Breaking News

Trending right now:
Description
 
Feb 07, 2013

കൊച്ചിയിലെ അല്‍റാസി ഇന്റര്‍നാഷണല്‍ ഏജന്‍സിയ്‌ക്കെതിരെ തട്ടിപ്പിനിരയായ നഴ്‌സുമാര്‍ പരാതി നല്‌കി

image
ജോലിയും പണവും നഷ്ടപ്പെട്ട നഴ്‌സുമാര്‍ ഗത്യന്തരമില്ലാതെ കൊച്ചി പനമ്പള്ളി നഗറിലെ അല്‍ റാസി ഇന്റര്‍ നാഷണല്‍ ഏജന്‍സിയ്‌ക്കെതിരെ വിദേശകാര്യമന്ത്രാലയത്തിനും പോലീസിനും പരാതി നല്‌കി. ഇരുപത്തിയാറ്‌ നഴ്‌സുമാരുടെ പണം തട്ടിയെടുത്ത ഏജന്‍സി വീണ്ടും ഇതേ മാതൃകയില്‍ വ്യാജ റിക്രൂട്ട്‌മെന്റ്‌ നടത്തി തട്ടിപ്പ്‌ നടത്തുന്നുവെന്ന്‌ ഗ്ലോബല്‍ മലയാളത്തിന്റെ അന്വേഷണത്തിലും വ്യക്തമായി. കഴിഞ്ഞ ദിവസവും ഏജന്‍സി പത്തോളം പേരെയാണ്‌ വിസിറ്റിംഗ്‌ വിസയില്‍ ജോലി വാഗ്‌ദാനം നല്‌കി ഖത്തര്‍ ഉള്‍പ്പെടെയുള്ള വിവിധ ഗള്‍ഫ്‌ രാജ്യങ്ങളില്‍ എത്തിച്ചിരിക്കുന്നത്‌.

ഈ ഏജന്‍സിയുടെ തൊഴില്‍ തട്ടിപ്പ്‌ ഗ്ലോബല്‍ മലയാളം പുറത്ത്‌ കൊണ്ടുവന്നതിനെ തുടര്‍ന്ന്‌ നഴ്‌സിംഗ്‌ സംഘടനയായ യുഎന്‍എ ഈ വിഷയത്തില്‍ ഇടപ്പെടുകയും തട്ടിപ്പിനിരയായി വിസിറ്റിംഗ്‌ വിസയില്‍ ഖത്തറില്‍ എത്തി ജോലി ലഭിക്കാതെ മടങ്ങി വന്ന നഴ്‌സുമാര്‍ക്ക്‌ പണം വാങ്ങി കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നു. പണത്തിനു പകരം ചെക്ക്‌ നല്‌കിയ ഏജന്‍സി ഇപ്പോള്‍ പല ഒഴിവുകഴിവ്‌ പറഞ്ഞ്‌ പണം നല്‌കുന്നതില്‍ നിന്ന്‌ ഒഴിഞ്ഞുമാറുന്നതായി തട്ടിപ്പിനിരയായ സിജോ, യോഗീദാസ്‌, അനീഷ്‌, എബി എന്നിവര്‍ ഗ്ലോബല്‍ മലയാളത്തോട്‌ വ്യക്തമാക്കി. 

2012 ഏപ്രില്‍ 12-ന്‌ പ്രമുഖ മലയാള പത്രത്തില്‍ വന്ന പരസ്യത്തെ തുടര്‍ന്നാണ്‌ ഖത്തറിലേയ്‌ക്ക്‌ ജോലി ചെയ്യാനുള്ള നഴ്‌സിംഗ്‌ എക്‌സാം പാസായ പുരുഷ നഴ്‌സുമാര്‍ ഏജന്‍സിയെ സമീപിച്ചത്‌.

അംഗീകാരമുള്ള ഏജന്‍സിയുടെ വാക്കു വിശ്വസിച്ച്‌ ഇവര്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന്‌ മനസിലാക്കുവാന്‍ വൈകി പോയി. ഇന്ത്യക്കാര്‍ക്ക്‌ ഇപ്പോള്‍ വിസാ നല്‌കുന്നില്ലെന്നും വിസിറ്റിംഗ്‌ വിസയില്‍ ചെന്ന്‌ ജോലിയില്‍ പ്രവേശിക്കാമെന്ന്‌ ഏജന്‍സി പരാതിക്കാരെ പറഞ്ഞ്‌ വിശ്വസിപ്പിക്കുകയായിരുന്നു. 

