Breaking News

Trending right now:
Description
 
Jun 02, 2018

നിപ്പ വൈറസ്‌ രണ്ടാംഘട്ടം? ചികിത്സയിലായിരുന്ന യുവതി മരിച്ചു

image നിപ്പ വൈറസിന്റെ രണ്ടാംഘട്ടവും പിടിമുറുക്കുന്നുവെന്ന ആശങ്ക വിതച്ച്‌ ഒരു മരണംകൂടി. നിപ്പ രോഗലക്ഷണങ്ങളോടെ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തലശേരി സ്വദേശി റോജയാണ്‌ (39) മരിച്ചത്‌. ശനിയാഴ്‌ച പുലര്‍ച്ചെയായിരുന്നു മരണം. നിപ്പ വൈറസിന്റെ രണ്ടാം ഘട്ടം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഭീതിവേണ്ടെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പു വന്നതിനു പിന്നാലെയാണ്‌ റോജയുടെ മരണം. നിപ്പ വൈറസ്‌ ബാധയെ തുടര്‍ന്ന്‌ കോഴിക്കോട്‌ വെള്ളിയാഴ്‌ച മൂന്നുപേര്‍കൂടി മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ ഇന്നത്തെ മരണം. പുതിയ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നു നിര്‍ദേശമുണ്ട്‌. നിപ്പ വൈറസ്‌ ബാധയുടെ രണ്ടാംവരവെന്ന സംശയത്തെ തുടര്‍ന്ന്‌ 1949 പേര്‍ നിരീക്ഷണത്തിലാണ്‌. രോഗബാധിതരുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടായതായി സംശയിക്കുന്നവരാണിവര്‍. വൈറസ്‌ ബാധ പൂര്‍ണ നിയന്ത്രണത്തിലാകും വരെ കോഴിക്കോട്‌, മലപ്പുറം ജില്ലകളില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നു ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. നിപ്പവൈറസ്‌ സ്ഥിരീകരിച്ച 16 പേര്‍ നേരത്തെ മരിച്ചിരുന്നു. നിപ്പയെ നേരിടാന്‍ ജപ്പാനില്‍നിന്നു പുതിയ മരുന്ന്‌ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്‌ ആരോഗ്യവകുപ്പ്‌.