Breaking News

Trending right now:
Description
 
Feb 07, 2013

ഒ.ഐ.സി.സി ലണ്ടന്‍ റീജണല്‍ കമ്മറ്റി നിലവില്‍ വന്നു

image ഒ.ഐ.സി.സി യു.കെ ലണ്ടന്‍ റീജണല്‍ കമ്മറ്റി ഭാരവാഹികളെ ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് വലിയപറമ്പില്‍ പ്രഖ്യാപിച്ചതായി ജനറല്‍ സെക്രട്ടറിമാരായ എബി സെബാസ്റ്റ്യന്‍, ഗിരി മാധവന്‍ എന്നിവര്‍ അറിയിച്ചു. റീജണല്‍ പ്രസിഡന്റ്‌ ടോണി ചെറിയാനും ലണ്ടന്‍ റീജണില്‍ നിന്നുള്ള നാഷണല്‍ ഭാരവാഹികളായ ഗിരി മാധവന്‍, തോമസ് പുളിക്കല്‍, നിഹാസ് റാവുത്തര്‍, ജെയ്സണ്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് മുന്‍പ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന കൗണ്‍സില്‍ കമ്മറ്റി ഭാരവാഹികളോട് ആലോചിച്ച ശേഷമാണ് റീജണല്‍ കമ്മറ്റി ഭാരവാഹികളുടെ ലിസ്റ്റ് നാഷണല്‍ പ്രസിഡന്റിന് നല്‍കിയത്.

ഒ.ഐ.സി.സിയു.കെയുടെ 12 റീജണുകളിലും കമ്മറ്റികള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന എട്ടാമത് കമ്മറ്റിയാണ് ലണ്ടന്‍ റീജണല്‍. ഉടന്‍ തന്നെ യു.കെയിലെ മറ്റ് റീജണുകളിലും കമ്മറ്റികള്‍ ഉണ്ടാവുമെന്ന് ജനറല്‍ സെക്രട്ടറിമാര്‍ അറിയിച്ചു. പ്രസിഡന്റ് ടോണി ചെറിയാനൊപ്പം രണ്ട് ജനറല്‍ സെക്രട്ടറിമാരും ട്രഷററും രണ്ട് വൈസ് പ്രസിഡന്റുമാരും അഞ്ച് സെക്രട്ടറിമാരുമടങ്ങുന്ന 11 അംഗ കമ്മറ്റിയാണ് റീജണില്‍ നിലവില്‍ വന്നിട്ടുള്ളത്. 

റീജണിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രാതിനിധ്യം കമ്മറ്റിയില്‍ ഉറപ്പാക്കിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറിമാര്‍ : കുമാര്‍ സുരേന്ദ്രന്‍ (ക്രോയിഡോണ്‍ ), തോമസ് കാക്കശ്ശേരി (ബാര്‍ക്കിങ്) ട്രഷറര്‍ : മുരളീധരന്‍ പിള്ളൈ (ന്യൂഹാം) വൈസ് പ്രസിഡന്റുമാര്‍ : ജയിന്‍ ലാല്‍ (ന്യൂഹാം), ഷൈമ്മ അമ്മാള്‍ (ഹണ്‍സ്​ലോ ) സെക്രട്ടറിമാര്‍ : ഫഹദ് റഷീദ് (വാല്‍ത്താംസ്റ്റോ), അബ്രാഹം വാഴൂര്‍ (ഡാഗനം), നജീബ് രാജ (ന്യൂ ഹാം), ജോര്‍ജ് വര്‍ഗീസ് (സാജു മണിമല, എന്‍ഫീല്‍ഡ്), ബിനു ദേവ് (ന്യൂഹാം) 

ബ്രിട്ടണിലെ ആദ്യകാല കുടിയേറ്റ മലയാളി കുടുംബത്തില്‍ നിന്നുള്ള കുമാര്‍ സുരേന്ദ്രന്‍ ലണ്ടനിലെ മലയാളികളുടെ സാമൂഹിക സാംസ്ക്കാരിക കൂട്ടായ്മകളിലും പൊതുരംഗത്തും നാലു പതിറ്റാണ്ടായി നിറഞ്ഞ സാന്നിധ്യമാണ്. വര്‍ക്കല എസ് എന്‍ കോളേജില്‍ പ്രീഡിഗ്രി പഠനകാലത്ത് കെ.എസ്.യു പ്രവര്‍ത്തകനായിരുന്ന കുമാര്‍ ഹാര്‍ട്ട്ഫോഡ് ഷെയര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദം നേടി. നിലവില്‍ ഇദ്ദേഹം ലണ്ടന്‍ ശ്രീനാരായണ ഗുരുമിഷന്‍ എഡ്യുക്കേഷന്‍ സെക്രട്ടറി, ക്രോയിഡോണ്‍ എന്‍ എച്ച് എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം, ക്രോയിഡോണ്‍ വോളണ്ടിയര്‍ ഓര്‍ഗനൈസേഷന്‍ അംഗം, മലയാളികളുടെ സംഘടനയായ കെ.സി.ഡ്ബ്ല്യു.എ ട്രസ്റ്റ് കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 