എന്നാല്‍ ഒരുമാസത്തെ വിസിറ്റിംഗ്‌ വിസയില്‍ ഖത്തറില്‍ എത്തിയ മലയാളി നഴ്‌സുമാരുടെ ദുരവസ്ഥ ഗ്ലോബല്‍ മലയാളം വഴി പുറത്തു കൊണ്ടുവന്നത്‌ സൗഫല്‍ പുളിങ്ങമായിരുന്നു. കൊച്ചി പനമ്പള്ളി നഗറിലെ അല്‍ റാസി ഇന്റര്‍നാഷണല്‍ ഏജന്‍സി വഴി ഖത്തറില്‍ വിസിറ്റിംഗ്‌ വിസയില്‍ ജോലിയ്‌ക്കായി ശ്രമിച്ച 26 മെയ്‌ല്‍ നഴ്‌സുമാരാണ്‌ തട്ടിപ്പിനിരയായത്‌. ഏജന്‍സിയുടെ കേരളത്തിലെ നടത്തിപ്പുകാരനായ ജമാലുദ്ദിന്റെ സഹോദരി ഖത്തറിലുള്ള സീനത്തിന്റെ പേരിലാണ്‌ ഏജന്‍സിയുടെ ലൈസന്‍സ്‌. 

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള നഴ്‌സുമാര്‍ 1,75,000 രൂപ രേഖകളില്ലാതെ ഏജന്‍സിയെ വിശ്വസിപ്പിച്ച്‌ ഏല്‌പ്പിച്ച്‌ ഖത്തറില്‍ വിസിറ്റിങ്ങ്‌ വിസയില്‍ എത്തി ജോലി കിട്ടാതെ ഖുബ്ബൂസും പരിപ്പുകറിയും കഴിച്ച്‌ മൂന്നുമാസം ഒരിടുങ്ങിയ മുറിയില്‍ കഴിയേണ്ടി വന്നത്‌. ഗ്ലോബല്‍ മലയാളം ഇവരുടെ ദുരവസ്ഥ പുറത്ത്‌ കൊണ്ടുവന്നതിനെ തുടര്‍ന്ന്‌ ഏജന്‍സി പേരു പ്രസിദ്ധീകരിക്കരുതെന്നും പതിനഞ്ച്‌ ദിവസത്തിനകം എല്ലാവര്‍ക്കും തൊഴില്‍ ശരിയാക്കി നല്‌കാമെന്നും ഞങ്ങളുടെ ഖത്തര്‍ ലേഖകന്‌ ഉറപ്പു നല്‌കിയിരുന്നു. എന്നാല്‍ ഉറപ്പുകള്‍ എല്ലാം പാഴായി. വീസ കാലാവധി കഴിഞ്ഞ നാലു പേര്‍ക്ക്‌ നാട്ടിലേയ്‌ക്ക്‌ മടങ്ങേണ്ടി വന്നു. വിസ കാലാവധി കഴിഞ്ഞ തട്ടിപ്പിനിരയായ ആദ്യ ബാച്ച്‌ മടങ്ങിയെത്തി കഴിഞ്ഞു. അതേസമയം പുതിയ ബാച്ച്‌ ഖത്തറില്‍ എത്തിയിരിക്കുന്നത്‌. 

ജോലി ലഭിക്കാതെ മടങ്ങിയെത്തിയവര്‍ കടമെടുത്ത പണത്തിന്റെ മുതലും പലിശയും എങ്ങനെ വീട്ടണമെന്ന്‌ അറിയാതെ ഭീതിയും നാണക്കേടുമായി കഴിയുകയാണ്‌. പലര്‍ക്കും ജോലിയില്‍ ബ്രെയ്‌ക്കും വന്നു കഴിഞ്ഞു. 

ഇതിന്റെ വാസ്‌തവമറിയാന്‍ ഞങ്ങളുടെ ലേഖകന്‍ വിളിച്ചപ്പോള്‍ കമാലുദ്ദിന്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌. "കബളിപ്പിക്കല്‍ നടന്നിരുന്നുവെങ്കില്‍ അവര്‍ക്ക്‌ പരാതി നല്‌കുമായിരുന്നില്ലേ, അവര്‍ യാതൊരു പരാതിയും നല്‌കിയിട്ടില്ല. ഇതൊരു നുണക്കഥയാണ്‌, സത്യം പിന്നീട്‌ പറയാം" 

വിസിറ്റിംഗ്‌ വിസ കാലാവധി കഴിയുമ്പോള്‍ ഖത്തറിലുള്ള നഴ്‌സുമാരുടെ മാതാപിതാക്കളെ വിളിച്ച്‌ നഴ്‌സുമാരെ എത്രയും പെട്ടെന്ന്‌ മടങ്ങി വരാന്‍ പ്രേരിപ്പിക്കണമെന്നും അല്ലെങ്കില്‍ അവര്‍ കരിമ്പട്ടികയില്‍പെടുമെന്നും പോലീസ്‌ പിടിച്ചാല്‍ പിന്നെ ഒരിക്കലും ഖത്തറില്‍ എത്താന്‍ പറ്റില്ലായെന്നുമാണ്‌ ഏജന്‍സി പറയുന്നത്‌. അതോടെ നഴ്‌സുമാര്‍ പ്രതിക്ഷയോടെ മടങ്ങും. പണം പോയത്‌ പോട്ടെയെന്ന്‌ കരുതി പലരും നിശബ്ദരാകുകയായിരുന്നു.

