Breaking News

Trending right now:
Description
 
Jun 01, 2018

ചെങ്ങന്നൂരില്‍ സിപിഎം വര്‍ഗീയ കാര്‍ഡിറക്കി: ഏ.കെ.ആന്റണി

image ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‌ വിജയിക്കാനായത്‌ വര്‍ഗീയ കാര്‍ഡിറക്കിയതിനാലാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ഏ.കെ.ആന്റണി വ്യക്തമാക്കി. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വര്‍ഗീയ പ്രചരണമാണ്‌ നടത്തിയത്‌. യുഡിഎഫ്‌ സ്ഥാനാര്‍ഥി ആര്‍എസ്‌എസുകാരനാണെന്നു പ്രചരിപ്പിച്ചത്‌ ന്യൂനപക്ഷവിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നു ഏ.കെ.ആന്റണി ആരോപിച്ചു. കേരളത്തില്‍ മുമ്പില്ലാത്ത രീതിയില്‍ വര്‍ഗീയകളിയാണ്‌ സിപിഎം നടത്തിയത്‌. ദേശീയതലത്തില്‍ മോദിയും അമിത്‌ഷായും കളിക്കുന്ന അതേരീതി സിപിഎം കോപ്പിയടിച്ചതാണിത്‌. സര്‍ക്കാരിന്റെ വാര്‍ഷികത്തിന്റെ പേരില്‍ മുഖ്യമന്ത്രി മതനേതാക്കളുടെ യോഗം വിളിച്ചത്‌ ചെങ്ങന്നൂരിനുവേണ്ടിയാണ്‌. ഭരണത്തിന്റെ നഗ്നമായ ദുരുപയോഗം നടന്നിട്ടും യുഡിഎഫ്‌ സ്ഥാനാര്‍ഥിക്ക്‌ രണ്ടായിരത്തോളം വോട്ട്‌ കൂടി. ബിജെപിക്ക്‌ കഴിഞ്ഞ തവണ കിട്ടിയതില്‍നിന്ന്‌ 7000 വോട്ടുകള്‍ കുറഞ്ഞു. അതു കിട്ടിയത്‌ സിപിഎമ്മിനാണ്‌. തിരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണം യുഡിഎഫും കെപിസിസിയും പരിശോധിച്ച്‌ അതു തിരുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു ആന്റണി വ്യക്തമാക്കി. ചെങ്ങന്നൂരില്‍ പ്രചാരണത്തിനു പോയപ്പോള്‍തന്നെ ചില ആശങ്കകള്‍ ഉണ്ടായിരുന്നതായി ആന്റണി പറഞ്ഞു. പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നിച്ചുനിന്നാല്‍ രാജ്യത്ത്‌ ബിജെപി നിലംതൊടില്ലെന്നതിന്റെ തെളിവാണ്‌ രാജ്യത്തെ മറ്റു ഉപതിരഞ്ഞെടുപ്പുകളിലെ ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.