Breaking News

Trending right now:
Description
 
Jun 02, 2018

കെവിന്‍ വധക്കേസ്‌: അഞ്ചുപേര്‍കൂടി അറസ്റ്റില്‍; ഇന്ന്‌ കോട്ടയത്ത്‌ എത്തിക്കും

image കോട്ടയം സ്വദേശി കെവിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍കൂടി പിടിയിലായി. ഇതോടെ പ്രതിപ്പട്ടികയിലുള്ള 14 പേരും അറസ്റ്റിലായി. തമിഴ്‌നാട്‌ പൊള്ളാച്ചിക്കു സമീപം അമ്പ്രാംപാളയത്ത്‌ ഒളിവില്‍ കഴിഞ്ഞിരുന്ന പുനലൂര്‍ ഇടമണ്‍ സ്വദേശികളായ ഷാനു, ഷിനു, വിഷ്‌ണു എന്നീ പ്രതികള്‍ വെള്ളിയാഴ്‌ച രാത്രി പത്തരയോടെ പാലക്കാട്ടെ പുതുനഗരം പൊലീസ്‌ സ്റ്റേഷനില്‍ കീഴടങ്ങി. പ്രവീണിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍പെട്ടവരാണിവര്‍. പുനലൂര്‍ സ്വദേശി റെനീഷ്‌, കാഞ്ഞിരമല സ്വദേശി ഫസല്‍ എന്നിവരെ പുനലൂരില്‍നിന്നു പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്യുകയായിരുന്നു. അഞ്ചുപേരെയും ഇന്നു കോട്ടയത്ത്‌ എത്തിക്കും. തെന്മലയില്‍വച്ചു കെവിന്‍ കാറില്‍നിന്നു ചാടിപ്പോയെന്നാണ്‌ ചോദ്യം ചെയ്യലില്‍ പ്രതികള്‍ ആവര്‍ത്തിക്കുന്നത്‌. കെവിന്റെ പോസ്‌റ്റുമോര്‍ട്ടം അന്തിമ റിപ്പോര്‍ട്ട്‌ ഇന്നു ലഭിച്ചേക്കും. മു്‌ങ്ങിമരണമാണോ കൊലപ്പെടുത്തി പുഴയില്‍ തള്ളിയതാണോ എന്നവിവരം റിപ്പോര്‍ട്ടില്‍ വ്യക്തമാകുമെന്ന നിഗമനത്തിലാണ്‌ അന്വേഷണസംഘം. കൊല്ലം തെന്മല ഒറ്റക്കല്‍ ഷാനുഭവനില്‍ ഷാനു ചാക്കോയാണ്‌ ഒന്നാംപ്രതി. ഷാനുവിന്റെ പിതാവ്‌ ചാക്കോ ജോണ്‍, പുനലൂര്‍ സ്വദേശി മനു മുരളീധരന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള മറ്റുപ്രതികളെ നേരത്തെ അറസ്റ്റു ചെയ്‌തിരുന്നു. വധക്കേസില്‍ അറസ്റ്റിലായവരില്‍നിന്നു കൈക്കൂലി വാങ്ങിയ ഗാന്ധിനഗര്‍ പൊലീസ്‌ സ്റ്റേഷനിലെ എഎസ്‌ഐ ടി.എം.ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവരെയും അന്വേഷണസംഘം അറസ്റ്റു ചെയ്‌തിരുന്നു.