ഇവര്‍ ഇവിടെ നിന്ന്‌ ഖത്തറിലേയ്‌ക്ക്‌ കയറി പോകുമ്പോള്‍ ഏജന്‍സി പറഞ്ഞിരുന്നത്‌ ഹിറ്റാച്ചി കമ്പനിയില്‍ ജോലി ശരിയായെന്നും അവിടെ ചെന്നാലുടന്‍ കണ്‍ഫര്‍മേഷന്‍ ലെറ്റര്‍ നല്‌കാമെന്നുമായിരുന്നു. ഖത്തറില്‍ എത്തി മൂന്നാഴ്‌ച കഴിഞ്ഞിട്ടും ആര്‍ക്ക്‌ ജോലി ശരിയാക്കി തരുവാന്‍ ഏജന്‍സിയ്‌ക്ക്‌ കഴിഞ്ഞില്ല. ഖത്തറിലെ ഏജന്റായ സീനത്തിനോട്‌ ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ അവര്‍ ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞ്‌ മാറി. അവസാനം വാര്‍ത്ത വന്നതിനെ തുടര്‍ന്ന്‌ "ഗുള്‍ഫ്‌ റിസോഴ്‌സ്‌ മാന്‍പവ്വര്‍ എന്ന കണ്‍സള്‍ട്ടിംങ്‌ കമ്പനി"യില്‍ ഇവരുടെ പേര്‌ രജിസ്റ്റര്‍ ചെയ്‌തു. അതില്‍ നാലുപേര്‍ക്ക്‌ അമേരിക്കന്‍ ഫ്രഞ്ച്‌ കത്രി കമ്പനിയില്‍ 4500 റിയാലിന്‌ ജോലി ശരിയാക്കി നല്‌കി. ചെയ്യുന്നത്‌ നഴ്‌സിന്റെ ജോലിയാണെങ്കിലും വിസാ കിട്ടിയതാവട്ടെ ടൈല്‍ വര്‍ക്കിനുള്ള ലേബര്‍വീസയും. ഇവരുടെ പാസ്‌പോര്‍ട്ടില്‍ ഇത്‌ രേഖപ്പെടുത്തുന്നതോടെ പിന്നീട്‌ ഇവര്‍ക്ക്‌ ഒരിക്കലും രജിസ്റ്റേര്‍ഡ്‌ നഴ്‌സായി ജോലി ലഭിക്കില്ലന്നാണ്‌ നഴ്‌സുമാര്‍ പറയുന്നത്‌. ലേബര്‍ വീസയില്‍ ജോലിയ്‌ക്ക്‌ കയറിയവരില്‍ നാലുപേരില്‍ മൂന്നുപേര്‍ ബിഎസ്‌എസി നഴ്‌സുമാരാണ്‌.  വീസ കാലാവധി തീര്‍ന്നതോടെ എല്ലാവരും തന്നെ തിരിച്ചെത്തി കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം മേയില്‍ കേരളത്തിലെ പ്രമുഖ ദിനപത്രത്തില്‍ ഖത്തറിലേയ്‌ക്ക്‌ നഴ്‌സുമാരെ ആവശ്യമുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്നാണ്‌ ഇവര്‍ ഏജന്‍സിയെ സമീപിച്ച്‌ പണം നല്‌കിയത്‌. 1,25,000രൂപ നല്‌കണമെന്നാവശ്യപ്പെട്ട ഏജന്‍സി പിന്നീട്‌ 50000 രൂപ കൂടി കൂടുതല്‍ നല്‌കണമെന്ന്‌ ആവിശ്യപ്പെട്ടത്‌ ഇവര്‍ക്ക്‌ ഖത്തറില്‍ ശരിയായിരിക്കുന്ന ജോലിയ്‌ക്ക്‌ 6500 ഖത്തര്‍ റിയാല്‍ ശമ്പളം ഉണ്ടെന്ന്‌ വിശ്വസിപ്പിച്ചായിരുന്നു. 

