Breaking News

Trending right now:
Description
 
Jun 04, 2018

നിപ്പ വൈറസ്‌ : മാസ്‌കും ഗ്ലൗസും ധരിച്ച്‌ കുറ്റിയാടി എംഎല്‍എ നിയമസഭയില്‍

image കോഴിക്കോട്‌ മലപ്പുറം ജില്ലകളില്‍ നിപ്പ വൈറസ്‌ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വേറിട്ട പ്രതിഷേധവുമായി കുറ്റിയാടി എംഎല്‍എ പാറയ്‌ക്കല്‍ അബ്ദുള്ള ഇന്ന്‌ നിയമസഭയിലെത്തി. മാസ്‌കും ഗ്ലൗസും ധരിച്ച്‌ നിയമസഭയിലെത്തിയ എംഎല്‍എയുടെ നടപടി വിവാദമായി. എംഎല്‍എയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും രൂക്ഷവിമര്‍ശനം നടത്തി. എന്തിനാണ്‌ ഇങ്ങനെ എത്തിയതെന്നു എംഎല്‍എയോട്‌ സ്‌പീക്കര്‍ ചോദിച്ചതോടെ തര്‍ക്കം തുടങ്ങി. നിപ്പയ്‌ക്കെതിരെ സര്‍ക്കാര്‍ ഗൗരവമായിതന്നെ നടപടികള്‍ എടുത്തുകൊണ്ടിരിക്കുമ്പോള്‍ അബ്ദുള്ളയുടെ ഈ നടപടി അപഹാസ്യമാണെന്ന്‌ ആരോഗ്യമന്ത്രി തുറന്നടിക്കുകയും ചെയ്‌തു. ഭരണപക്ഷ എംഎല്‍എമാരും ഇതു പിന്തുണച്ചു. സര്‍ക്കാരും സമൂഹവും ഗൗരവത്തോടെ കാണുന്ന വിഷയത്തെ എംഎല്‍എ പരിഹാസത്തിന്റെ രീതിയിലാണ്‌ കണ്ടതെന്നും ഇത്‌ സര്‍ക്കാരിനെ പരിഹസിക്കുന്ന നടപടിയാണെന്നും മുഖ്യമന്ത്രിയും സഭയില്‍ പറഞ്ഞു.

നിപ്പയോടുള്ള പ്രതീകാത്മകമായിട്ടാണ്‌ ഇങ്ങനെ എത്തിയതെന്നാണ്‌ അബ്ദുള്ള പറഞ്ഞത്‌. തങ്ങളുടെ നാട്ടിലെ ജനങ്ങള്‍ ഇപ്പോള്‍ ഇങ്ങനെയാണ്‌ നടക്കുന്നതെന്നും അതുകൊണ്ടാണ്‌ മാസ്‌കും ഗ്ലൗസും ധരിച്ച്‌ സഭയിലെത്തിയതെന്നും അബ്ദുള്ള വ്യക്തമാക്കി. കോഴിക്കോട്‌ മുഴുവന്‍ പേടിച്ചിരിക്കുകയാണെന്നും ജനങ്ങളുടെ ആശങ്ക സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ്‌ അബ്‌ദുള്ള എംഎല്‍എ ഇത്തരത്തില്‍ എത്തിയതെന്നും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ന്യായികരിച്ചു. ഇതിനെ അനുകൂലിച്ച്‌ പ്രതിപക്ഷ എംഎല്‍എമാരും രംഗത്തുവന്നതോടെ സഭയില്‍ ബഹളം ഉയര്‍ന്നു. കെവിന്റെ ദുരഭിമാന കൊല ആഭ്യന്തരവകുപ്പിന്റെ വീഴ്‌ചയായി ഉയര്‍ത്തി കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കി.