കാലടി ശ്രീശങ്കര കോളേജിലെ സജീവ കെ.എസ്.യു പ്രവര്‍ത്തകനായിരുന്ന തോമസ് കാക്കശ്ശേരി ഒ.ഐ.സി.സി ന്യൂഹാം കൗണ്‍സില്‍ കമ്മറ്റി ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊല്ലം സ്വദേശിയായ മുരളീധരന്‍ പിള്ള ബ്രിട്ടണിലെ ആദ്യകാല മലയാളി സംഘടനയായ യു.കെ.എം. എയിലും ഒ.ഐ.സി.സി യുടെ ന്യൂഹാം കൗണ്‍സില്‍ കമ്മറ്റിയിലും നേതൃരംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ജെയിന്‍ ലാല്‍ ലണ്ടനില്‍ വര്‍ഷങ്ങളായി പ്രവാസി കോണ്‍ഗ്രസ് നടത്തിയിരുന്ന പരിപാടികളുടെ മുഖ്യ സംഘാടകനാണ്. തിരുവനന്തപുരം തിരുവല്ലം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാലക്കാട് മേഴ്സി കോളേജില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കിയ ഷൈമ അമ്മാള്‍ എറണാകുളം ഗവ ലോ കോളേജിലെ കെ.എസ്.യു യൂണിറ്റ് കമ്മറ്റി അംഗമായിരുന്നു. ബര്‍മ്മിങ്ഹാം യൂണിവേഴ്സിറ്റിയില്‍ നിന്നും എല്‍ എല്‍ എം പഠനത്തിനു ശേഷം ലണ്ടന്‍ ഹാരിംഗേയിലുള്ള പ്രോ വീസ ലോ ഫേമില്‍ സോളിസിറ്ററായി പ്രാക്ടീസ് ചെയ്യുന്നു. 

ഫഹദ് റഷീദ് തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജ് കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ്, തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് യൂണിയന്‍ ആര്‍ട്ട്ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

സൗദി അറേബ്യയിലെ 22 വര്‍ഷത്തെ ജീവിതത്തിനിടയില്‍ പ്രവാസി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ശേഷമാണ് അബ്രാഹം വാഴൂര്‍ ബ്രിട്ടണിലെത്തുന്നത്. ലണ്ടനിലെ ഒ.ഐ.സി.സി യുടെ പരിപാടികളുടെ പ്രധാന സംഘാടകരിലൊരാളാണ്. 

ആലപ്പുഴ മുഹമ്മദന്‍സ് ഹൈസ്ക്കൂള്‍ , ചേര്‍ത്തല എസ്.എന്‍ കോളേജ് എന്നിവിടങ്ങളില്‍ കെ.എസ്.യുവിന്റെ നേതൃരംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട് നജീബ് രാജ. 

റാന്നി സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥി നേതാവായിരുന്ന ജോര്‍ജ് വര്‍ഗീസ് ബ്രിട്ടണിലെ മണിമല സംഗമത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാളാണ്. നോര്‍ത്ത് ലണ്ടന്‍ മലയാളി അസോസിയേഷന്റെ നേതൃരംഗത്തും പ്രവര്‍ത്തിച്ച് വരുന്ന ജോര്‍ജ് മികച്ച കലാകാരന്‍ കൂടിയാണ്.

ഒ.ഐ.സി.സി യു.കെയുടെ ലണ്ടനിലെ നേതൃരംഗത്ത് പ്രവര്‍ത്തിക്കുന്ന ബിനു ദേവ് മലയാള സിനിമാ രംഗത്തും സജീവമാണ്. പ്രമുഖ സംവിധായകന്‍ ശ്യാമപ്രസാദ് ചെയ്യുന്ന ഏറ്റവും പുതിയ പ്രോജക്ടിന്റെ നിര്‍മ്മാതാവ് ബിനുദേവാണ്.