പിന്നീട്‌ പോകുവാന്‍ വൈകിയതിനെ തുടര്‍ന്ന്‌ ഏജന്‍സി ഇവരോട്‌ വിസിറ്റിംഗ്‌ വീസയില്‍ ഖത്തറില്‍ എത്തുവാന്‍ ആവിശ്യപ്പെട്ടു.ഒക്ടോബര്‍ ആറാം തീയതി അവര്‍ക്ക്‌ പ്രമുഖ കമ്പനിയില്‍ ജോലി ശരിയായിട്ടുണ്ടെന്നും ഓഫര്‍ ലെറ്റര്‍ വന്നിട്ടുണ്ടെന്നുമാണ്‌ ഏജന്‍സി അവകാശപ്പെട്ടിരുന്നത്‌. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമ്പോള്‍ കണ്‍ഫര്‍മേഷന്‍ ലെറ്റര്‍ കാണിക്കാമെന്നായിരുന്നു ഏജന്‍സി പറഞ്ഞിരുന്നത്‌. പിന്നീട്‌ ഖത്തറില്‍ എത്തുമ്പോള്‍ എന്നായി. അങ്ങനെ ഇല്ലാത്ത ജോലിയ്‌ക്കായി പ്രതീക്ഷയോടെ കാത്തിരുന്നത്‌ മൂന്നുമാസം. 

എല്ലാവര്‍ക്കും തൊഴില്‍ കണ്ടെത്തി കൊടുക്കാമെന്നാണ്‌ ഗള്‍ഫിലെ ഏജന്റായ സീനത്ത്‌ അവകാശപ്പെട്ടിരുന്നത്‌. ഇവരില്‍ ഒരാള്‍ ഖത്തറിലെ ഒരു പരിചയക്കാരന്‍ വഴി സ്വന്തം നിലയ്‌ക്ക്‌ ജോലി കണ്ടെത്തിയിരുന്നു. ഇയാള്‍ക്കുള്ള എന്‍ഒസി നല്‌കണമെങ്കില്‍ ഏജന്‍സിയ്‌ക്ക്‌ നല്‌കിയ പണം ഉപേക്ഷിക്കുകയും ജോലി നല്‌കുന്ന കമ്പനിയുടെ കണ്‍ഫര്‍മേഷന്‍ ലെറ്ററിന്റെ കോപ്പി നല്‌കണമെന്നുമാണ്‌ ഏജന്‍സിയുടെ വാദം.

ഇവര്‍ ഏജന്‍സിയില്‍ പണം നല്‌കുന്നതിന്‌ മുമ്പ്‌ ഏജന്‍സി ഇതിനു മുമ്പ്‌ ജോലി നല്‌കിയവരുടെ രേഖകള്‍ കാണിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. ഏജന്‍സി ഇവരെ കാണിച്ച കണ്‍ഫര്‍മേഷന്‍ ലെറ്ററിന്റെ കഥ ഇവര്‍ തിരിച്ചറിഞ്ഞത്‌ തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന്‌ മനസിലായതിനു ശേഷമാണ്‌. ഇവരെ പോലെ ആറു പേര്‍ വിസിറ്റിംഗ്‌ വീസയില്‍ ഖത്തറില്‍ എത്തി. തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന്‌ മനസിലായ അവര്‍ സ്വന്തം നിലയ്‌ക്ക്‌ ജോലി തേടി പിടിച്ചു. അവര്‍ കണ്ടെത്തിയ ജോലിയുടെ ക്രെഡിറ്റാണ്‌ ഇപ്പോള്‍ ഏജന്‍സി സ്വന്തം പേരിലാക്കി അനേകം നഴ്‌സുമാരെ കാണിച്ച്‌ വഞ്ചിക്കുന്നത്‌. വിസിറ്റിങ്ങിന്‍ വീസയില്‍ അറബി നാട്ടിലേയ്‌ക്ക്‌ കൊതിക്കാന്‍ കാത്തിരിക്കുന്നവരോട്‌ തട്ടിപ്പിന്റെ കഥ പറഞ്ഞാല്‍ അവര്‍ പറയുന്നവരെ പുച്ഛിക്കും. കാരണം ആരും നഴ്‌സിഗ്‌ പഠിച്ചത്‌ ഫ്‌ളോറന്‍സ്‌ നൈറ്റിംഗ്‌ഗേളാകാനല്ല. 

തട്ടിപ്പിനിരയായ നഴ്‌സുമാരുടെ പണം തിരികെ കിട്ടിയില്ലെങ്കില്‍ ഏജന്‍സിയുടെ മുന്നില്‍ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ യുണൈറ്റ്‌ഡ്‌ നഴ്‌സ്സ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു. പ്രമുഖ വ്യവസായി ആയ പത്മശ്രീ സി.കെ മേനോന്‍ ഈ വിഷയത്തില്‍ എല്ലാവിധ പിന്തുണയും നഴ്‌സുമാര്‍ക്ക്‌ അറിയിച്ചിട്ടുണ്ട്‌.