്നാരംഭിക്കുന്ന ഈ യാത്ര ഷാര്‍ജയുടെ പൈതൃകകാഴ്‌ചകളിലേക്കുള്ള തിരിഞ്ഞു നടത്തമാണ്‌. ഹാര്‍ട്ട്‌ ഓഫ്‌ ഷാര്‍ജ, ഷാര്‍ജ മ്യൂസിയം ഓഫ്‌ ഇസ്ലാമിക്‌ സിവിലൈസേഷന്‍, സാംസ്‌കാരിക ചത്വരം തുടങ്ങി 12 ഇടങ്ങള്‍ ഈയാത്രയില്‍ കാണാം. ഇസ്ലാമിക വാസ്‌തുവിദ്യയുടെ അപൂര്‍വ പകര്‍പ്പുകളും 19-ാം നൂറ്റാണ്ടില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ തമ്പടിച്ചിരുന്ന ഖാലിദ്‌ പോര്‍ട്ടുമെല്ലാം കാഴ്‌ചകളുടെ ഭാഗമാണ്‌. നഗരത്തിലെ വിനോദകേന്ദ്രങ്ങളും ആഘോഷ ചിത്രങ്ങളും ചേര്‍ത്താണ്‌ ബ്ലൂ ലൈനിലെ ലെഷര്‍ ടൂര്‍ ഒരുക്കിയിട്ടുള്ളത്‌. ഒന്നരമണിക്കൂറാണ്‌ യാത്ര. ഖാലിദ്‌ ലഗൂണ്‍, അല്‍ മജാസ്‌ പാര്‍ക്ക്‌, ഫ്‌ളാഗ്‌ ഐലന്‍ഡ്‌, അല്‍ ഖാന്‍ ബീച്ച്‌, ഷാര്‍ജ അക്വാറിയം തുടങ്ങിയ കേന്ദ്രങ്ങള്‍ കാണാന്‍ അവസരമുണ്ട്‌. കടല്‍കാഴ്‌ചകളുടെ വേറിട്ട അനുഭവമാണ്‌ അക്വാറിയത്തില്‍ സഞ്ചാരികളെ കാത്തിരിക്കന്നത്‌. 150ലേറെ ഇനം മത്സ്യങ്ങളെയും മറ്റു അപൂര്‍വ കടല്‍ ജീവികളെയും അടുത്തുകാണാം. ഷോപ്പിങിനും രുചിപരീക്ഷണങ്ങള്‍ക്കും പ്രശസ്‌തമായ അല്‍ വഹ്‌ദ സ്‌ട്രീറ്റ്‌, സഹാറ സെന്റര്‍, അല്‍ ഖസ്‌ബ തുടങ്ങിയ ഇടങ്ങളും ഈ ബസിന്റെ സ്റ്റോപ്പുകളിലുണ്ട്‌. പ്രഭാപൂരിതമായ നഗരക്കാഴ്‌ചകളിലൂടെ രാത്രിയുടെ തണുത്ത കാറ്റുമേറ്റ്‌ സഞ്ചരിക്കാവുന്ന അരമണിക്കൂറാണ്‌ ചുവപ്പ്‌ ലൈനിലെ നൈറ്റ്‌ ടൂര്‍.നഗരത്തിന്റെ പലഭാഗങ്ങളിലുള്ള 10 സ്റ്റോപ്പുകളാണ്‌ ഈ റൂട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌.

റമദാനില്‍ പകല്‍ സമയങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം മൂന്നുവരെയാണ്‌ ഇരുനില ബസില്‍ നഗരപ്രദക്ഷിണം നടത്താനുള്ള അവസരം. ഇഫ്‌താറിനുശേഷം രാത്രി എട്ടു മുതല്‍ 11വരെ നൈറ്റ്‌ ടൂര്‍ പ്രവര്‍ത്തിക്കുന്നു. അല്‍ ഖസ്‌ബ, സെന്‍ട്രല്‍ സൂക്ക്‌ എന്നിവിടങ്ങളില്‍നിന്നു സര്‍വീസുണ്ട്‌.