Breaking News

Trending right now:
Description
 
Jun 05, 2018

കുട്ടികളുമായുള്ള ഘോഷയാത്ര: നിയന്ത്രണമല്ല നിരോധനമാണ്‌ വേണ്ടതെന്നു ടിആര്‍എ

image ആലപ്പുഴ: കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകള്‍ക്കു കര്‍ശന നിയന്ത്രണമല്ല, നിരോധനം തന്നെയാണ്‌ വേണ്ടതെന്നു തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടി.ആര്‍.എ). കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പടെ ബാലാവകാശങ്ങളെ ലംഘിച്ചു ഘോഷയാത്ര പാടില്ലെന്നാണ്‌ ബാലാവകാശ സംരക്ഷണ നിയമ പ്രകാരം ഇപ്പോള്‍ കര്‍ശന നിര്‍ദേശം നല്‌കിയിട്ടുള്ളത്‌. യുവജനോത്സവങ്ങളിലും വള്ളം കളികളിലും വിദ്യാര്‍ഥികളെ റോഡിലിറക്കി വിളംബര, സാംസ്‌കാരിക ഘോഷയാത്രകളും മറ്റും നടത്തുന്നത്‌ അവസാനിപ്പിക്കണമെന്നു ടി.ആര്‍.എ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരുകയാണ്‌. എന്നാല്‍ ഇത്തരം ഘോഷയാത്രകളുടെ നടത്തിപ്പിന്റെ മേല്‍നോട്ടം ജില്ലാ കലക്ടറും ജില്ലാ പൊലീസ്‌ മേധാവിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കായതിനാല്‍ നടപടിയെടുത്തിരുന്നില്ല. തുടര്‍ന്നു കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ശ്രദ്ധയില്‍ 2017 ഓഗസ്‌റ്റ്‌ രണ്ടിനു വിഷയം എത്തിച്ചു.

സ്വകാര്യ സംഘാടകരുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഘോഷയാത്രകളില്‍ എതു ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ്‌ നിര്‍ബന്ധിതമായി വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു പരിപാടി സംഘടിപ്പിക്കുന്നതെന്നു അറിഞ്ഞുകൂടാ. ബാന്‍ഡ്‌ മേളവും പ്രച്ഛന്നവേഷവും മറ്റും ഇങ്ങനെ വിദ്യാര്‍ഥികളെ ഉപയോഗിച്ചു ഒരുക്കാറുണ്ട്‌. ആള്‍ക്കുട്ടത്തിനിടയിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍ കുട്ടികള്‍ സഹിക്കുകയേ നിവൃത്തിയുള്ളു. തിരക്കുകൂട്ടി നില്‌ക്കുന്ന ജനങ്ങള്‍ക്കിടയില്‍ കുട്ടികള്‍ക്കു സുരക്ഷ ഏര്‍പ്പെടുത്തുന്നതു ദുഷ്‌ക്കരമാണ്‌. വന്‍ തോതില്‍ ഗതാഗതക്കുരുക്കുണ്ടാക്കുമെന്നതാണ്‌ അതിരൂക്ഷമായ മറ്റൊരു പ്രശ്‌നം. ഘോഷയാത്ര കഴിഞ്ഞാലും മണിക്കൂറുകളോളം വാഹനങ്ങള്‍ റോഡില്‍ കിടക്കുമെന്നതിനാല്‍ ദുരിതം തുടരും. പൊതുനിരത്തിലൂടെയുള്ള കുട്ടികളുടെ ഘോഷയാത്ര സാധാരണക്കാരന്റെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്നതാകരുതെന്നു നിര്‍ദേശത്തില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്‌.

ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതിനാലാണ്‌ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ നിര്‍ബന്ധപൂര്‍വം അയക്കുന്നതെന്നു മിക്ക വിദ്യാലയ അധികൃതരും രഹസ്യമായി സമ്മതിക്കാറുണ്ട്‌. വിദ്യാലയങ്ങള്‍ക്ക്‌ അവധി പ്രഖ്യാപിച്ചാണ്‌ ഘോഷയാത്രകള്‍ക്കു കുട്ടികളെ എത്തിക്കുന്നത്‌. മഴയത്തോ അഥവാ വെയിലത്തോ വിദ്യാര്‍ഥികളെ ക്ലേശത്തിലാക്കി നടത്തുന്ന മണിക്കൂറുകള്‍ നീളുന്ന ഘോഷയാത്രവേളകളില്‍ അനേകം കുട്ടികള്‍ ക്ഷീണിച്ചു മോഹാലസ്യപ്പെട്ടു വീഴാറുണ്ട്‌. മിക്കവര്‍ക്കും അടുത്ത ദിവസങ്ങളില്‍ പനിയും ജലദോഷവും മറ്റ്‌ അസുഖങ്ങളും പിടിപെടും. ഇങ്ങനെയുള്ള അവസരങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ അതിവേഗമാണ്‌ പടര്‍ന്നു പിടിക്കുന്നത്‌. പരസ്യത്തിന്റെയും പ്രചാരണത്തിന്റെയും ഭാഗമായി വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലൂടെ ഉപയോഗിക്കുന്നതില്‍ അനേക വര്‍ഷങ്ങളായി മാതാപിതാക്കളില്‍ നിന്നും എതിര്‍പ്പുണ്ട്‌.